DCBOOKS
Malayalam News Literature Website

രാഷ്ട്രപതിയുടെ വാക്കുകള്‍ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശന വേളയില്‍ കേരളത്തെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും രാഷ്ട്രപതി പ്രകീര്‍ത്തിച്ചത് കേരളത്തിന് വലിയ പിന്തുണയായി മാറി. ആ അഭിജാതമായ വാക്കുകള്‍ക്ക് നന്ദിയും കടപ്പാടും ഉള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരുക്കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്റെ ആത്മാര്‍ത്ഥതയും തുറന്ന സമീപനവും കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. അദ്ദേഹം ദന്തഗോപുര വാസിയായ രാഷ്ട്രപതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം രാജ്യത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. കേരളത്തിന്റെ സാക്ഷരതയും മാനവ വികസന സൂചികയും യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ഈ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ലോക നിലവാരത്തിലുള്ള പശ്ചാത്തലം ഒരുക്കുനന്തിനുമാണ് കേരളം ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രപതിയുടെ വാക്കുകള്‍

തിരുവനന്തപുരം; സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് കേരളത്തിലെത്തിയപ്പോള്‍ തനിക്ക് തോന്നുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തിരുവനന്തപുരം ടാഗോര്‍ തിയറ്ററിലെ പൌരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതിയായശേഷം ജന്മനാടായ കാണ്‍പുരില്‍ ഒരുപ്രാവശ്യം മാത്രമാണ് പോയത്. എന്നാല്‍, കേരളത്തിലെ രണ്ടാംസന്ദര്‍ശനമാണിത്. ആദ്യസന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ടെക്നോസിറ്റി ഉദ്ഘാടനത്തിനും പൌരസ്വീകരണത്തിനും ക്ഷണിച്ചത്. പൌരസ്വീകരണം ഒഴിവാക്കാമെന്ന് നിര്‍ദേശിച്ച തനിക്ക് അവസാനം മുഖ്യമന്ത്രിയുടെ സ്നേഹനിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. കേരളം ഇന്ന് ഇന്ത്യക്കുമാത്രമല്ല, ലോകത്തിനുതന്നെ മാതൃകയാണ്. അണ്ടര്‍ 17 ലോകകപ്പ് മികച്ച നിലയില്‍ നടത്തിയ കേരളം ഇന്ത്യക്ക് അഭിമാനമായി. തന്റെ മുന്‍ഗാമിയായ കെ ആര്‍ നാരായണന്‍ കേരളത്തിന്റെ സംഭാവനയാണ്. കെ ആര്‍ നാരായണന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് കേരളത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

മതസൌഹാര്‍ദം കേരളത്തിന്റെ പാരമ്പര്യമാണ്. നാരായണഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനമാണ് കേരളത്തിന് വെളിച്ചമായത്. 2000 വര്‍ഷംമുമ്പേ കേരളത്തിന് റോമുമായും അറേബ്യയുമായും വ്യാപാരമുണ്ടായിരുന്നു എന്നും രാഷ്ട്രപതി പറഞ്ഞു. ‘സഹോദരീ സഹോദരന്മാരേ; എല്ലാവര്‍ക്കും എന്റെ നമസ്കാരം’ എന്നു പറഞ്ഞാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്.

 

Comments are closed.