DCBOOKS
Malayalam News Literature Website

കരിനിയമം പിന്‍വലിക്കുന്നതുവരെ മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കുമെന്ന് രാജസ്ഥാന്‍ പത്രിക

ഫോട്ടോ: Twitter/Rajasthan Patrika

രാജസ്ഥാനിലെ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാര്‍ പത്രങ്ങളെ നിയന്ത്രിക്കുന്ന വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതുവരെ രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കുമെന്ന് ‘രാജസ്ഥാന്‍ പത്രിക’. അഴിമതി നടത്തിയ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സ്. സംസ്ഥാനത്തെ പ്രമുഖ പത്രമായ രാജസ്ഥാന്‍ പത്രിക ഈ കരിനിയമത്തിനെതിരെയാണ് കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ കരിനിയമം പിന്‍വലിക്കാന്‍ വസുന്ധര രാജെ തയാറാകുന്നില്ലെങ്കില്‍ അവരെക്കുറിച്ചോ അവരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ രാജസ്ഥാന്‍ പത്രിക പ്രസിദ്ധീകരിക്കില്ല. എഡിറ്റര്‍ ഗുലാബ് കോത്താരിയാണ് സര്‍ക്കാറിനെ നിശിതമായി വിമര്‍ശിക്കുന്ന എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. ജനാധിപത്യവും ആവിഷ്ക്കര സ്വാതന്ത്ര്യവും ജനങ്ങളുടെ ആത്മാഭിമാനവുമാണ് ഇവിടെ ചോദ്യ ചെയ്യപ്പെടുന്നത് എന്ന് അദ്ദേഹം എഡിറ്റോറിയലില്‍ പറയുന്നു. എഡിറ്റോറിയല്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആണ് ഈ തീരുമാനമെടുത്തതെന്നും കോത്താരി വ്യക്തമാക്കുന്നു.

ഡില്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് പത്രത്തിന്‍റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്. ഏറ്റവും ധീരമായ നിലപാടാണ് പത്രം സ്വീകരിച്ചത് എന്നും ഇത് ജേണലിസത്തിലെ അപൂര്‍വ മാതൃകയാണെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. എതിര്‍പ്പിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സിലെ ഒരു ഭാഗം പുനപ്പരിശോധനക്ക് വിധേയമാക്കാമെന്ന് വസുന്ധര രാജെ നിലപാട് സ്വീകരിച്ചിരുന്നു.

Comments are closed.