DCBOOKS
Malayalam News Literature Website

സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു

രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. മുഗാബെയെ പുറത്താക്കാനായി പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടി പുരോഗമിക്കവെയാണ് ചൊവ്വാഴ്ച വൈകിട്ട് മുഗാബെ രാജിവച്ച് ഒഴിഞ്ഞത്. ഇതോടെ 37 വര്‍ഷം നീണ്ടുനിന്ന മുഗാബെഭരണത്തിനാണ് അന്ത്യംകുറിക്കുന്നത്. 1980ല്‍ സ്വാതന്ത്ര്യം കിട്ടിയതോടെയാണ് സ്വാതന്ത്ര്യസമരനായകനായിരുന്ന റോബര്‍ട്ട് മുഗാബെ പ്രസിഡന്റാകുന്നത്.

മുഗാബെ രാജിവച്ച കാര്യം സ്പീക്കര്‍ ജേക്കബ് മുഡേണ്ടോയാണ് പുറത്തുവിട്ടത്. മുഗാബെയുടെ രാജിക്കായി സ്വന്തം പാര്‍ട്ടിയായ സാനുപിഎഫ് (സിംബാബ്‌വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ പിഎഫ്) അടക്കം രംഗത്തുവരികയും ജനം തെരുവില്‍ ഇറങ്ങുകയും ചെയ്തതോടെയാണ് രാജി. ഒരാഴ്ചമുമ്പ് അട്ടിമറിയിലൂടെ സൈന്യം മുഗാബെയെ വീട്ടുതടങ്കലിലാക്കിയിരുന്നു. തുടര്‍ന്ന് സാനു പിഎഫ് പാര്‍ട്ടി അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷപദവിയില്‍നിന്ന് പുറത്താക്കുകയും ഭാര്യ ഗ്രേസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യസമരനായകനും പാര്‍ട്ടിയിലെ രണ്ടാമനുമായ എമേഴ്‌സണ്‍ നാന്‍ഗാഗ്വയെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതാണ് സൈനിക അട്ടിമറിക്കുപിന്നിലെന്ന് സംശയം ഉണ്ടായിരുന്നു.

ഇതിനെ ശരിവച്ച് പാര്‍ട്ടി മുഗാബെയെ അധ്യക്ഷപദവിയില്‍നിന്ന് നീക്കി നാന്‍ഗാഗ്വയെ പാര്‍ട്ടിപ്രസിഡന്റായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. തന്റെ പിന്‍ഗാമിയായി ഭാര്യ ഗ്രേസിനെ കൊണ്ടുവരാനുള്ള ശ്രമമാണ് മുഗാബെയുടെ വീഴ്ചയ്ക്ക് കാരണമായത്. നാന്‍ഗാഗ്വയെ നീക്കി ഗ്രേസിനെയാണ് മുഗാബെ വൈസ് പ്രസിഡന്റാക്കിയത്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കിയിട്ടും മുഗാബെ രാജിവയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് പാര്‍ലമെന്റിന്റെ ഇരുചേംബറുകളും ചേര്‍ന്ന് ഇംപീച്ച് നടപടി ആരംഭിച്ചത്. ഇതിനിടെയാണ് രാജി.

Comments are closed.