fbpx
DCBOOKS
Malayalam News Literature Website

ഭൈതികശാസത്രത്തിന്റെ വികാസപരിണാമ ചരിത്രം

DAIVAKANAM

എന്നും എപ്പോഴും നമ്മെ വിസ്മയിപ്പിക്കുന്ന മേഖലയാണ് ഭൗതികശാസ്ത്രത്തിന്റേത്. നാം കാണുന്ന ഭൂമിയും മറ്റുഗ്രഹങ്ങളും എങ്ങനെ സ്ഥിതിചെയ്യുന്നു. ഈ പ്രപഞ്ചത്തിന്റെ ഘടന എന്ത് എന്നിങ്ങനെയുള്ള അന്വേഷണമാണ് മനുഷ്യനെ പലതരത്തിലുള്ള പ്രപഞ്ചസത്യങ്ങളിലേക്ക് എത്തിച്ചത്. അവിടെനിന്നും പടിപടിയായി ഉയര്‍ന്ന് ചില അടിസ്ഥാനനിയമങ്ങളിലൂടെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഭൗതികശാസ്ത്രം വളര്‍ന്നു. ആ വളര്‍ച്ചയുടെ പൊരുളന്വേഷിക്കുകയാണ് ഡോ. കെ ബാബുജോസഫ് രചിച്ച പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ എന്ന പുസ്തകം.

ശാസ്ത്രപഠിതാക്കള്‍ക്ക് ഉത്തമസഹായഗ്രന്ഥമായി കൂടെക്കരുതാവുന്ന ഈ ഗ്രന്ഥത്തില്‍ ന്യൂട്ടോണിയന്‍ ബലതന്ത്രം, ആപേക്ഷികതാസിദ്ധാന്തം, ക്വാണ്ടം സിദ്ധാന്തം, ക്വാണ്ടം ബലതന്ത്രം, ക്വാണ്ടം ക്ഷേത്രസിദ്ധാന്തം, ഗേജ് സിദ്ധാന്തങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പുറമേ, കണികാ ഭൗതികത്തിന്റെ വികാസം എങ്ങനെ സമകാലികരുടെ വിശ്വദര്‍ശനത്തിന് പാതയൊരുക്കി എന്നും വിശദീകരിക്കുന്നുണ്ട് പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ എന്ന പുസ്തകത്തില്‍

പുസ്തകത്തിന് ഡോ കെ ബാബുജോസഫ് എഴുതിയ ആമുഖം;

ആധുനികര്‍ അഭിമാനംകൊള്ളുന്ന പ്രപഞ്ചബോധത്തിനു നിമിത്തമായത് ശാസ്ത്രപുരോഗതിയാണ്. പ്രപഞ്ചബോധം ശാസ്ത്രബോധമായി ന്യൂനീകരിക്കപ്പെട്ടുവെന്നല്ല വിവക്ഷ. എല്ലാത്തരത്തിലുള്ള അറിവിനെയും ശാസ്ത്രത്തിന്റെ കാചത്തിലൂടെ പരിശോധിക്കാന്‍ മനുഷ്യന്‍ പഠിച്ചു വെന്നേ അര്‍ത്ഥമാക്കുന്നുള്ളു. വിജ്ഞാനസമ്പാദനത്തിന് ആത്മവിശ്വാസ ത്തോടെ ആശ്രയിക്കാവുന്ന ഒരു സമ്പൂര്‍ണ പദ്ധതിയാണ് ശാസ്ത്രം. എന്നാല്‍ അതിന്റെ ബലങ്ങളെ എന്നപോലെ ദൗര്‍ബ്ബല്യങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. ശാസ്ത്രത്തെക്കാള്‍ മെച്ചപ്പെട്ട ജ്ഞാനപദ്ധതികള്‍ വേറേയുണ്ടെന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നില്ല.

 പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ
പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ

പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ബോദ്ധ്യപ്പെടുന്ന അറിവിനെയാണ് ശാസ്ത്രമെന്ന് വിശേഷിപ്പിക്കുക. ധ്യാനത്തിലൂടെയോ അന്തര്‍ജ്ഞാനത്തിലൂടെയോ ഉരുത്തിരിയുന്ന സകലതിനെയും ശാസ്ത്ര പ്പട്ടം കെട്ടിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ പ്രക്രിയകള്‍ ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ ആവിഷ്‌കാരത്തിന് അനിവാര്യമാണുതാനും.

ഭൗതികശാസ്ത്രം നൂറ്റാണ്ടുകളിലൂടെ വികസിച്ചതിന്റെ ഒരു നഖചിത്രം കോറിയിടുകയാണീ കൃതിയുടെ ലക്ഷ്യം. അശാസ്ത്രീയ വിശ്വാസങ്ങളില്‍ നിന്ന് ശാസ്ത്രീയ സിദ്ധാന്തങ്ങളിലേക്ക് ആരോഹണം ചെയ്തതിന്റെ ചരിത്രവും ദര്‍ശനവും പങ്കുവെക്കുന്നു. പൗരാണികരുടെ അയുക്തിക ഭാവനകള്‍തൊട്ട് ഏറ്റവും പുതിയ സൈദ്ധാന്തികസ്വപ്നങ്ങള്‍ വരെയുള്ള, സാമാന്യം വിസ്തൃതമായ മേഖലയിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തുന്നതിനേ ഇവിടെ മുതിരുകയുള്ളു.

ന്യൂട്ടോണിയന്‍ ബലതന്ത്രം, ആപേക്ഷികതാസിദ്ധാന്തം, ക്വാണ്ടം സിദ്ധാന്തം, ക്വാണ്ടം ബലതന്ത്രം, ക്വാണ്ടം ക്ഷേത്രസിദ്ധാന്തം, ഗേജ് സിദ്ധാന്തങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പുറമേ, കണികാ ഭൗതികത്തിന്റെ വികാസം എങ്ങനെ സമകാലികരുടെ വിശ്വദര്‍ശനത്തിന് പാതയൊരുക്കി എന്നും വിശദീകരിക്കുന്നു. പ്രപഞ്ചശാസ്ത്രത്തെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും ആഴങ്ങളിലേക്ക് എത്തിനോക്കുന്നില്ല. പുസ്തകത്തിന്റെ വലിപ്പം പരിമിതപ്പെടുത്തുന്നതിന്റെ പേരില്‍ പല വിഷയങ്ങളെയും ഒഴിവാക്കേണ്ടിവന്നു. ഘനദ്രവ്യബലതന്ത്രം (Condensed Matter Physics), തമോഗര്‍ത്ത ഭൗതികം (Black Hole Physics), ക്വാണ്ടം പ്രകാശികം (Quantum Optics) തുടങ്ങിയ പ്രയുക്ത വിഷയങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. സാംഖ്യാകീയ ബലതന്ത്രം, അരേഖീയ ഭൗതികം (Nonlinear Physics) തുടങ്ങിയ വിഷയങ്ങളെ സ്പര്‍ശിച്ചുപോകാനേ കഴിഞ്ഞുള്ളു. ശാസ്ത്രത്തിന്റെ രീതിശാസ്ത്രമാണ് അവസാന അദ്ധ്യായത്തിലെ പ്രതിപാദ്യം. ഏതാനും ആധുനിക ദാര്‍ശനികരുടെ സിദ്ധാന്തങ്ങളെ അതില്‍ അവതരിപ്പിക്കുന്നു. ഉള്ളടക്കത്തിനു പൂര്‍ണ്ണത നല്കുന്നത്, അധ്യായങ്ങളുടെ അന്ത്യത്തില്‍ കൊടുത്തിട്ടുള്ള കുറിപ്പുകളാണ്. റഫറന്‍സുകള്‍ കൂടാതെ അവയില്‍ ജീവചരിത്രപരവും വിശദീകരണപരവുമായ വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്.

ഈ ഗ്രന്ഥത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായ പ്രപഞ്ചക്കാഴ്ച തരപ്പെടുന്നതിന് അവശ്യം അറിഞ്ഞിരിക്കേണ്ട ഭൗതികശാസ്ത്രവും ചരിത്രവും ദര്‍ശനവും ഒക്കെ കൂട്ടിക്കുഴച്ച് മയപ്പെടുത്തി അവതരിപ്പിക്കുകയാണ്. കഥയല്ലെങ്കിലും ലഘുവായനയ്ക്കായി സംവിധാനം ചെയ്ത ഒരു ഗ്രന്ഥം. ഹൈസ്‌കൂള്‍ തലത്തില്‍ ഭൗതികം, ഗണിതം എന്നീ വിഷയങ്ങള്‍ പഠിക്കുന്ന, മലയാളം വായിക്കാന്‍ മടിയില്ലാത്ത മലയാളി വിദ്യാര്‍ത്ഥികളെ പ്പോലും ആകര്‍ഷിച്ചേക്കാവുന്ന ഭാഗങ്ങള്‍ ഉണ്ടിതില്‍. ഭൗതികം, രസതന്ത്രം, ഗണിതം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ ഏതെങ്കിലും വിഷയങ്ങളില്‍ താത്പര്യമുള്ള കോളജ്, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അദ്ധ്യാപകര്‍ക്കും പ്രയോജനപ്പെടും ഈ പുസ്തകം. ഭൗതികത്തിന്റെ സൈദ്ധാന്തിക വശത്തിനാണ് ഇതില്‍ ഊന്നല്‍കൊടുത്തിട്ടുള്ളത്. സിദ്ധാന്തങ്ങളുടെ സഹായത്തോടെ വേണം വിശ്വത്തിലേക്ക് കണ്‍തുറക്കാനെന്നു വിശ്വസിക്കുന്നവനാണീ ലേഖകന്‍. വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും ഈ കൃതി നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ.

50-ല്‍പരം വര്‍ഷത്തെ അദ്ധ്യാപന പരിചയമാണ് ഇത്തരമൊരു സാഹസത്തിനിറങ്ങി പുറപ്പെടാന്‍ എന്നെ പ്രേരിപ്പിച്ചത്. ഗുരുജനങ്ങള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, മുന്‍കാല സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുമായുള്ള ദീര്‍ഘകാലത്തെ പാരസ്പര്യം എന്റെ ലോക ദര്‍ശനത്തെ ഭാഗികമായെങ്കിലും രൂപപ്പെടുത്തി. അതിന്റെ അടയാളങ്ങള്‍ ഈ കൃതിയില്‍ പതിഞ്ഞുകിടപ്പുണ്ട്.  പുസ്തകങ്ങളും പ്രൊഫഷണല്‍ ജേര്‍ണലുകളും കൂടാതെ, വിക്കിപ്പീഡിയാ ലേഖനങ്ങളും എഴുത്തിന് ഉപകരിച്ചിട്ടുണ്ട്.

Comments are closed.