DCBOOKS
Malayalam News Literature Website

അപരന്‍ പയ്യന്നൂരുകാരന്‍ : ‘ചിത്രം ഇത്ര പുകിലാവുമെന്ന് അറിഞ്ഞില്ല’

modiരണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയായിരുന്നു. കരിമ്പൂച്ചകളില്ലാതെ മോഡി റെയിൽവേ സ്റ്റേഷനിൽ എന്ന പേരിൽ ആ ചിത്രം സോഷ്യൽ മീഡിയയിൽ പറക്കുകയായിരുന്നു. സുരക്ഷാ വലയമൊന്നുമില്ലാതെ മോദി ഒരു സാധാരണ പാന്‍റും ടീഷര്‍ട്ടും ധരിച്ച് സൈഡ് ബാഗും തൂക്കി മൊബൈല്‍ നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം. സൈഡ് ആംഗിളില്‍ നിന്നുള്ള ചിത്രം എത്ര സൂക്ഷിച്ച് നോക്കിയാലും അത് മോദിയല്ലെന്ന് പറയാനാവില്ല.

വാര്‍ത്ത പരന്നതോടെ വന്നതോടെ ചിത്രത്തിലെ പരസ്യബോര്‍ഡും സ്റ്റേഷന്‍റെ രൂപവും കണ്ട് സ്ഥലം പയ്യന്നൂര്‍ സ്റ്റേഷനാണെന്ന് തിരിച്ചറിഞ്ഞു. അപ്പോ‍ഴും യാത്രക്കാരനായ മോദി ആരാണെന്ന് മാത്രം കണ്ടെത്തിയില്ല. അപ്പോ‍ഴേക്കും ചിത്രം ദേശീയ മാധ്യമങ്ങളിലേക്കും പടര്‍ന്ന് സാക്ഷാല്‍ നരേന്ദ്രമോദി തന്നെ പ്രതികരിക്കേണ്ടുന്ന നിലവന്നു. മോദി ട്വിറ്ററില്‍ ഇങ്ങനെകുറിച്ചു: പൊതുജീവിതത്തില്‍ ഇത്തരം തമാശകളൊക്കെ അനിവാര്യമാണ്!.

തമാശക്ക് കാരണക്കാരനായ മോദിയുടെ അപരന്‍ അപ്പോ‍ഴും തിരശ്ശീലക്ക് പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ നാട്ടുകാരനായ ട്രഷറി ഉദ്യോഗസ്ഥന്‍ പ്രകാശ് ബാബുവാണ് ഫോട്ടോയിലെ മോദിയെ തിരിച്ചറിഞ്ഞ് ആദ്യം വിളിച്ചത്. പയ്യന്നൂര്‍ മാത്തില്‍ കുറുവേലി സ്വദേശി പാടാച്ചേരി കൊ‍ഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രനായിരുന്നു അത്. ദീര്‍ഘകാലം ഗള്‍ഫ് നാടുകളിലും ബോംബെയിലും മറ്റുമായി ജീവിച്ച രാമചന്ദ്രന്‍ അടുത്തിടെയാണ് പയ്യന്നൂരിലെ ജന്മനാട്ടിലെത്തിയത്. ബാംഗ്ളൂരിലാണ് കുടുംബസമേതം താമസം.

നാട്ടില്‍ അമ്മയെ കാണാന്‍ വന്ന് തിരിച്ച് ബാംഗ്ളൂരിലേക്ക് തന്നെ മടങ്ങാന്‍ തീവണ്ടി കാത്ത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ആരോ പകര്‍ത്തി വാട്സാപ്പിലിട്ടതാണ് ചിത്രം. നമ്പര്‍ സംഘടിപ്പിച്ച് ബംഗ്ലൂരിലേക്ക് വിളിച്ചപ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞു: ”വാട്സാപ്പിലൂടെയാണ് ഞാനും ചിത്രം കണ്ടത്. ചിത്രം ഇത്ര പുകിലാവുമെന്ന് അറിഞ്ഞില്ല. മുമ്പ് ഇത്തരം പല അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും പരമാവധി ഒ‍ഴിഞ്ഞ് മാറാനാണ് ഞാന്‍ ശ്രമിക്കാറ്. ഇപ്പോള്‍ ചിത്രം പ്രചരിച്ച് സാക്ഷാല്‍ മോദിയുടെ വരെ ശ്രദ്ധയില്‍ വന്ന സ്ഥിതിക്ക് ഇനി എങ്ങനെ പുറത്തിറങ്ങി നടക്കാനാവുമെന്ന് അറിയില്ല”

രണ്ട് വര്‍ഷം മുമ്പ് നാട്ടിലെ ഒരു കല്ല്യാണത്തിന് കൂടാന്‍ വന്നപ്പോ‍ഴുള്ള രാമചന്ദ്രന്‍റെ ചിത്രമാണ് കൂടെ കൊടുത്തിരിക്കുന്നത്. ഈ ചിത്രത്തില്‍ മോദിയുടെ പറയത്തക്ക ഛായയൊന്നും പറയാനില്ല. ക‍ഴിഞ്ഞ ഒരുവര്‍ഷം കൊണ്ടാണ് രൂപം ഒരു പൂര്‍ണ്ണ മോദിയായതെന്ന് രാമചന്ദ്രനെ അറിയുന്നവര്‍ പറയുന്നു. പുതിയ ഫോട്ടോകള്‍ അയച്ചു തരാത്തത് ഇനിയും ദുരുപയോഗം ചെയ്യരുതെന്ന് ആഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.”മോദിയുടെ രൂപ സാദൃശ്യം കൊണ്ട് സന്തോഷപ്രദമായ അനുഭവമേ ഇതുവരെയും ഉണ്ടായിട്ടുള്ളൂ. ഇനിയും അങ്ങനെ തന്നെ ഉണ്ടാവട്ടേ എന്നാണ് പ്രാര്‍ത്ഥന”- -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.