DCBOOKS
Malayalam News Literature Website

ചിരഞ്ജിവിയായ പരശുരാമന്റെ ജനനം മുതലുള്ള കഥ

ഭൂമിദേവി, ദുഷ്ടശക്തികളെക്കൊണ്ട് വീര്‍പ്പുമുട്ടി പരിഭ്രാന്തയായി ബ്രാഹ്മാവില്‍ അഭയം തേടി. ഉടന്‍ തന്നെ ബ്രഹ്മാവ് ഭൂമിദേവിയെ മഹാവിഷ്ണുവിന്റെ അടുക്കലെത്തിച്ചു. ജമദഗ്നിയുടെ പുത്രനായി മഹാവിഷ്ണു ജനിച്ചുകൊള്ളാമെന്നും ദുഷ്ടന്മാരെ നിഗ്രഹിച്ചുകൊള്ളാമെന്നും ഉറപ്പുകൊടുത്തു. അതനുസരിച്ച് രേണുക ഗര്‍ഭം ധരിച്ച് ലോകത്തിലെ സര്‍വ്വചൈതന്യവും മുറ്റിനില്‍ക്കുന്ന ഒരു ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി. അദ്ദേഹമാണ് പരശു ആയുധമാക്കിയ പരശുരാമന്‍. കേരളോല്പത്തി കഥയില്‍ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമന്‍.

പരശു ആയുധമാക്കിയ ഭാര്‍ഗ്ഗവപുത്രന്‍ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങള്‍ വാഴ്ത്തുന്നു. ത്രേതായുഗത്തില്‍ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തില്‍ ഭീഷ്മരുടെയും പിന്നീട് കര്‍ണ്ണന്റെ ഗുരുവായും ആയോധനകലകള്‍ അഭ്യസിപ്പിച്ചിരുന്നു. രാമന്‍ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനര്‍വായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവര്‍ത്തത്തിന്റെ കൈയേറ്റമായിട്ടാണ് പലരും പരശുരാമന്‍ ദക്ഷിണഭാരതത്തില്‍ ബ്രാഹ്മണക്ഷേത്രങ്ങള്‍ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളില്‍ രാമന്‍ വിവാദപുരുഷനാവുന്നു.

ചിരഞ്ജിവിയായ പരശുരാമന്റെ ജനനം മുതലുള്ള കഥപറയുകയാണ് മാമ്പഴം ഇംപ്രിന്റെ പ്രസിദ്ധ പരശുരാമന്‍ എന്ന പുസ്തകത്തില്‍. ഉല്ലല ബാബുവാണ് പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് ബാലകൃഷ്ണന്‍ വരച്ച മനോഹരമായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.