fbpx
DCBOOKS
Malayalam News Literature Website

ജാതിയോ മതമോ അല്ല : വ്യക്തിത്വമാകണം ആധാരം

ramnath

ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടു. 65.65 ശതമാനം വോട്ട് നേടിയാണ് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പ്രഥമ പൗരനാവുന്നത്.

വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വത്തിന് തെളിവാണ്. രാഷ്ട്രപതിയാകാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ആത്മാര്‍ഥതയോടെ ചുമതല നിര്‍വഹിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് എന്റെ വിജയം. രാംനാഥ്‌ കോവിന്ദ്.

ഇന്ത്യയുടെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന്റെ വിശാലമായ വാനയിലൂന്നിയ തികഞ്ഞ വ്യക്തിത്വമാണ് മറ്റെല്ലാത്തിലും പ്രധാനം. നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ ബൽദേവ് ശർമ്മ എഴുതിയ ലേഖനം

രാഷ്ട്രീയവൃത്തങ്ങളും വിശകലനക്കാരും മറ്റ് ഏതെല്ലാം കാരണങ്ങള്‍ പറഞ്ഞാലും എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് ഏറ്റവും പ്രധാനം. മറ്റെല്ലാം അതിനു പിന്നിലേ വരൂ. ഈ വ്യക്തിത്വം രൂപപ്പെട്ടത് സംസ്‌കാരത്തിലൂന്നിയ ജീവിതരീതികൊണ്ടാണ്. അതിനിടയാക്കിയ പല ഘടകങ്ങളിലൊന്ന് അദ്ദേഹത്തിന്റെ പുസ്തക പ്രേമമാണ്, പരന്ന വായനയാണ്.

ഈ കുറിപ്പുവരുമ്പോള്‍ അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ വിജയം ഉറപ്പായിരുന്നു. ജനാധിപത്യ സംവിധാനത്തിലെ പ്രക്രിയകളായിരുന്നു ബാക്കിയെല്ലാം. ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ വിലയിരുത്താനോ വിശകലനം ചെയ്യാനോ ഞാന്‍ മുതിരുന്നില്ല. പക്ഷേ നാഷണല്‍ ബുക്ട്രസ്റ്റിന്റെ തലപ്പത്തുള്ളയാളെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഒരു സവിശേഷത മാത്രം പറയട്ടെ.

ബീഹാര്‍ ഗവര്‍ണ്ണറായിരുന്നു രാംനാഥ് കോവിന്ദ്. പാറ്റ്‌നയില്‍ എന്‍ബിടി പുസ്തക പ്രദര്‍ശനവും ചില പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. പുസ്തകങ്ങള്‍ താരതമ്യേന കുറവായ ഭോജ്പൂരി ഭാഷയില്‍ 12 പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. ചടങ്ങില്‍ ഗവര്‍ണ്ണര്‍ കോവിന്ദ് മുഖ്യാതിഥിയായിരുന്നു. പുസ്തകങ്ങള്‍ നല്‍കിയാണ് ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രദര്‍ശിനി ഏറെ നേരം അദ്ദേഹം ചുറ്റിനടന്ന് കണ്ടു. പുസ്തകങ്ങള്‍ പരിചയപ്പെട്ടു. ചില പുസ്തകങ്ങള്‍ അവിടെനിന്നുതന്നെ മറിച്ചുനോക്കി. ഏറെ സന്തോഷം തോന്നി. വിഐപികള്‍ സാധാരണ ഇത്തരം ചടങ്ങു കഴിഞ്ഞാലുടന്‍ സ്ഥലം വിടുകയാണ് പതിവ്. എന്നാല്‍, എന്നെ അമ്പരപ്പിച്ചത് ഗവര്‍ണ്ണര്‍ കോവിന്ദിന്റെ തുടര്‍ നടപടികളാണ്. അദ്ദേഹം പിന്നീട് ഫോണ്‍ വിളിച്ച് എന്‍ബിടിയുടെ ചടങ്ങിനെക്കുറിച്ച്, പ്രദര്‍ശിനിയെക്കുറിച്ച്, സംഘടനാ മികവിനെക്കുറിച്ച് സംസാരിച്ചു. എന്‍ബിടിയുടെ പ്രവര്‍ത്തനങ്ങളെയും ഭാവിപരിപാടികളെയുംകുറിച്ച് ചോദിച്ചു. അപ്രതീക്ഷിതമായിരുന്നു; ഏറെ ആഹ്ലാദിപ്പിക്കുകയും ചെയ്തു.

അദ്ദേഹം നല്ല വായനക്കാരനാണ്. വിവരങ്ങള്‍ക്കും ആനന്ദത്തിനും മാത്രമല്ല, വിജ്ഞാനത്തിനും അദ്ദേഹം പുസ്തകങ്ങളെ ആശ്രയിക്കുന്നു. പഠിച്ചത് നിയമം, നടത്തിയത് സാമൂഹ്യ പ്രവര്‍ത്തനം, പ്രവര്‍ത്തിച്ചത് ദേശീയ സംഘടനകള്‍ക്കൊപ്പം. സാധാരണക്കാരില്‍നിന്നു വളര്‍ന്നുയര്‍ന്ന് ഈ പദവിയിലെത്തിയ കോവിന്ദിന്റെ ഈ സ്ഥാന ലബ്ധിയെ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ഒന്നും അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. വ്യക്തിത്വമാകണം ആധാരം.

പ്രവൃത്തിപഥത്തില്‍ എന്നും എവിടെയും ഉറ്റബന്ധം പ്രകടിപ്പിച്ച, പ്രകടിപ്പിക്കുന്നയാളാണ് കോവിന്ദ്. പരിവേഷങ്ങള്‍ ഇല്ലാത്തയാളാണ് കോവിന്ദ്. ആര്‍ഭാടമില്ലാത്തതാണ് ആ വ്യക്തിജീവിതം. മണ്ണില്‍ പിറന്ന്, മണ്ണില്‍ വളര്‍ന്ന്, മണ്ണില്‍ കാലൂന്നി, ജനാധിപത്യ ഉത്തരവാദിത്വത്തിന്റെ വിണ്ണില്‍ത്തൊടാന്‍പോലും പാകത്തില്‍ ഉയര്‍ന്ന കോവിന്ദ് രാഷ്ട്രപതിപദത്തിന്റെ മഹിമ ഒട്ടും കുറയ്ക്കില്ല. രാഷ്ട്രപതിഭവന്റെ അന്തസ്സ് കളയില്ല. തീര്‍ച്ചയായും ആ പദത്തിന് അനുയോജ്യനാണ്.

നമ്മുടെ മുന്‍ രാഷ്ട്രപതിമാരും മികച്ചവരായിരുന്നു. അവരില്‍ ഏറെ തിളങ്ങിയ ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. രാധാകൃഷ്ണന്‍, കെ.ആര്‍. നാരായണന്‍, ഡോ.എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവര്‍ക്കൊപ്പമോ അവരിലും മേലെയോ ഇന്ത്യന്‍ രാഷ്ട്രപതിപദത്തെ ഉയര്‍ത്താന്‍ കോവിന്ദിനു കഴിയുമെന്ന് എനിക്കുറപ്പുണ്ട്.

(ലേഖകൻ : ബൽദേവ് ശർമ്മ – നാഷണല്‍ ബുക്ട്രസ്റ്റ് ചെയര്‍മാന്‍)

Comments are closed.