DCBOOKS
Malayalam News Literature Website

ഇത് പോരാട്ട വിജയം; പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറി ഇനി തുറക്കില്ല

cocacolaജനകീയ പ്രതിഷേധത്തെതുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറി ഇനി തുറക്കില്ലെന്ന് അധികൃതര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കണമെന്ന് ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ വിശ്വനാഥന്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍, മലിനീകരണനിയന്ത്രണബോര്‍ഡ്, പെരുമാട്ടി പഞ്ചായത്ത് തുടങ്ങി വിവിധ കക്ഷികളുടെ ഹര്‍ജികള്‍ ജസ്റ്റിസുമാരായ റോഹിന്റണ്‍ നരിമാനും സഞ്ജയ്കിഷന്‍ കൗളും ഉള്‍പ്പെട്ട ബെഞ്ച് തീര്‍പ്പാക്കി.

ജനകീയ സമരത്തെതുടര്‍ന്ന് 13 വര്‍ഷമായി പ്ലാച്ചിമടയിലെ ഫാക്ടറി അടച്ചിട്ടിരിക്കയാണ്. ജലചൂഷണം രൂക്ഷമായതിനെതുടര്‍ന്ന് ജനകീയ സമരം ശക്തമായപ്പോള്‍ 2003ല്‍ കമ്പനിക്ക് ലൈസന്‍സ് പുതുക്കിനല്‍കേണ്ടതില്ലെന്ന് പഞ്ചായത്ത് തീരുമാനിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും മലിനീകരണനിയന്ത്രണബോര്‍ഡും പ്രവര്‍ത്തനാനുമതി നിഷേധിച്ചു. എന്നാല്‍, നടപടി നിയമവിരുദ്ധമാണെന്നു കാണിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2004ല്‍ കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കി. ഭൂമിയുടെ ഉടമസ്ഥരെന്ന നിലയ്ക്ക് കമ്പനിക്ക് ഭൂഗര്‍ഭജലം ഉപയോഗിക്കാമെന്നായിരുന്നു കോടതി ഉത്തരവ്. ഹൈക്കോടതി വിധിക്കെതിരെ പഞ്ചായത്തും മലിനീകരണനിയന്ത്രണബോര്‍ഡും സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍നിന്ന് കൊക്കകോള നാടകീയമായി പിന്മാറിയതോടെ വര്‍ഷങ്ങള്‍നീണ്ട നിയമനടപടികളാണ് അവസാനിച്ചത്. നിയമനടപടികള്‍ തുടരുന്നത് കമ്പനിയുടെ പ്രതിച്ഛായക്ക് ഇനിയും മങ്ങലേല്‍പ്പിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് പിന്മാറ്റമെന്ന് പ്ലാച്ചിമട സമരസമിതി പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ശങ്കര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിനായി റോമി ചാക്കോ, പെരുമാട്ടി പഞ്ചായത്തിനുവേണ്ടി വി രഘുനാഥ്, പ്‌ളാച്ചിമട സമരസമിതിക്കുവേണ്ടി ഷൊമോന ഖന്ന തുടങ്ങിയവര്‍ ഹാജരായി..

അതേയമയം, കമ്പനികളുടെ പ്രവര്‍ത്തനാനുമതി ലൈസന്‍സ് പുതുക്കാതിരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചില്ല. സമാനമായ മറ്റ് കേസുകള്‍ വരുമ്പോള്‍ ഈ വിഷയവും പരിഗണിക്കാമെന്നാണ് കോടതിനിലപാട്.

Comments are closed.