DCBOOKS
Malayalam News Literature Website

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു

navazപാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയതിനുപിന്നാലെയാണ് രാജി. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊന്‌സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍ ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.

പാക് സുപ്രീം കോടതിയിലെ അഞ്ചംഗ ബഞ്ച് ഐകകണ്ഠമായാണ് ഷെരീഫിനെതിരായ വിധി പ്രസ്താവിച്ചത്. വിധി മാനിച്ച് ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിയുന്നതായി തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. സത്യസന്ധനായ പാര്‍ലമെന്റ് അംഗമായി തുടരാന്‍ നവാസ് ഷെരീഫിന് യോഗ്യതയില്ലെന്ന് സുപ്രീം കോടതി ജഡ്ജി ഇജാസ് അഫ്‌സല്‍ ഖാന്‍ വിധിന്യായത്തില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

നവാസ് ഷെരീഫിനെതിരായ വിധി സുപ്രീം കോടതി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനമായ ഇസ്‌ലാമാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് സൈനികരെയും പോലീസുകാരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.

Comments are closed.