DCBOOKS
Malayalam News Literature Website

തിരുനല്ലൂര്‍ കരുണാകരന്റെ ജന്മവാര്‍ഷികദിനം

കവിയും സാഹിത്യകാരനും വിവര്‍ത്തകനും അധ്യാപകനുമായിരുന്ന തിരുനല്ലൂര്‍ കരുണാകരന്‍ 1924 ഒക്ടോബര്‍ 8ന് കൊല്ലം ജില്ലയിലെ പെരിനാട് ജനിച്ചു. പി.കെ.പത്മനാഭനും എന്‍. ലക്ഷ്മിയുമായിരുന്നു മാതാപിതാക്കള്‍. എന്‍.എസ്.എസ്. ഇംഗ്ലീഷ് ഹൈസ്‌ക്കൂളിലും കൊല്ലം എസ്.എന്‍.കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.

കൊല്ലം എസ്.എന്‍. കോളേജില്‍ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1954ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം.എ നേടി. ആ വര്‍ഷം തന്നെ കോളേജ് അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 1975ല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായി. 1981ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു.

സമാഗമം, മഞ്ഞുതുള്ളികള്‍, സൗന്ദര്യത്തിന്റെ പടയാളികള്‍, പ്രേമം മധുരമാണ് ധീരവുമാണ്, റാണി, അന്തിമയങ്ങുമ്പോള്‍ (ഗാന സമാഹാരം), താഷ്‌കെന്റ്, തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍, ഒരു മഹായുദ്ധത്തിന്റെ പര്യവസാനം, പുതുമഴ (കുട്ടിക്കവിതകള്‍), അനുസ്മരണങ്ങള്‍ (ലേഖനങ്ങള്‍), മേഘസന്ദേശം, അഭിജ്ഞാനശാകുന്തളം, ജിപ്‌സികള്‍, ഒമര്‍ഖയാമിന്റെ ഗാഥകള്‍, പ്രാചീന ഭാരതത്തിലെ ഭൗതികവാദം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍ എന്ന സമാഹാരത്തിന് 1985ലെ ആശാന്‍ പുരസ്‌കാരവും 1988ലെ വയലാര്‍ അവാര്‍ഡും ലഭിച്ചു. ഗ്രീഷ്മ സന്ധ്യകള്‍ക്ക് മൂലൂര്‍ അവാര്‍ഡും അബുദാബി ശക്തി അവാര്‍ഡും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുര്‍സ്‌കാരവും ലഭിച്ചിട്ടുണ്ട്. 2006 ജൂലൈ 5 ന് ജന്മനാട്ടില്‍ വച്ച് അന്തരിച്ചു.

 

Comments are closed.