DCBOOKS
Malayalam News Literature Website

അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തീരുമാനം തിരുത്തണം; മുഖ്യമന്ത്രി

cm

ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിനുള്ള ടീമില്‍ പി യു ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തീരുമാനം നിര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറേഷന്‍ തീരുമാനം തിരുത്തണം. പ്രശ്‌നത്തില്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അടിയന്തിരമായി ഇടപെടണം. ഇന്ന് തന്നെ പ്രശ്‌നത്തില്‍ തീരുമാനം ഉണ്ടാകാന്‍ കായികമന്ത്രി നടപടി കൈക്കൊള്ളണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോഴിക്കോട് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാനാണ് ഫെഡറേഷന്‍ ശ്രമിക്കേണ്ടത്. ചിത്രയെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതിരിപ്പിക്കാന്‍ ഫെഡറേഷന്‍ പറയുന്ന ന്യായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാകില്ല. അവസാന നിമിഷം അയക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഇപ്പോള്‍ ഫെഡറേഷന്‍ സ്വീകരിച്ചത്. ഇത്തരം അസാധാരണ ഘട്ടങ്ങളില്‍ ചില സംവിധാനങ്ങള്‍ ഒരുക്കുവാന്‍ ഫെഡറേഷന് കഴിയേണ്ടതുണ്ട്. അത് അവര്‍ നിര്‍വഹിക്കണം മുഖ്യമന്ത്രി ആവശ്യപെട്ടു.

തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ചിത്രയെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമായിരുന്നു ഹൈക്കോടതി വിധിയോട് ഫെഡറേഷന്‍ സ്വീകരിച്ച നിലപാട്.സമയപരിധി കഴിഞ്ഞുവെന്നും ഇനിയാരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു.

Comments are closed.