DCBOOKS
Malayalam News Literature Website

പി. നരേന്ദ്രനാഥിന്റെ ചരമവാര്‍ഷിക ദിനം

പ്രശസ്ത ബാലസാഹിത്യകാരൻ പി. നരേന്ദ്രനാഥ് 1934-ൽ പാലക്കാട്ടെ പട്ടാമ്പിക്കടുത്ത് നെല്ലായ എന്ന ഗ്രാമത്തിൽ ജനിച്ചു. രാഷ്ട്രീയപ്രവർത്തകനും ഇൻഷുറൻസ് ഏജന്റുമായിരുന്ന എം.കെ. നമ്പൂതിരി ആയിരുന്നു പിതാവ്. അമ്മ പൂമരത്തിൽ കുഞ്ഞിക്കുട്ടി കോവിലമ്മ.

ചെറുപ്പത്തിൽ മുത്തശ്ശി കുഞ്ഞിക്കാവു കോവിലമ്മയിൽ നിന്ന് നരേന്ദ്രനാഥിന് സാഹിത്യവാസന ലഭിച്ചു. വിദ്യാഭ്യാസം തൃശ്ശൂരിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹത്തിന് കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. 19-ആം വയസ്സിൽ കൊച്ചിൻ കമേഴ്സ്യൽ ബാങ്കിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. ധനശാസ്ത്രം, ബാങ്കിംഗ് എന്നിവയിൽ വിജ്ഞാനവും ബിരുദങ്ങളും നേടി. 1963 മുതൽ കാനറാ ബാങ്കിൽ‍ ജോലി ചെയ്തു.

18-ആം വയസ്സിൽ ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഘലകൾ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. കുഞ്ഞിക്കൂനൻ എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാർഡും അന്ധഗായകന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരവും ലഭിച്ചു. വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ എന്നീ കൃതികൾക്ക് ഹിന്ദി, തമിഴ് പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30-ൽ പരം കൃതികളുടെ കർത്താവ്. 1991 നവംബർ 3-നു അന്തരിച്ചു.

Comments are closed.