fbpx
DCBOOKS
Malayalam News Literature Website

‘നീ എഴുതിക്കാണുന്നതാണു മറ്റെന്തിനേക്കാളും എനിക്കാഹ്ലാദം’; ഒരമ്മ മകനെഴുതിയ ഹൃദയാര്‍ദ്രമായ വരികള്‍…

PP

നീ എഴുതിക്കാണുന്നതാണു മറ്റെന്തിനേക്കാളും എനിക്കാഹ്ലാദം.. ഇപ്പോള്‍, സുഖമുള്ള ഒരു കാറ്റ് അമ്മയുടെ മനസ്സിലേക്കു പ്രവഹിക്കുന്നതിനു നീ വീണ്ടും എഴുതിത്തുടങ്ങുന്നു എന്നതു മാത്രമല്ല കാരണം. വേര്‍പിരിഞ്ഞു കാല്‍ നൂറ്റാണ്ടിനു ശേഷവും അച്ഛന്റെ പേര് ഒരു സിനിമയുടെ ടൈറ്റിലുകള്‍ക്കൊപ്പം തെളിയുന്നതു കാണാനാകുന്നു എന്ന ധന്യത. നിന്റെ അച്ഛന്‍ ഇപ്പോഴും ജീവനോടെ നിലകൊള്ളുന്നതു പോലെ, നിനക്കു കാവല്‍ നില്‍ക്കുന്നതു പോലെ. എന്റെ പ്രാര്‍ഥന എന്നും നിനക്കൊപ്പമുണ്ട്. ഒരമ്മ മകനെഴുതിയ ഹൃദയാര്‍ദ്രമായ വരികളാണ് ഇന്ന് ചര്‍ച്ചയാകുന്നത്. ആ വരികള്‍ എഴുതിയത് ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയുടെ ഏറ്റവും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച പി പത്മരാജന്റെ പ്രിയതമയാവുമ്പോള്‍ എഴുത്തിന്റെയും ആശയത്തിന്റെയും ആഴവും വ്യാപ്തിയും ഏറെയാവും. അച്ഛനു പിന്നാലെ മകന്‍ അനന്തപത്മനാഭനും തിരക്കഥയെഴുതാനൊരുങ്ങുമ്പോള്‍ പത്മരാജന്റെ കഴിഞ്ഞകാലത്തിന്റെയും ഓര്‍മ്മകളില്‍ വാചാലയാവുകയാണ് വാത്സല്യവതിയായ ( രാധാലക്ഷ്മി) ഈ അമ്മ.

പ്രിയപ്പെട്ട മകനെ,

നീ തിരക്കഥ എഴുതിയ സിനിമ വരുന്നു എന്നറിഞ്ഞു. കാത്തിരിക്കുന്നു. അച്ഛന്റെ കഥയാണെന്നു പറഞ്ഞെങ്കിലും ഏതു കഥ എന്നതു ‘സസ്‌പെന്‍സ്’ എന്നു പറഞ്ഞതു കൊണ്ടു ഞാന്‍ ചോദിക്കുന്നില്ല. വരുമ്പോഴറിയാമല്ലോ. കുറച്ചു നാളായി ഞാന്‍ ചില കാര്യങ്ങള്‍ നിന്നോടു പറയാനൊരുങ്ങുകയാണ്.

നിനക്കു തിരക്കൊഴിഞ്ഞു കിട്ടാത്തതു കൊണ്ടാണ് ഈ കത്ത്. പല സദസ്സുകളിലും എന്നോടു പലരും ചോദിക്കുന്നു നീ ഒന്നും എഴുതുന്നില്ലല്ലോ എന്ന്. 15 വര്‍ഷം മുന്‍പു നീ കല്ലുറാഞ്ചിക്കിളി എന്ന വേട്ടപ്പക്ഷിയെ കൊണ്ടു കുളക്കോഴിയെ പിടിക്കാന്‍ പോകുന്ന കുറെ പരുക്കന്മാരുടെ കഥ പറഞ്ഞതോര്‍ക്കുന്നു.

നിന്റെ ബാല്യകാലം മുതലുള്ള സുഹൃത്ത് മുരളിയുമായി അതു ചര്‍ച്ച ചെയ്തിരുന്നതും എനിക്കറിയാം. പത്തു വര്‍ഷം മുന്‍പു നിന്നോടൊപ്പം വീട്ടില്‍ വന്ന സുഹൃത്ത് അരുണ്‍ കുമാര്‍ അരവിന്ദിനു വേണ്ടിയാണു തിരക്കഥ എന്ന് അറിഞ്ഞു (പ്രിയദര്‍ശന്റെ എഡിറ്റര്‍ എന്നാണ് അന്നു നീ പരിചയപ്പെടുത്തിയത്).

പിന്നീട് അരുണ്‍ ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പോലുള്ള നല്ല സിനിമകള്‍ സംവിധാനം ചെയ്തല്ലോ. അന്നു നിങ്ങളൊരുമിച്ചു പൊള്ളാച്ചിക്കടുത്തുള്ള, ഊരുവിലക്കും ജാതിപ്പോരും നിലനില്‍ക്കുന്ന ചില ഗ്രാമങ്ങളിലേക്ക് ഒരു യാത്ര പോയതു മറ്റൊരു സിനിമാ ആശയവുമായിട്ടായിരുന്നുവെന്നും എന്നാല്‍ ആ ശ്രമവും ഒന്നും സംഭവിക്കാതെ അവസാനിച്ചുവെന്നും എനിക്കോര്‍മയുണ്ട്.

പുതിയ സിനിമയില്‍ ആ പ്രമേയവും കൂട്ടിച്ചേര്‍ത്തു എന്നു പറഞ്ഞപ്പോള്‍ എങ്ങനെയാണത് എന്നറിയാന്‍ ഒരു ആകാംക്ഷ. കുറേക്കാലമായി നീ എഴുത്തില്‍ നിന്നു വിട്ടുനിന്നതാണ് അമ്മയെ ഏറ്റവും വിഷമിപ്പിച്ചിരുന്നത്. നീ എഴുതിക്കാണുന്നതാണു മറ്റെന്തിനേക്കാളും എനിക്കാഹ്ലാദം എന്നറിയാമല്ലോ. ജീവിതം പല രീതിയില്‍ നിന്റെ മനസ്സിനെ കശക്കിയതാണു കാരണം എന്നറിയാം.

കാന്‍സര്‍ സെന്ററിലെ കുഞ്ഞുമോന്റെ നീ അച്ഛന്റെ പേരിട്ടു വിളിച്ച പൊന്നോമനയുടെ ചികില്‍സയും വേര്‍പാടും നിന്നെ വല്ലാതെ പിറകോട്ടടിച്ചതു ഞാന്‍ കണ്ടതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നീ തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്നു ‘മനസ്സൊരു ഫെസ്റ്റിവ് മൂഡിലേക്കു വരുന്നില്ല’ എന്നു പറഞ്ഞു മാറി നില്‍ക്കുന്നതും വേദനയോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.

നീ വല്ലാതെ നിന്നിലേക്കു ചുരുങ്ങുകയും കുടുംബത്തിലേക്കും കുഞ്ഞുങ്ങളിലേക്കും ഒതുങ്ങുകയും എഴുത്തില്‍ നിന്നു പൂര്‍ണമായും അകന്നുവോ എന്നു ശങ്കിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണു മുരളിയും അരുണും നിന്നെ നിര്‍ബന്ധപൂര്‍വം എഴുത്തിലേക്കു മടക്കിക്കൊണ്ടു വന്നത്. നന്നായി.

സിനിമയുടെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുതല്‍ നിന്നില്‍ പ്രതിഫലിച്ച സന്തോഷവും ആത്മവിശ്വാസവും അമ്മയെ എത്ര ആഹ്ലാദിപ്പിക്കുന്നു എന്നു നിനക്കറിയില്ല. നമ്മളില്‍ നിന്നു വേര്‍പിരിയുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് അച്ഛന്‍ നിന്നോട് ഒരിക്കലും സിനിമാ സംവിധാനം ജീവിതോപാധിയാക്കരുത് എന്നു പറഞ്ഞതു നീ അക്ഷരംപ്രതി അനുസരിക്കുകയാണെന്ന് എനിക്കറിയാം.

എന്നാല്‍ അച്ഛന്‍ ഏറെ അഭിമാനിച്ചിരുന്ന നിന്റെ എഴുത്തില്‍ നിന്നു കൂടി നീ മാറി നില്‍ക്കുന്നതു വലിയ വിഷമമാണ്. പണ്ട് നിന്റെ അച്ഛനും ഗോപിയാശാനും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന നാളുകളിലേക്കു മനസ്സ് പായുന്നു; ആശാന്റെ മകന്‍ മുരളിയും നീയും ആ പഴയ കൂട്ടുകെട്ടിന്റെ അതേ ഒരുമയോടെ ഒന്നിക്കുന്നതു കാണുമ്പോള്‍ മനസ്സ് നിറയുന്നു. അവര്‍ സൃഷ്ടിച്ചതു പോലെ പ്രേക്ഷകന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു സിനിമ ആകും നിങ്ങളുടേതും എന്ന് അമ്മ കരുതുന്നു.

ഇപ്പോള്‍, സുഖമുള്ള ഒരു കാറ്റ് അമ്മയുടെ മനസ്സിലേക്കു പ്രവഹിക്കുന്നതിനു നീ വീണ്ടും എഴുതിത്തുടങ്ങുന്നു എന്നതു മാത്രമല്ല കാരണം. വേര്‍പിരിഞ്ഞു കാല്‍ നൂറ്റാണ്ടിനു ശേഷവും അച്ഛന്റെ പേര് ഒരു സിനിമയുടെ ടൈറ്റിലുകള്‍ക്കൊപ്പം തെളിയുന്നതു കാണാനാകുന്നു എന്ന ധന്യത. നിന്റെ അച്ഛന്‍ ഇപ്പോഴും ജീവനോടെ നിലകൊള്ളുന്നതു പോലെ, നിനക്കു കാവല്‍ നില്‍ക്കുന്നതു പോലെ. എന്റെ പ്രാര്‍ഥന എന്നും നിനക്കൊപ്പമുണ്ട്.

ചിറ്റൂരമ്മ അനുഗ്രഹിക്കട്ടെ, സ്വന്തം, അമ്മ

Comments are closed.