DCBOOKS
Malayalam News Literature Website

രണ്ടാമൂഴത്തിന്റെ പടുകൂറ്റൻ സെറ്റ് മ്യൂസിയം ആകും

randamoozham

എം.ടിയുടെ രണ്ടാമൂഴം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സെറ്റ് മ്യൂസിയം ആക്കാൻ ഒരുങ്ങുകയാണ്. 1000 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സെറ്റ് നിർമ്മിക്കാൻ 150 ഏക്കറോളം സ്ഥലം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാവ് ബി.ആർ. ഷെട്ടി. പാലക്കാടുള്ള സ്ഥലങ്ങളാണ് നിർമ്മാണ കമ്പനിയുടെ പരിഗണനയിലുള്ളത്. ഇവിടെ നിർമ്മിക്കുന്ന പടുകൂറ്റൻ സെറ്റ് പിന്നീട് മ്യൂസിയം ആക്കാനും പദ്ധതിയുണ്ട്. ചിത്രത്തിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ആയുധങ്ങൾ എന്നിവയെല്ലാം ഇവിടെ പ്രദർശനത്തിന് വയ്ക്കും.സാബു സിറിലാണ് കലാസംവിധായകൻ. അതേസമയം പ്രശസ്ത കാമറാമാൻ സന്തോഷ് ശിവൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കാൻ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

ലോകോത്തര സാങ്കേതിക പ്രവർത്തകരെയും അഭിനേതാക്കളെയും അണിനിരത്തി നിർമ്മിക്കുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലാണ് ഭീമന്റെ വേഷം അവതരിപ്പിക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് ആക്ഷൻ സംവിധായകൻ ലീ വിറ്റാക്കറായിരിക്കുമെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. എക്സ്‌മെൻ, ഇൻ ടു ദ സ്റ്റോം, ഫാസ്റ്റ് ഫൈവ്, ജുറാസിക് പാർക്ക് 3, പേൾ ഹാർബർ തുടങ്ങിയവയാണ് വിറ്റാക്കറുടെ പ്രശസ്ത ചിത്രങ്ങൾ. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നും മാത്രമല്ല ഹോളിവുഡിൽ നിന്നുള്ള താരങ്ങളും മഹാഭാരതത്തിൽ അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

Comments are closed.