DCBOOKS
Malayalam News Literature Website

പൊനോന്‍ ഗോംബെ എന്ന നോവലിനെക്കുറിച്ച് ഒരു വായനക്കാരന്റെ (ആഷിക് മജീദ്) കുറിപ്പ്

ഭീകരവിരുദ്ധപോരാട്ടത്തിന്റെ പേരില്‍ അധിനിവേശ സേന നടത്തുന്ന ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന സുലൈമാന്റെ കഥപറയുന്ന് ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ എന്ന നോവലിനെക്കുറിച്ച് ഒരു വായനക്കാരന്റെ (ആഷിക് മജീദ്) കുറിപ്പ്.

പൊനോന്‍ ഗോംബെ‘ നല്‍കിയ ഭീകരതയില്‍ നിന്നും പുറത്തുവരുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മനസ്സാകെ അസ്വസ്ഥമാണ്.

വായിച്ചു തുടങ്ങുമ്പോള്‍ ഒരു നോവല്‍ മാത്രമായിരുന്നു പൊനോന്‍ ഗോംബെ, ഇടക്കൊരു ഗ്യാപ്പ് എടുത്തപ്പോള്‍ കൗതുകത്തിനു വേണ്ടിയാണ് ഇതില്‍ പറയുന്ന സംഭവങ്ങളെപ്പറ്റി അന്വേഷിച്ചു പോയത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പോലും ക്രൂരമായ പീഡനം എന്നു വിശേഷിപ്പിച്ച സിഐഎയുടെ ക്രൂരതയുടെ മുഖമായിരുന്നു എനിക്ക് മുന്നില്‍ തെളിഞ്ഞു വന്നത്. ബിബിസി ന്യൂസ് ഈ പീഡനങ്ങള്‍ റീക്രിയേറ്റു ചെയ്തു കാണിക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഹിറ്റ്‌ലറിന്റെ നാസി സൈന്യത്തിന്റെ പീഡനമുറികളും ഗ്യാസ് ചേമ്പറുകളുമാണ് മനസ്സിലേക്ക് ആദ്യം എത്തിയത്.

9/11 നു ശേഷം ജോര്‍ജ് ബുഷ് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ആണ് ഇത്തരം തടവറകള്‍ CIA തുറക്കുന്നത്. സംശയത്തിന്റെ പേരില്‍ പിടിച്ചുകൊണ്ടു വരുന്ന ആളുകളെ പോലും ഒരു വിചാരണയും കൂടാതെ കാലങ്ങള്‍ തടവിലിട്ടു പീഡിപ്പിച്ചു. പീഡനമുറകളെപ്പറ്റി ഞാന്‍ വിശദീകരിക്കുന്നില്ല, യൂട്യൂബില്‍ തിരഞ്ഞാല്‍ BBC ന്യൂസ് വീഡിയോ ലഭ്യമാണ്. Guantanamo Bay detention camp വീഡിയോകളും ലഭ്യമാണ്.

BBC News : http://www.bbc.com/news/world-us-canada-30401100

https://en.m.wikipedia.org/wi…/Guantanamo_Bay_detention_camp

പൊനോന്‍ ഗോംബെ ഒരു മത്സ്യമാണ്. നീലയും പച്ചയും നിറമുള്ള ഒരു മത്സ്യം. നീല തലപ്പാവും മയില്പീലിയുടെ പച്ചയും നീലയും കലര്‍ന്ന ഗൗണുമിട്ടു തന്റെ ഭാര്യ ‘മഗീദ’ മുന്നില്‍ നിന്നപ്പോള്‍ മുക്കുവാനായ സുലൈമാന് അവള്‍ ഒരു പൊനോന്‍ ഗോംബെ ആണെന്നാണ് തോന്നിയത്. പക്ഷെ അന്ന് രാത്രി അധികാരികള്‍ സലൈമാനെ പിടിച്ചുകൊണ്ട് പോകുമ്പോള്‍ മഗീദ തന്റെ ശോഭനമായ ഭവിയെക്കുറിച്ച് സ്വപ്നം കണ്ടു സുഖമായി ഉറങ്ങുകയായിരുന്നു. ഇരുട്ടുനിറഞ്ഞ തടവറകളും ക്രൂരമായ പീഡനങ്ങളും ആയിരുന്നു സുലൈമാനെ കാത്തിരുന്നത്. തന്റെ പ്രിയതമന്‍ എവിടെപ്പോയി എന്നറിയാതെ മഗീദ അവനെ അന്വേഷിച്ചു നടന്നു. രണ്ടുപേര്‍ക്കും ഇനിയെന്നെങ്കിലും ജീവിതത്തില്‍ കണ്ടുമുട്ടുമോ? പട്ടിണിയും ക്രൂരതയും നിറഞ്ഞ പീഡന അറകളില്‍ നിന്നും സുലൈമാന്‍ എന്നെങ്കിലും രക്ഷപ്പെടുമോ?

ബെന്യാമിന്റെ അടുജീവിതത്തിലെ നജീബിന്റെ ജീവിതം ഇപ്പോളും കണ്മുന്നില്‍ മായാതെ നില്‍ക്കുന്നുണ്ട്. സമാനമായ ഒരു അനുഭവം തന്നെയാണ് സുലൈമാനും നല്‍കിയത്. ആടുജീവിതത്തില്‍ അനുഭവിച്ച ക്രൂരതയെക്കാള്‍ പതിന്മടങ്ങു ക്രൂരതകള്‍ ആണ് CIA ഇന്‍ട്രോഗേഷന്‍ സെന്ററുകളില്‍ സുലൈമാന്‍(മാര്‍) അനുഭവിച്ചത്. വായിച്ചു കഴിഞ്ഞപ്പോള്‍ അനുഭവപ്പെട്ട ഭീകരത ഇപ്പോളും അതെപോലെതന്നെ തുടരുന്നു.

Comments are closed.