DCBOOKS
Malayalam News Literature Website

പ്രേമനഗരത്തിലൂടെ ഒരു യാത്ര…

ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന നോവലിന് വിനീത് വിശ്വദേവ് എഴുതിയ വായനാനുഭവം

പ്രണയിക്കാത്ത മനുഷ്യരുണ്ടോ ഈ ലോകത്തു, പല നോവലുകളിലായി വിവിധതരം പ്രണയങ്ങൾ നമ്മൾ ആസ്വദിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമാണ് പ്രേമനഗരത്തിലെ പ്രണയം. പ്രണയത്തെ ഉപാധികളോടെ സമീപിക്കുകയും അതിന്റെ പേരിലുള്ള ചൂഷണങ്ങളും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ നിരുപാധിക പ്രേമമെന്ന ആശയത്തിന് വളരെയധികം ഊന്നൽ നൽകിക്കൊണ്ട് എഴുതപ്പെട്ട കാവ്യാത്മകമായ ഭാഷയിൽ ഉരുത്തിരിയുന്ന നോവൽ ആണ് ബിനീഷ് പുതുപ്പണത്തിന്റെ പ്രേമാനഗരം. ഭയന്ന് ജീവിക്കേണ്ടിവരുന്ന സാമൂഹ്യ ജീവിയായ മനുഷ്യന്റെ അവസ്ഥകൾ സ്ത്രീ സ്വാതന്ത്ര്യം, അവർ നേരിടുന്ന പ്രശ്നങ്ങൾ, ഭർത്താക്കന്മാർ ഉള്ള സ്ത്രീകളുടെ ഇതര പ്രണയം, അതിനുള്ള കാരണങ്ങൾ, പുരുഷ സ്വഭാവം, തുടങ്ങി അനവധി വീക്ഷണങ്ങൾ കൂടി നോവൽ തുറന്നു കാണിക്കുന്നുണ്ട്.

Textഈ നോവലിലെ നായികയായ നീലു ഭർത്താവും പ്രായപൂർത്തിയാകാറായ മകളുമുള്ള നാല്പതുവയസ്സുകാരിയായ ഒരു സ്ത്രീയും നായകനായ മാധവ് അവിവാഹിതനും മുപ്പതു വയസ്സിനടുത്തു പ്രായമുള്ള ആളുമാണ്. സമൂഹം അംഗീകരിക്കാൻ മടികാണിക്കുന്ന ഇവരുടെ പ്രണയത്തെ അതിന്റ പരിപൂർണതയിൽ നോവൽ അനാവരണം ചെയ്യുന്നു. നോവലിലെ സ്ത്രീ പുരുഷ കഥാപാത്രങ്ങൾ സമൂഹത്തെ ധിക്കരിക്കാനോ മാറ്റത്തിനോ തയ്യാറാകുന്നില്ല. നേരെമറിച്ചു സമൂഹത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് സമൂഹം അറിയാതെ പ്രണയത്തെ ആഘോഷിക്കുകയും രതിയെ മറികടക്കുകയും ചെയ്യുന്നവർ, ബന്ധങ്ങളുടെ കെട്ടു പാടുകളിൽ സ്വയം ബന്ധിക്കപ്പെട്ടവർ, സ്വന്തം പ്രണയത്തെ മറ്റുള്ളവർക്കായി മനസ്സിലൊളിപ്പിച്ചു സ്വയം ദുഖിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവർ, വാർദ്ധക്യ കാലത്തു കണ്ടുമുട്ടുമെന്ന് സ്വയം ആശ്വസിക്കുന്നവരാണ്.

നല്ലൊരു കേൾവിക്കാരനാകുക അതിലും വലിയൊരു അറിവൊന്നും പുരുഷന് പ്രേമത്തെ കുറിച്ച് ആവശ്യമില്ലെന്ന് തോന്നിപ്പിക്കുന്ന അടിസ്ഥാനപരമായ പ്രേമത്തിന്റെ സ്ത്രീഭാഷയെ അറിയാൻ മനസ്സ് കാണിച്ചാൽ ഏതൊരു പ്രേമവും മനോഹരമാകും. സ്നേഹം ലഭിക്കുന്ന ഇടങ്ങളെ ഉപേക്ഷിക്കരുത്. എല്ലാ കാലവും അത് ലഭിച്ചെന്ന് വരില്ല. ലഭിക്കുന്ന കാലത്തോളം ഇരു കൈയും നീട്ടി അതിനെ തിരിച്ചും സ്നേഹിച്ചുകൊണ്ടേയിരിക്കുക.

150 താളുകളിൽ നിറയുന്ന പ്രേമഭാഷ്യത്തിന്റെ കാവ്യാത്മകത ഒറ്റയിരിപ്പിനു ഒപ്പിയെടുക്കാവുന്ന നല്ലൊരു വായനാനുഭവം നൽകുന്ന നോവൽ ആണ് ഡി സി ബുക്സ് പ്രസാധനം നിർവ്വഹിച്ച ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം എന്ന പുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.