DCBOOKS
Malayalam News Literature Website

മനസ്സിന്റെ ഉള്ളറയിലെ ‘ഖബർ’

കെ ആര്‍ മീരയുടെ നോവൽ ‘ഖബറി’ ന് വിനീത് വിശ്വദേവ് എഴുതിയ വായനാനുഭവം. 

എല്ലാവരുടെയും ഉള്ളിൽ ഉണ്ടാവും ആരാലും പൊളിക്കാൻ അനുവാദം ഇല്ലാത്ത ഒരു ഖബർ. വായിച്ചു തുടങ്ങിയപ്പോൾ തന്നെ ഓരോ അക്ഷരത്തിനും ജീവനുള്ള പോലെ അനുഭവപ്പെടുന്നു. ഒറ്റ ഇരുപ്പ് കൊണ്ട് വായിച്ചു തീരാവുന്ന അമൂല്യമായ വായനാനുഭവം തീർക്കുന്ന പുസ്തകം.
ഒരാളുടെ സാന്നിധ്യവും അസാന്നിധ്യവും ഒരു സ്ത്രീക്ക് നൽകുന്ന പൂർണ്ണതയുടെ അവസ്ഥകളെ പ്രണയത്തിന്റെ അതിമനോഹര ഭാഷയിൽ പറയുന്നു. പെൺപക്ഷ നിലപാടുകളെ അതിമനോഹരമായി തുറന്നു കാട്ടുന്ന ഒരു കഥാപാത്രമാണ് ഭാവന സച്ചിദാനന്ദൻ. ഓരോ സ്ത്രീയുടെയും ഉള്ളിൽ അല്ലെങ്കിൽ നമുക്കിടയിൽ ജീവിക്കുന്ന ഒരു സ്ത്രീ തന്നെയാണ് ഭാവന എന്ന കേന്ദ്രകഥാപാത്രം. അവളുടെ പ്രണയവും വേദനയും ഒറ്റപ്പെടലും വിവാഹമോചനവും അതിജീവിക്കലും പിന്നെ ഉന്നതപദവിയിൽ എത്തി ഒരു നക്ഷത്രം പോലെ ശോഭിച്ചു നിൽക്കുന്നതും നമ്മുടെ കണ്മുന്നിൽ തെളിഞ്ഞു വരുമ്പോൾ ഒരു കഥാപാത്രത്തോട് തോന്നുന്ന സ്നേഹമോ സഹതാപമോ അല്ല ഉണ്ടാവുന്നത് പകരം നേരിട്ട് അറിയാവുന്ന ഒരു വ്യക്തിയോട് തോന്നുന്ന ബഹുമാനം ആണ്.

ജില്ലാ ജഡ്ജി ഭാവനക്ക് മുന്നിൽ വരുന്ന അസാധാരണമായ കേസിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഖബർ കേസ് ഭാവനയിൽ ഉണ്ടാക്കുന്ന സംഘർഷങ്ങൾ ചിത്രീകരിച്ചു കൊണ്ടാണ് നോവൽ മുന്നോട്ട് പോകുന്നത്. കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ എന്ന വാദി Textമനുഷ്യരെ ഭാവനയെ അത്യന്തം വിഭ്രാന്തിയിലേക്കും അസ്വസ്ഥതയിലേക്കും തള്ളിവിടുന്നു. ഭാവനയുടെ തറവാട്ടിലെ യോഗിശ്വരൻ അമ്മാവനും ഒരു കഥാപാത്രമായി വായനക്കൊപ്പം ചേരുന്നുണ്ട്. യോഗീശ്വരൻ അമ്മാവന്റെ കഥയും ഖയാലുദ്ദീൻ തങ്ങളുടെ കഥയും പരസ്പരം ഇഴചേർന്ന് ബന്ധിക്കപ്പെടുന്നുണ്ട്.

ഭാവനയുടെ വ്യക്തിജീവിതവും ഭർത്താവായിരുന്ന പ്രമോദുമായുണ്ടായിരുന്ന പ്രണയവും ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളും അറ്റൻഷൻ ഡെഫിസ്റ്റ് ഡിസോർഡർ ഉള്ള അദ്വൈത് എന്ന മകൻ്റെ ജീവിതവും ഇതിനിടയിൽ പറഞ്ഞു പോകുന്നുണ്ട്. ആദ്യപുരുഷൻ അർഹിക്കുന്ന ബഹുമാനം നല്കാതിരുന്നിട്ടും, അയാൾക്ക് വേണ്ടി തന്റെ സ്വപ്നങ്ങൾക്ക് ചുറ്റുമൊരു ലക്ഷ്മണരേഖ വരച്ച് നല്ല ഭാര്യയായിരിക്കാൻ സർവ്വത്ര ശ്രമിച്ച ഭാവനയിൽ എനിക്ക് ചുറ്റുമുള്ള പ്രിയപ്പെട്ട പല സ്ത്രീകളെയും ഞാൻ കണ്ടു.

നാട്ടുകാരെന്ത് വിചാരിക്കുമെന്നോർക്കാതെ, ഒരുമിച്ച് കഴിയാൻ വീർപ്പുമുട്ടൽ അനുഭവപ്പെട്ടത് കൊണ്ട്‌ ഭർത്താവിൽ നിന്നും അകന്ന് ജീവിക്കുന്ന പുസ്തകസ്നേഹിയായ അമ്മ. ദാമ്പത്യത്തിലെ കല്ലുകടികൾ വിവാഹമോചനഹർജിയുടെ വക്കോളമെത്തവേ ‘പെണ്ണായാൽ ഭൂമിയോളം ക്ഷമിക്കണ’മെന്ന ക്‌ളീഷേ ഡയലോഗ് പറയാതെ ‘കൂട്ടിനുള്ളിലാണെങ്കിൽ ചിറക് വിടർത്താൻ ഇടമില്ല. പക്ഷേ പിടിച്ചിരിക്കാൻ അഴിയുണ്ട്. ആകാശത്താണെങ്കിൽ ചിറക് വിടർത്താൻ ഇടമുണ്ട്. പക്ഷെ പിടിച്ചിരിക്കാൻ അഴിയില്ല’ എന്ന്‌ ടാഗോർ എഴുതിയത് ഓർമ്മിപ്പിച്ച ശേഷം മകളുടെ ജീവിതം അവളുടെ തീരുമാനത്തിന് വിടുന്ന ഭാവനയുടെ അമ്മ, സ്വന്തം മകൾക്കു ജീവിതത്തിൽ നൽകുന്ന ഏറ്റവും വലിയ ഉപദേശമായും സമൂഹത്തിലെ ഓരോ മാതാപിതാക്കൾക്കും തന്റെ മക്കൾക്ക് നൽകാവുന്ന ബ്രിഹത്തായ സാരോപദേശമായും വരച്ചു കാട്ടുന്നു.

“ഒരാളുടെ സേവനങ്ങൾക്കു മറ്റൊരാൾ നൽകുന്ന പ്രതിഫലമല്ല, സ്നേഹം. അത് ഒരാൾ മറ്റേയാളിൽ കണ്ടെത്തുന്ന പൂർണതയാണ്. ” എഡ്വേഡ് റോസ് പുഷ്പങ്ങളും കൺകെട്ടുവിദ്യകൊണ്ടുള്ള മായാലോകവും… എത്ര ഭംഗിയായാണ് എഴുത്തുകാരി പ്രണയത്തെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിശുദ്ധപ്രണയത്തിന്റെ ഒരു തലം ഇവിടെ കാണാവുന്നതാണ്. “നിങ്ങൾക്ക് വേണ്ടത് ആദരവാണ്, കിട്ടിയിട്ടില്ലാത്തതും അതാണ്.” ഇത്തരത്തിൽ പ്രണയത്തിന്റെ, അംഗീകാരത്തിന്റെ, ആദരവിന്റെ ചിത്രം വരച്ചിടുന്നുണ്ട് ഖയാലുദ്ദീൻ തങ്ങളിലൂടെ മീരയെന്ന എഴുത്തുകാരി. രാമക്ഷേത്രം പണിയാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവുണ്ടായ ദിവസം തന്നെ കഥയിലെ ദുരന്തദിവസമായി അടയാളപ്പെടുത്തുക വഴി ആ സാമൂഹിക വിഷയത്തിലേക്കും എഴുത്തുകാരി കഥയിലൂടെ ഇറങ്ങിച്ചെന്നിട്ടുണ്ട്.

ഭാവനയെന്ന സ്ത്രീയുടെയുള്ളിൽ പരിപൂർണ്ണത പ്രദാനം ചെയ്യും വിധം, സവിശേഷമായ ഒട്ടേറെ അനുഭവങ്ങൾ പ്രദാനം ചെയത് കൊണ്ടാണ്‌ ഖബർ കേസ്‌ ഹർജിക്കാരന്റെ അഭാവത്തിൽ അവസാനിക്കുന്നത്. “ജീവിതത്തിൽ ആദ്യമായി മറ്റൊരാളിന്റെ അസാന്നിധ്യത്തിൽ ഞാൻ പരിപൂർണ്ണത അനുഭവിച്ചു.” എന്ന് ഭാവന പറയുന്നിടത്ത് നോവൽ അവസാനിക്കുന്നു.

ഒറ്റ ഇരുപ്പിൽ ആസ്വദിച്ചു വായിക്കാവുന്ന 100 താളുകളിൽ രേഖപ്പെടുത്തിയ ചെറിയ നോവൽ; പക്ഷെ കുറെ നാളുകളോളം മനസ്സിൽ ഇട്ടു നുണയാൻ പോന്ന പല സംഭവങ്ങളും ഇതിൽ അടയാളപ്പെടുത്തുന്നുണ്ട്. കെ.ആർ മീരയുടെ എല്ലാവരം വായിച്ചിരിക്കേണ്ട മറ്റൊരു മികച്ച സൃഷ്ടി തന്നെയാണ് ഡി സി ബുക്സിലൂടെ പുറത്തിറങ്ങിയ ഖബർ എന്ന നോവൽ.

പുസ്തകം  വാങ്ങാന്‍  സന്ദര്‍ശിക്കുക

 

Comments are closed.