DCBOOKS
Malayalam News Literature Website

സ്ത്രീകളെ വിലകുറച്ച് കാണുന്നവരില്‍ നിന്നുമാണ് ഇത്തരം ചിന്തകള്‍ വരുന്നത്; ആര്‍ ശ്രീലേഖ

sreelekha

ആര്‍ത്തവത്തിന്റെ ആദ്യ ദിനം വനിതകള്‍ക്ക് അവധി നല്‍കുന്നത് ലിംഗ സമത്വമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന് എഡിജിപി ആര്‍.ശ്രീലേഖ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ ശക്തരല്ല, അതിനാല്‍ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം എന്ന സന്ദേശമാണ് ഇത്തരമൊരു നീക്കത്തിലൂടെ സംഭവിക്കുന്നതെന്നും ആര്‍ ശ്രീലേഖ  ഐപിഎസ്‌ ചൂണ്ടിക്കാട്ടി.

സ്ത്രീകളെ വിലകുറച്ച് കാണുന്നവരില്‍ നിന്നുമാണ് ഇത്തരം ചിന്തകള്‍ വരുന്നത്. ആര്‍ത്തവം ഓരോ വ്യക്തിക്കും വ്യത്യസ്ത അനുഭവങ്ങളാണ് നല്‍കുന്നത്. പൊലീസ് സേനയില്‍ ഇതുപോലെയുള്ള ലിംഗ സമത്വമില്ലായ്മ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും അവര്‍പറഞ്ഞു. സാനിറ്ററി നാപ്കിന്‍ വനിതാ ഉദ്യോഗസ്ഥരുടെ യുണിഫോമിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം ഉയരുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള സൗമനസ്യം എന്ന നിലയിലാണ് ഇങ്ങനെയുള്ള ചിന്ത പലരും മുന്നോട്ടു വയ്ക്കുന്നതെന്നും എഡിജിപി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ആര്‍ത്തവ ദിനങ്ങളില്‍ അവധി എടുക്കണമോ എന്നുള്ളത് ഓരോ വ്യക്തിയുടേയും അവസ്ഥ അനുസരിച്ചിരിക്കുമെന്നാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗം. ചിലര്‍ക്ക് ഈ ദിനങ്ങളില്‍ അവധി എടുക്കാന്‍ തക്ക ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. എന്നാല്‍ മറ്റു ചിലര്‍ക്ക് തളര്‍ച്ചയും മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. അതുകൊണ്ട് ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കുന്നതിനോട് യോജിപ്പില്ലെന്നാണ് അജിതാ ബീഗത്തിന്റെ നിലപാട്. അടിയന്തര സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ പൊലീസ് ഉദ്യേഗസ്ഥര്‍ക്ക് മെഡിക്കല്‍ ലീവ് നിഷേധിക്കാറില്ല. എന്നാല്‍ ആര്‍ത്തവത്തെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും അജിതാ ബീഗം പറയുന്നു.

ആര്‍ത്തവത്തിന്റെ ആദ്യദിനം വനിതകള്‍ക്ക് ശമ്പളത്തോടുകൂടി അവധി നല്‍കികൊണ്ട് ചില സ്ഥാപനങ്ങള്‍ മാതൃകയായി രംഗത്തുവന്നിരുന്നു. ഇത് മറ്റ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഒരു പ്രമുഖ ചാനലിനോട് പ്രികരിക്കുകയായിരുന്നു ഇരുവരും.

Comments are closed.