DCBOOKS
Malayalam News Literature Website

സോളര്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയെന്ന് പ്രതിപക്ഷം

സോളര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയതായി പ്രതിപക്ഷ ആരോപണം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ജി.ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ആരോപിച്ചു. മുഖ്യമന്ത്രി നിയമസഭയെ നോക്കുകുത്തിയാക്കി. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുന്‍പ് പുറത്തുവിട്ടത് അവകാശലംഘനമാണ്. മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ജയരാജന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തയാറുണ്ടോ? അവധാനതയില്ലാതെയാണു മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തതെന്നു വ്യക്തം. അന്വേഷണ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭയില്‍ സമര്‍പ്പിക്കും മുന്‍പു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ പുറത്തുവിട്ടത് ചട്ടലംഘനമാണ്. കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം കമ്മിഷന്‍ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭയില്‍ വയ്‌ക്കേണ്ടതാണ്.- രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് അതിന്റെ പേരില്‍ നടപടി സ്വീകരിച്ച് പ്രതിപക്ഷത്തെയും യുഡിഎഫിനെയും നിശ്ശബ്ദരാക്കാമെന്നു മുഖ്യമന്ത്രി കരുതേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോപണത്തെ നേരിടാനുള്ള ശക്തി യുഡിഎഫിനുണ്ട്. 50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതുള്‍പ്പെടെ സോളറുമായി ബന്ധപ്പെട്ട കേസുകളെല്ലാം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു

Comments are closed.