DCBOOKS
Malayalam News Literature Website

ജാതീയതയാണ് രാജ്യത്തെ ഏറ്റവും വലിയ ദുരന്തം; പ്രൊഫ. കെ എസ് ഭഗവാന്‍

അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന് മൂര്‍ച്ചകൂട്ടണമെന്ന് പ്രമുഖ കന്നഡ എഴുത്തുകാരന്‍ പ്രൊഫ. കെ എസ് ഭഗവാന്‍. ജാതീയതയാണ് രാജ്യത്തെ ഏറ്റവും വലിയ ദുരന്തമെന്നും അത് ഇല്ലാതാക്കാന്‍ മിശ്രവിവാഹത്തിന് യുവാക്കള്‍ തയ്യാറാവണമെന്നും കെ എസ് ഭഗവാന്‍ പറഞ്ഞു. കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ‘നാവടക്കില്ല’ ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യവംശത്തിനാകെ ഫാസിസം ഭീഷണിയായിരിക്കുകയാണ്. ജനാധിപത്യവും ഫാസിസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇവിടെ നടക്കുന്നത്. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാനും അസഹിഷ്ണുത പടര്‍ത്താനുമുള്ള വര്‍ഗീയശക്തികളുടെ നീക്കത്തെ എല്ലാവരും ജാഗ്രതയോടെ കാണണം. ഗാന്ധിജിയെ കൊന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയത്. എന്നാല്‍ ഒരു ഗൗരിയെ അവര്‍ ഇല്ലാതാക്കിയാല്‍ നൂറ് ഗൗരിമാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും- അദ്ദേഹം പറഞ്ഞു. കേരളം ജാതിയുടെയും മതത്തിന്റെയും പേരിലുളള വേര്‍തിരിവ് കുറഞ്ഞ സംസ്ഥാനമാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ സമൂഹമായിരുന്നു കേരളത്തിലേത്. അതിനാലാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അതിനെ മാറ്റിയെടുക്കുന്നതിന് മുഖ്യപങ്ക്വഹിച്ചത് ശ്രീനാരായണഗുരുവിനെപോലുള്ള സമൂഹപരിഷ്‌കര്‍ത്താക്കളാണ്. തുടര്‍ന്ന് കേരളത്തില്‍ അധികാരത്തിലെത്തിയ ഇ എം എസ് സര്‍ക്കാര്‍ സാമൂഹ്യമാറ്റത്തിന് ശക്തിപകര്‍ന്നു. അതിന്റെ ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്. സാമൂഹ്യ അനീതി നന്നായി കുറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും മതേതരതത്വം ഉയര്‍ത്തിപ്പിടിക്കാനും കഴിഞ്ഞു.

രാജ്യത്തെമ്പാടും ദൈവത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ വര്‍ഗീയതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്. ഹിന്ദു വര്‍ഗീയവാദികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാമനെ മനുഷ്യനായാണ് ആദികവി വാത്മീകി ചിത്രീകരിച്ചത്. ചാതുര്‍വര്‍ണ്യം വന്നതോടെയാണ് രാമന്‍ ദൈവമാകുന്നത്. ചാതുര്‍വര്‍ണ്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെയാണ് സമത്വത്തെക്കുറിച്ചു പറയാനാവുക. വാത്മീകിതന്നെ രാമായണത്തില്‍ ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്. മനുസ്മൃതിയില്‍ ബ്രാഹ്മണന്റെ അടിമയാണ് ശൂദ്രന്‍. സ്ത്രീകളുടെയും തൊഴിലാളികളായ ശൂദ്രരുടെയും സ്ഥാനം തീരെതാഴെയാണ്. ഈ മനുസ്മൃതി നാം എങ്ങനെയാണ് സ്വീകരിക്കുക. ഹിന്ദുമതമല്ല, ബുദ്ധമതമായിരുന്നു രാജ്യത്ത് മനുഷ്യനുവേണ്ടി നിലകൊണ്ടത്. ശാസ്ത്രീയചിന്തകളും സഹിഷ്ണുതയും മാനുഷികതയുമാണ് ബുദ്ധമതം പ്രചരിപ്പിച്ചത്-കെ എസ് ഭഗവാന്‍ പറഞ്ഞു.

 

Comments are closed.