കവിതകളെ സ്നേഹിച്ച കൊലയാളി…
ശ്രീപാർവ്വതിയുടെ കുറ്റാന്വേഷണ നോവൽ പോയട്രി കില്ലറിന് വിനീത് വിശ്വദേവ് എഴുതിയ വായനാനുഭവം
പ്രവാസലോകത്തിന്റെ ഒരു കോണിലിരുന്നുകൊണ്ടു ഫെയ്സ്ബുക്കിലും സമൂഹ മാധ്യമങ്ങളിലും എഴുതുകയും രണ്ടുവരി കവിതകള്‍ കുറിക്കുകയും ചെയ്യുന്ന എന്നിലേക്ക് ഈ പുസ്തകം എത്തിയതിന്റെ കാരണം തന്നെ ഇതിന്റെ ശീര്‍ഷകം ‘പോയട്രി കില്ലര്‍’ എന്നതു തന്നെയായിരുന്നു.
ഈ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍ തന്നെ ഒരു സിനിമ കാണുന്ന പ്രതീതിയോടേ ഓരോ കഥാപാത്രത്തിനും വായനക്കാരന്റെ മനസ്സില്‍ രൂപം മെനയാം. കഥാപാത്രങ്ങളുടെ വര്‍ണ്ണനയോ വിശദീകരണമോ നല്കി വായനക്കാരന്റെ ഭാവനാ സങ്കല്പ സ്വാതന്ത്ര്യത്തെ എഴുത്തുകാരിയായ ശ്രീപാര്‍വ്വതി തടസപ്പെടുത്തീട്ടില്ല.
ഒരു കൊലപാതകം തെളിയിച്ചുകൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. ജില്ലയില്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ എഴുത്തുകാരെ ലക്ഷ്യമിട്ട് നടക്കുന്ന കൊലപാതക പരമ്പര. അന്വേഷണ ഉദ്യോഗസ്ഥനോടൊപ്പം ഞാനും പ്രതിയെ തിരഞ്ഞുതുടങ്ങി.
കവിതകളോട് ഇത്രമാത്രം അഭിനിവേശവും ഭ്രമവുമുള്ള ആ കൊലയാളി ആരായിരിക്കും…???
പ്രസക്തമായ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് കേരള പോലീസില്‍ പോലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന സാധാരണക്കാരനായ ഡെറിക് ജോണ്‍ എന്ന ഉദ്യോഗസ്ഥന്. ഒരു അമാനുഷികനല്ലാത്ത അയാളുടെ സ്വകാര്യ ജീവിതത്തിലൂടെയും ഔദ്യോഗിക ജീവിതത്തിലൂടെയും കഥ വികസിക്കുന്നു.
തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ഒരു എഴുത്തുകാരന്റെ മരണം പൂര്‍ണമായി നഗ്നനാക്കപ്പെട്ട മൃതദേഹം ഒരു വിരലടയാളം പോലും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം. അവിടെ നിന്ന് ലഭിക്കുന്നത് ശവശരീരത്തിന്റെ ചിത്രങ്ങളും മനോഹരമായ നാലുവരി കവിതകളും മാത്രമാണ്. തുടര്‍ന്ന് പോലീസ് നടപടികളിലൂടെയും പോസ്റ്റ്മോര്‍ട്ടം, ഇന്റര്‍വ്യൂ, മഗസര്, മൊഴി, പത്രവാര്‍ത്ത, ചാനല്‍ വാര്‍ത്ത, പത്രസമ്മേളനം, അന്വേഷണം തുടങ്ങി പല വഴികളിലൂടെ കഥ മുന്നോട്ട് സഞ്ചരിക്കുന്നു.
ഓരോ മരണം നടക്കുമ്പോള്‍ മുന്നില്‍ വരുന്ന ഓരോ പ്രധാന ചോദ്യങ്ങള്‍ ആര്? എങ്ങനെ? എപ്പോ? എന്തിനു? ഇതില്‍ എങ്ങനെ? എപ്പോ? എന്നിവയ്ക്കുള്ള ഉത്തരം പോസ്റ്റ്മോര്‍ട്ടത്തിലൂടെ ലഭ്യമാകുന്നുണ്ട്. മറ്റു ചോദ്യങ്ങളിലേക്കു തേടിപ്പോകാന്‍ വായനക്കാരനെയും അന്വേഷണ ഉദ്യോഗസ്ഥനെയും ഈ നോവല്‍ ഒരുപോലെ സമന്വയിപ്പിച്ചു കൂട്ടികൊണ്ടുപോകുന്നുണ്ട്.
ആദ്യ കൊലപാതകത്തിന് ശേഷവും എഴുത്തുകാരുടെ മരണങ്ങള് ആവര്‍ത്തിക്കപ്പെടുന്നു. അതേ രീതിയില്‍. അതേ സാഹചര്യത്തില്‍. അതേ നിലയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍. കൊലയാളി അവശേഷിപ്പിച്ചു പോകുന്നതു കവിതാശകലങ്ങളും ചിത്രങ്ങളും മാത്രം.
വായനയുടെ തുടക്കം മുതല്‍ ഓരോ കഥാപാത്രത്തെയും പരിചയപ്പെടുമ്പോള്‍ മനസ്സ് ഇതാണ് ആ കൊലയാളി എന്ന് എന്നോട് മന്ത്രിച്ചു കൊണ്ടേയിരുന്നു… അവസാനനിമിഷം വരെ മനസ്സില്‍ കൊലയാളിയുടെ മുഖം മാറി മാറി വന്നു പോയി. ഒടുവില്‍ അപ്രതീക്ഷിതമായ ദുരര്‍ത്ഥം വരുത്തി ഒരു പൂര്വകഥാചിത്രീകരണം കൂടി തന്നുകൊണ്ടു നോവല്‍ അവസാനിക്കുമ്പോള്‍ എന്നില്‍ ഒരു പുഞ്ചിരി വിടര്‍ത്തികൊണ്ട് മനസ്സ് പറഞ്ഞു അതെ അത് ഞാന്‍ തന്നെയാണ് ‘പോയട്രി കില്ലര്‍.’
ഈ നോവല്‍ വായിച്ചതിന്റെ അനന്തരഫലം കൊണ്ടാണോ അതോ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുകൊണ്ടാണോ ഞാനും എന്റെ ലാപ്ടോപ്പില്‍ www.poetrykiller.com എന്ന് ബ്രൗസ് ചെയ്തു നോക്കി. ചില നടന്ന സംഭവങ്ങളുടെ നിഴല്‍ ചിത്രംപോലെ ചില ചോദ്യങ്ങള്‍ ബാക്കിയാക്കി പോയട്രി കില്ലര്‍ എന്നില്‍ ജീവിക്കുണ്ട്.
അവസാനം വരെ വായനക്കാരനെ പിടിച്ചിരുത്താനും പറയുന്ന കാര്യങ്ങള്‍ക്ക് യുക്തിഭദ്രത നല്കാന് കഴിഞ്ഞതിനാലും പോയട്രി കില്ലറിന്റെ ആവിഷ്കരണ കാര്യത്തില്‍ ശ്രീപാര്‍വതി അഭിനന്ദനം അര്‍ഹിക്കുന്നു.
ക്രൈം ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഉറപ്പായും പോയട്രി കില്ലര്‍ ഇഷ്ടമാകും.
Comments are closed.