DCBOOKS
Malayalam News Literature Website

രാഹുലിന് ശേഷം സുഷ്മ സ്വരാജിന്റെ യു.എന്‍ പ്രസംഗത്തെ അഭിനന്ദിച്ച് രാമചന്ദ്രഗുഹ

കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനെതിരെ ആഞ്ഞടിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയിലെ ഐ.ഐ.ടികളെ കുറിച്ചും ഐ.ഐ.എമ്മുകളെ കുറിച്ചും നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

സുഷ്മ ജീ, ഐ.ഐ.ടികളും ഐ.ഐ.എമ്മും സ്ഥാപിക്കാനുള്ള കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണത്തേയും പാരമ്പര്യത്തേയും ഒടുവില്‍ അംഗീകരിച്ചതിന് നന്ദി എന്നായിരുന്നു രാഹുല്‍ കുറിച്ചത്. ഇപ്പോൾ ഇതാ സുഷ്മയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചരിത്രകാരന്‍ രാമചന്ദ്രഗുഹ.

ലോകത്തോട് ഇന്ത്യയിലെ ഐ.ഐ.ടികളെ കുറിച്ചും ഐ.ഐ.എമ്മുകളെ കുറിച്ചും വിളിച്ചുപറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ഇതിന്റെയൊന്നും ക്രഡിറ്റ് വേദങ്ങള്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നതാണ് വലിയ കാര്യമെന്നും രാമചന്ദ്രഗുഹ പറയുന്നു.

കഴിഞ്ഞ ദിവസം റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുംമുന്‍പ് അത് കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണെന്നും അക്കാര്യം അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും മോദി മന്ത്രിസഭയിലെ സത്യപാല്‍ സിങ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാമചന്ദ്രഗുഹയുടെ മറുപടി. വേദങ്ങള്‍ പാഠ്യവിഷയമാക്കണമെന്ന് കൂടിയുള്ള ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നാലെയായിരുന്നു രാമചന്ദ്രഗുഹ നിലപാട് വ്യക്തമാക്കിയത്.

 

Comments are closed.