‘പ്ലാനറ്റ് -9’; ഭൂമി കേന്ദ്രമാക്കി ഭൗമേതര ജീവികളുടെ ഭൂമിക
മായാ കിരണിന്റെ ഏറ്റവും പുതിയ പുസ്തകം ‘പ്ലാനറ്റ്-9’ ന് വിനീത് വിശ്വദേവ് എഴുതിയ വായനാനുഭവം
മായാകിരണിന്റെ ക്രൈം ഫിക്ഷൻ ത്രില്ലെർ നോവലായ ‘ബ്രെയിൻ ഗെയിം’ വായിച്ചതിനുശേഷം കുറച്ചു ദിവസത്തേക്ക് മറ്റുപുസ്തകങ്ങളിലേക്കോ എഴുത്തുകളിയിലേക്കോ എനിക്ക് പോകുവാൻ സാധിക്കാതെ എന്റെ ചിന്തകളെ ചില ചോദ്യ മുനകൾ വേട്ടയാടിക്കൊണ്ടിരുന്നു. പിന്നീട് ഞാൻ ആ ചോദ്യങ്ങൾ ഉന്നയിച്ച പേജുകളിലേക്കു ഒന്നുകൂടി പരതി ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചിരുന്നു.
പിന്നീടിറങ്ങിയ പ്ലാനറ്റ് -9 ഞാൻ വായിക്കുന്നത് ഒരു ആകാശയാത്രയിൽ ആയിരുന്നു. അങ്ങനെതന്നെ ആയിരിക്കണമെന്ന് കരുതാൻ കാരണം അതിന്റെ തലക്കെട്ട് തന്നെയായിരുന്നു. ഭൂമിയിലല്ലാതെ മറ്റൊരു ഭ്രമണപഥത്തിൽ ആയിരിക്കണമെന്ന ചിന്തയുടെ അനന്തരഫലം. ആ യാത്രയിൽ എനിക്ക് പുസ്തകത്തെ മുഴുവനായി തിന്നു തീർക്കാൻ സാദിക്കാതെപോയി പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ വായിച്ചു തീർക്കുകയും ചെയിതു.
ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന വ്യക്തികൾ വൈവിധ്യമാർന്നവരായിരിക്കുന്നതുപോലെ അവരുടെ ചിന്താഗതികളും വൈവിധ്യമാകും. എത്ര തിരക്കുള്ള മനുഷ്യരായിരുന്നാലും ഒരിക്കലെങ്കിലും ചിന്തിച്ചു പോകുന്ന സൗരയൂഥത്തെക്കുറിച്ചും ഭൂമിയുടെ ഉല്പത്തിയെയും അന്യഗ്രഹ ജീവികളെക്കുറിച്ചും ചില ചോദ്യങ്ങൾ അന്വേഷണ വിധേയരാക്കുമ്പോൾ പലപ്പോഴും ഒരു ജിജ്ഞാസ നമ്മളിൽ ഉണർത്താറുണ്ട്.
എഴുത്തുകാരി ഒരുപാട് അന്വേഷണ നിരീക്ഷണങ്ങളൊക്കെ നടത്തിയിട്ടാണ് പ്ലാനറ്റ് – 9 വായനക്കാരനിൽ എത്തിച്ചിരിക്കുന്നത് എന്നുള്ള വസ്തുത ഓരോ താളുകൾ മറിക്കുമ്പോഴും ആ വരികളിലൂടെ മനസിലാക്കാൻ സാധിക്കുന്നു. പുതിയ കാര്യങ്ങൾ തിരക്കിപ്പിടിച്ചു കണ്ടെത്താൻ ശ്രമങ്ങൾ നടത്തതൊരാൾക്കു ആദ്യമൊക്കെ അല്പം ഗ്രഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നു വന്നേക്കാം. സയൻസ് ഫിക്ഷൻ ഴോണറിൽ വന്നതിനാൽ ചില വാക്കുകളും പ്രയോഗങ്ങളും എനിക്ക് വളരെ അപരിചിതമായിരുന്നതിനാൽ ഗൂഗിൾ സെർച്ചുകളൊക്കെ നടത്തി വായനയെ ആസ്വാദനമികവുറ്റതാക്കി മാറ്റുകയായിരുന്നു.
വലിയ ഒരു ക്യാൻവാസിൽ വികസിക്കുന്ന ഈ നോവലിൽ വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമാണുള്ളത്. ഭൂമിയെ ലക്ഷ്യമാക്കി ഒരു ആസ്ട്രോ ഹോളോകാസറ്റ് അഥവാ ഒരു ഏലിയൻ സാന്നിധ്യം പുറപ്പെട്ടിട്ടുണ്ടെന്നു ശാസ്ത്രലോകം മനസ്സിലാക്കുന്നു. അതിനുള്ള തെളിവുകൾ ലോകത്തിന്റെ 3 ഭാഗങ്ങളായ ഇന്ത്യയിലെ ഇടുക്കി ഡാം, കൊളംബിയയിലെ ഹൈഡ്രോ ഇടുവാൻകോ ഡാം, ബ്രസീലിലെ ബ്രൂമാടിൻഹോ ഡാം എന്നിവടങ്ങളിൽ നിന്നും ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നു.
പ്രശ്സ്തനായ ശാസ്ത്രജ്ഞൻ Dr. ജിതേന്ദ്ര ആസാദ്, അദ്ദേഹത്തിന്റെ പുത്രൻ അർജുൻ ജിതേന്ദ്ര ഇവർ തമ്മിലുള്ള ചെറു പരിഭവങ്ങൾ. ശാസ്ത്രലോകത്തെ സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം, ശാരദേന്ദു വൈദ്യപതി എന്ന കഥാപാത്രത്തിലൂടെയുമൊക്കെ പ്രതിനിധാനം ചെയ്തിരിക്കുന്നു. അർജുന്റെ മക്കൾ നിഹാരിക, ആദി, വാൾട്ടൻ, അനീറ്റ, അനാമിക തുടങ്ങിയ കഥാപാത്രങ്ങളും പ്രാധാന്യം അർഹിക്കുന്നു. കൂടാതെ ആദിക്കുണ്ടാകുന്ന ഡ്രീം പ്രേമോനിഷൻ ഇതെല്ലാം കഥയുടെ രസങ്ങളുടെ ഭ്രമണപഥം സൃഷ്ടിക്കുന്നു.
സയൻസ് ഫിക്ഷൻ ആവശ്യപ്പെടുന്നത് വിഷയത്തിലെ അഗാധമായ അറിവിനൊപ്പം തികഞ്ഞ താൽപര്യവും ശാസ്ത്രത്തിനു അപ്പുറം സഞ്ചരിക്കുന്ന ഭാവനയും വേണമെന്നു ഞാൻ വിശ്വസിക്കുന്നു. അത് മാത്രമല്ല ഭാവനയെ യുക്തികൊണ്ട് വിശദീകരിക്കുകയും വേണം. എന്നാൽ മാത്രമേ ഒരേസമയം ശാസ്ത്ര കുതുകികളെയും ഫാൻ്റ്സി കഥകളെ ഇഷ്ടപ്പെടുന്നവരെയും തൃപ്തിപ്പെടുത്താൻ സാധ്യമാകുകയുള്ളൂ. അത്തരത്തിലുള്ള സയൻസ് ഫിക്ഷൻ എഴുത്തുകൾ ആണ് കാലത്തെ അതിജീവിച്ച് വായിക്കപ്പെട്ടിട്ടുള്ളതും.
മനുഷ്യപക്ഷത്ത് നിന്ന് കഥ പറയുന്നുവെങ്കിൽ തന്നെയും അപരമായി നിൽക്കുന്ന ഏലിയൻ നാഗരികതയ്ക്ക് ഒരു മാനുഷികതയുടെ പരിവേഷം നൽകാൻ ശ്രമിച്ചിട്ടുള്ളതുകൊണ്ടു കൂടുതൽ വായനകൾ ആവശ്യപ്പെടുന്നതുമാണ് എന്ന് എനിക്ക് തോന്നിപോയി. മനുഷ്യർ ചിന്തിക്കുന്നതും ചെയ്യുന്നതും അതിനെക്കാൾ നന്നായി നിർവഹിക്കാൻ കഴിയുന്ന ഒരു ഏലിയൻ സിവിലൈസേഷൻ ഭൂമിക്ക് എത്രത്തോളം ഭീഷണിയായി മാറിയിരിക്കുന്നു എന്ന് നോവൽ വായിച്ച് തന്നെ അറിയണം. ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ കഥ നടക്കുന്നത് പൂർണമായും ഭൂമിയിൽ തന്നെയാണ്, അതേസമയം ഒരു ഏലിയൻ കഥാപാത്രം പോലും നോവലിൽ പ്രത്യക്ഷപ്പെടുന്നില്ല. ഭൂമി കേന്ദ്രമാക്കി ഭൗമേതര ജീവികളുടെ കഥ അവരുടെ അഭാവത്തിൽ പറയാൻ ശ്രമിക്കുന്നത് തികച്ചും കൗതുകം ജനിപ്പിക്കുന്നുണ്ട്.
കൂടുതലും ചർച്ചകളും റെഫറെൻസ് കളുമൊക്കയാണ് നോവലിന്റെ ഭാഗങ്ങൾ. നോവലിൻ്റെ പോരായ്മകൾ ആയി അനുഭവപ്പെട്ടത് ഇടകലർത്തിയുള്ള ഇംഗ്ലീഷ് – മംഗ്ലീഷ് പ്രയോഗങ്ങളാണ്. ചിലയിടങ്ങളിൽ സസ്പെൻസ് അമിതമായി നിലനിർത്താൻ ശ്രമിച്ചു എന്ന് തോന്നി. ബയോസയൻസിലും കോസ്മോളജിയിലും താൽപര്യം ഉള്ളവർക്ക് നന്നായി ആസ്വദിക്കാൻ കഴിയുന്ന നോവലാണിത്. എല്ലാത്തിലും മീതെ നല്ലൊരു ക്ലൈമാക്സും അങ്ങനെ ഈ ഭൂമിയിലെ തന്നെ നിഗൂഢമായ പലതിനെക്കുറിച്ചും ഒരു അറിവ് കൂടി പകർന്നു തരുന്നുണ്ടു എഴുത്തുകാരി. ഭൂമി ലക്ഷ്യമാക്കി വരുന്ന ഏലിയൻ ജീവികൾ കോസ്മോ സയൻസ് ഫിക്ഷൻ്റെ സ്ഥിരം തീമാണ്. അത് തന്നെയാണ് പ്ലാനറ്റ് നയനും പറയുന്നത്. പക്ഷേ, ഈ നോവൽ ഇതേ ആശയത്തെ തികച്ചും പുതുമയുള്ളൊരു കോണിലൂടെ അവതരിപ്പിക്കുന്നു എന്നതുകൊണ്ട് വ്യത്യസ്തമായ വായനനാനുഭവം ഓരോരുത്തർക്കും നൽകുമെന്ന് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.
Comments are closed.