DCBOOKS
Malayalam News Literature Website

ഇരുകരകളിൽ വേരുള്ള ഈഴച്ചെമ്പകം

പി.പി പ്രകാശന്റെ ‘ദൈവം എന്ന ദുരന്തനായകന്‍’ ന്ന പുസ്തകത്തിന് കെ വി മണികണ്ഠദാസ് എഴുതിയ വായനാനുഭവം

പി.പി.പ്രകാശൻ്റെ ആദ്യ നോവലായ ‘ദൈവം എന്ന ദുരന്തനായകനി’ലേക്ക് കടക്കും മുമ്പ് എൻ്റെ നാട്ടിലെ മുക്കോലപ്പെരുമാക്കൻമാരെ സ്മരിക്കാതെ വയ്യ.

മുതൂറൻ

വയലിൻ്റെ മടിയിൽ കിടക്കുന്ന തിമിരി മോലോത്ത്, വളരെക്കാലം മടയിൽചാമുണ്ഡി കെട്ടിയാടിയിരുന്നത് മുതൂറൻ എന്ന് ആചാരപ്പേരുള്ള അമ്പുപ്പണിക്കരായിരുന്നു. പിന്നിൽ കെട്ടിയ നരച്ച കുടുമ, കറുത്തു മെലിഞ്ഞ അകത്തോട്ടു വളഞ്ഞരൂപം, ആ വൃദ്ധൻ മേടച്ചൂടിൻ്റെ മധ്യാഹ്നത്തിൽ മടയിൽ ചാമുണ്ഡിയായി ഉറഞ്ഞിറങ്ങി വരുന്നതു കണ്ടാൽ ഏതൊരാളുമൊന്നെഴുന്നേറ്റ് തൊഴുതു പോവും. ഉഗ്ര പാതാളമൂർത്തിയുടെ സർവ ക്രൗര്യവും കണ്ണുകളിലാവാഹിച്ചു കത്തി നിന്ന ആ കോലധാരി പിറ്റേ ദിവസം തൊട്ട് സ്കൂൾ കുട്ടിയായിരുന്ന എനിക്ക് പോലും വരമ്പ് വിട്ടു വഴിമാറിത്തരുന്നത് അന്നേ തീരെ ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല.

മുഴക്കോത്ത് കൃഷ്ണൻ പണിക്കർ

ശാരീരികാവശത കൊണ്ട് പണിക്കർ കോലമണിയാറില്ല.പക്ഷെ ആ തൊണ്ടയിൽ നിന്നുറന്നു വന്നിരുന്ന നാദ നിർഝരിയ്ക്കു തുല്യമായതൊന്നും ഞാൻ പിന്നീടു കേട്ടിട്ടില്ല.
വല്ലപ്പോഴും രാത്രികളിൽ പണിക്കർ വീട്ടിലെത്തുമായിരുന്നു. ഇറയത്ത് ചാണകം മെഴുകിയ തറയിൽ രണ്ടാംമുണ്ട് വീശി വിരിച്ചിരിക്കും. അച്ഛനോട് “മാഷേ, ആ പാഞ്ഞി ഇങ്ങെടുത്തോ ” എന്ന് എളിയസ്വരത്തിൽ പറയും. കമിഴ്ത്തി വെച്ച ചെമ്പുകുടം ചെണ്ടയായി കല്പിച്ച് താളമിട്ട് മനീഷാ പഞ്ചകം തൊട്ടുള്ള പൊട്ടൻ്റെ തോറ്റംപാടിത്തുടങ്ങിയാൽ ലോകം മറ്റൊന്നാവും.’ഉച്ച’ത്തിൽ മുഴങ്ങിയും ‘മന്ദ’ത്തിൽ ഒതുങ്ങിയും ആ ദേവകാവ്യം രാമഴ പോലെ പെയ്തിറങ്ങും. പാടിത്തളർന്ന ആ ഗന്ധർവൻ അധികമൊന്നും പറയാൻ നില്ക്കാതെ ചൂട്ടും വീശി മെല്ലെ ഇരുട്ടിലേക്ക് മറഞ്ഞു പോവും.

നേണിക്കം.

പതിതാളത്തിൽ നടനജീവിതം പൂർത്തികരിച്ച ഈ തെയ്യക്കാരൻ്റെ പ്രധാന കോലം വലിയ മുടി ഭഗവതിയായിരുന്നു. ഉശിരും ഉറച്ചിലും ഇല്ലാതെ പതിഞ്ഞു പോയ ആ ജീവിതം ആരോരുമറിയാതെ കരിഞ്ഞു തീരുകയായിരുന്നു.

ദൈവം എന്ന ദുരന്ത നായകനെ ഏറിയ മമതയോടെ വായനാലോകം ഏറ്റുവാങ്ങുമ്പോൾ അടയാളങ്ങളവശേഷിക്കാതെ മറഞ്ഞു പോയ ഇവരെപ്പോലുള്ള ആയിരക്കണക്കിന് കലാകാരൻമാരുടെ ജീവിതമാണ് വായിക്കപ്പെടാൻ പോവുന്നത്. അതിന് ‘രാമൻ’ ഒരു നിമിത്തമാവുന്നു. ഒരേ ജീവിതത്തിൽ പല ജന്മങ്ങളെ പകർന്നാടാൻ വിധിക്കപ്പെട്ട എല്ലാ കലാകാരന്മാരുടെയും പ്രതിനിധിയാണ് രാമനെന്നു പറയാമെങ്കിലും ദൈവത്തിൻ്റെയും മനുഷ്യൻ്റെയും വിഭജന രേഖയിലൂടെ ഇടറിപ്പോവുന്ന തെയ്യക്കാരൻ്റെ തനി സ്വത്വമായേ ഈ കഥാപാത്രത്തെ ഒരു ഉത്തരകേരളീയന് സങ്കൽപിക്കാൻ പറ്റൂ.

ഐ.ഐ.ടി പ്രഫസറായ പ്രശാന്തിൻ്റെ ദീർഘമായ ഒരാത്മഗതമാണ് ഈ ആഖ്യായിക. ഒരു വിഷുക്കാലത്തിൻ്റെ വലുപ്പമുള്ള സ്വഗതാഖ്യാനം. . മലയാളത്തിൽ സ്വഗതാഖ്യാന സ്വഭാവമുള്ള നോവലുകൾ പലതുമുണ്ടായിട്ടുണ്ട്. പക്ഷെ അവ മിക്കതും ആഖ്യാതാവ് തന്നെ നായകസ്ഥാനത്തു നിന്നു നടത്തുന്ന സ്മൃതിയാത്രകളാണ്.’ദുരന്ത നായക’നിൽ പുത്രനിലൂടെ പുനർജ്ജനിക്കുന്ന അച്ഛൻ്റെ ജീവിത ചിത്രമാണ് നാം അനുഭവിക്കുന്നത്. മുന്നോട്ടും പിന്നോട്ടും ചുവടു വെച്ച് നീങ്ങുന്ന ഒരാവിഷ്കാരനൃത്തം. നോവലിൻ്റെ ആദ്യഖണ്ഡങ്ങളിൽ തന്നെ രാമജന്മത്തിൻ്റെ രത്നച്ചുരുക്കം വെളിപ്പെടുന്നുണ്ട്. പിന്നീടങ്ങോട്ട് വിശദാംശങ്ങളായി ആ ജീവിതത്തെ വിടർത്തിക്കാണിക്കുകയാണ് കഥാകാരൻ. നോവൽ ഘടനയുടെ ഈ സവിശേഷത തന്നെ തെയ്യത്തിൻ്റെ അനുഷ്ഠാന സമ്പ്രദായത്തെ പിന്തുടരുന്നതു കാണാം.അധികം ചമയപ്പാടുകളില്ലാതെ അരങ്ങത്തു വരുന്ന കുളിച്ചോറ്റത്തിൻ്റെ വിശദാവതരണങ്ങളാണല്ലോ പ്രധാന തെയ്യങ്ങ ളധികവും .കഥാഖ്യാനത്തിൽ പ്രത്യക്ഷരം ചെണ്ടയുടെയുംചിലമ്പിൻ്റെയും കൂറ്റും കുളിരും വായനക്കാരനെ വിടാതെ പിൻപറ്റുന്നു. ഐതിഹ്യങ്ങൾ, വാചാലുകൾ,തോറ്റങ്ങൾ, അനുഭവചിത്രണങ്ങൾ എന്നിവയെല്ലാം ഒരു കളിയാട്ടക്കാവിൻ്റെ വിചിത്രാന്തരീക്ഷ പ്രതീതി ജനിപ്പിക്കാൻ പോരുന്നവയാണ്. വർത്തമാന കാലത്തിൻ്റെ പരിചിത സന്ദർഭങ്ങളിൽ അപ്രതീക്ഷിതമായി പൗരാണികമായ മുഴക്കങ്ങൾ സൃഷ്ടിക്കുന്നതിലെ കഥാകാരൻ്റെ മിടുക്ക് ശ്രദ്ധേയമാണ്. കേളൻ്റെയും കൊഞ്ഞൻ രാവൻ്റെയുമൊക്കെ ജീവിതങ്ങൾ മായികമായ ഒരു ദുരൂഹതയിൽ വിലയിക്കുന്നത് ഈയൊരു സന്ദർഭ സമ്മിശ്രണതന്ത്രം കൊണ്ടാവണം.

കഥാഖ്യാനത്തിലെ ഏതംശവും കേന്ദ്രകഥാപാത്രത്തിലേക്ക് അറിഞ്ഞോ അറിയാതെയോ അന്വയിക്കപ്പെടുന്നതു കൊണ്ടു തന്നെ ‘ദുരന്ത നായകൻ ‘ നായകപ്രധാനമായ ഒരു നോവലാണെന്ന് വിളിപ്പെടാം. അപ്പോഴും ഇരുകരകളിൽ വേരൂന്നിനില്ക്കുന്ന അച്ഛനെന്ന കഥാപാത്രത്തോളം തന്നെ അമ്മയും മുതിർന്നു നില്പുണ്ട്. അതീതങ്ങളുടെ അന്തരീക്ഷത്തിൻ Textസ്വയം നഷ്ടപ്പെടുന്നയാളാണ് രാമനെങ്കിൽ അതീതത്തിൻ്റെ സ്പർശം ഓരോ മരുന്നിലത്തുമ്പിലും തൊട്ടറിയുന്നവളാണ് അദ്ദേഹത്തിൻ്റെ പത്നി .ഈ സമാന്തരത്വം കഥാന്തരീക്ഷത്തിന് വല്ലാത്തൊരു സാന്ത്വനത്തണുപ്പു പകരുന്നുണ്ട് .

രാമൻ്റെ കുടുംബ പരിവൃത്തത്തിലൊതുങ്ങുന്നതല്ല നോവലിൻ്റെ കടാക്ഷപരിധി. ഒരു ദേശത്തിൻ്റെ നാട്ടിടവഴികളും ചൂട്ടു വെട്ടങ്ങളും സൂക്ഷ്മ ശോഭയോടെ കൃതിയിൽ സാന്നിധ്യപ്പെടുന്നുണ്ട്. കൊഞ്ഞൻ രാവനെപ്പോലൊരു കഥാപാത്രം ഏതൊരു ഗ്രാമാഖ്യാനത്തിലേക്കും കയറിവരാവുന്നതേയുള്ളൂ.നമ്മുടെ അപ്പുക്കിളിയെ ഓർമ്മിപ്പിക്കുന്ന മിമിക്കോവെന്ന അകളങ്കപാത്രത്തെ അവതരിപ്പിക്കുമ്പോൾ ‘സോർബ ദ ഗ്രീക്കി’ൽ കസാൻ ദ് സാക്കിസ് ഇങ്ങനെ പറയുന്നുണ്ട്:

“Every village has its simpleton,and if one does not exists they invent one to pass the time”.
കണ്ടെടുക്കലിൻ്റെയും കണ്ടെത്തലിൻ്റെയും (invention) വിവിധാനുപാതം പേറുന്ന പല കഥാപാത്രങ്ങളുണ്ട് ‘ദുരന്തനായക ‘നിൽ.മുന്നിലെത്തുന്ന ഏതൊരാളെയും മറു പേരുകൊണ്ട് പുതുക്കുന്ന എർമ്മുക്കയെക്കുറിച്ചുള്ള ഖണ്ഡത്തിൻ്റെ അന്ത്യഭാഗത്ത് നാമിങ്ങനെ വായിക്കുന്നു:
“മുറുക്കിൻ്റെ ലഹരിയിൽ ചുണ്ടിൽ വിരലമർത്തി നീട്ടിത്തുപ്പുമ്പോൾ കലുങ്കിനപ്പുറത്തു നിന്നും കമ്മ്യൂണിസ്റ്റ് പച്ച അപ്രതീക്ഷിതമായ ചുകപ്പിൻ്റെ സാന്നിധ്യത്തിൽ തലയുയർത്തിപ്പിടിച്ച് നിന്നു.”

പച്ചയ്ക്ക് ചുവപ്പിൻ്റെ മറു പേർ ചാർത്തിക്കൊടുക്കുന്ന എർമ്മുക്കയിൽ എന്തൊക്കെയോ കൗതുകങ്ങൾ രചയിതാവ് കുരുക്കി വെച്ചിട്ടുണ്ട്.

സാമൂഹികവും രാഷ്ട്രീയവുമായ പ്രമേയങ്ങൾ പലതും ധ്വനിപ്രായമായും പ്രത്യക്ഷമായും ഈ കൃതിയെ സംവാദ സമ്പന്നമാക്കുന്നുണ്ട്. അച്ഛനും ദൈവവും കണ്ടുമുട്ടുന്ന ഹ്രസ്വമായ ആദ്യഖണ്ഡം തന്നെ കൃതിയുടെ സാമൂഹ്യ നിലപാടുകളെ നിർവചിക്കുന്നുണ്ട്. കള്ളുഷാപ്പു ചർച്ചകളുംചക്ക പ്രശ്നവുമെല്ലാം സ്വാഭാവിക മികവോടെ രാഷ്ടീയ ബോധ്യങ്ങളെത്തന്നെയാണ് പ്രസ്തരിക്കുന്നത്. നോവലിൽ പലവുരു പ്രത്യക്ഷപ്പെടുന്ന ഒരു പദമാണ് ‘ദ്രാവിഡം’. തെയ്യത്തെയും അനുബന്ധ ലോകത്തെയും മാത്രമല്ല നാടിൻ്റെ സാംസ്കാരികതയെയപ്പാടെ നിശ്ചയിക്കുന്ന പ്രത്യയശാസ്ത്ര നായകത്വമായി ദ്രാവിഡത്തെ അവരോധിക്കുന്ന രാഷ്ട്രീയ വെളിച്ചം ഈ നോവൽ പ്രസരിപ്പിക്കുന്നുണ്ട്. ഒരു കൗതുകം കൂടി പങ്കുവെച്ചു കൊണ്ട് ഈ കുറിപ്പ് ഇങ്ങനെ അവസാനിപ്പിക്കട്ടെ.

ദുരന്ത നായകൻ്റെ ആക്കത്തൂക്കങ്ങളറിഞ്ഞ ആമുഖത്തിൻ്റെ ഒന്നാം വാക്യമായി ചുള്ളിക്കാട് ഇങ്ങനെ കുറിച്ചിട്ടുണ്ട്.

” തെയ്യത്തിൽ ജനിച്ച്, തെയ്യത്തിൽ വളർന്ന്, തെയ്യത്തിൽ അവസാനിച്ച ഒരു ജീവിതത്തിൻ്റെ ശോണരേഖയാണ് ഈ സത്യകഥ”

സത്യകഥ എന്ന വാക്കിലാണ് കൗതുകം .

തുളുത്തെയ്യങ്ങൾ താന്താങ്ങളെ വിശേഷിപ്പിക്കുന്നത് സത്യോ (സത്യം ) എന്നാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.