DCBOOKS
Malayalam News Literature Website

സുകുമാരിയുടെ ജന്മവാര്‍ഷിക ദിനം

പ്രശസ്ത തെന്നിന്ത്യന്‍ നടി സുകുമാരി ബാങ്ക് മാനേജരായിരുന്ന മാധവന്‍നായരുടേയും സത്യഭാമയുടേയും മകളായി 1940 ഒക്ടോബര്‍ ആറിന് നാഗര്‍കോവിലിലാണ് ജനിച്ചത്. ഏഴാം വയസ്സില്‍ മദ്രാസിലെത്തിയ സുകുമാരി അവിടെ കഥകളി, ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കല്‍ നൃത്തകലകളില്‍ പഠനം തുടര്‍ന്നു. പത്താം വയസില്‍ ഒരു ഇരവ് എന്ന തമിഴ്ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സിനിമയില്‍ മുഖം കാണിക്കുന്നത്.

സത്യനും രാഗിണിയും പ്രധാന കഥാപാത്രങ്ങളായ തസ്‌ക്കരവീരന്‍ എന്ന മലയാള ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്. വില്ലനായ കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. കൂടപ്പിറപ്പ്, നാടോടികള്‍, കാല്‍പ്പാടുകള്‍, ഉമ്മിണിത്തങ്ക, വധി തന്ന വിളക്ക്, ചിലമ്പൊലി തുടങ്ങിയ ചിത്രങ്ങള്‍ ഇറങ്ങിയതോടെ സുകുമാരി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു.

ചെറുപ്പത്തിലെ സിനിമയില്‍ വന്നെങ്കിലും റോളുകള്‍ പലതും മുതിര്‍ന്നവരുടേതായിരുന്നു. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ നായികയായും അമ്മയായും സുകുമാരി അഭിനയിച്ചിട്ടുണ്ട്. അമ്മവേഷം കഴിഞ്ഞാല്‍ പിന്നെ ഹാസ്യ വേഷങ്ങളിലാണ് സുകുമാരി തിളങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ത്തിലധികം ചിത്രങ്ങളില്‍ സുകുമാരി അഭിനയിച്ചു.

60 വര്‍ഷം തുടര്‍ന്ന അഭിനയ സപര്യയ്ക്കിടയില്‍ നിരവധി പുരസ്‌കാരങ്ങള്‍ സുകുമാരിയമ്മയെ തേടിയെത്തി. 1974 ,1979, 1983, 1985 വര്‍ഷങ്ങളില്‍ മലയാളത്തിലെ മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത് സുകുമാരിക്കാണ്. കലൈ സെല്‍വം, കലൈമാമണി പുരസ്‌കാരങ്ങള്‍ നല്‍കി തമിഴകവും അമ്മയെ ആദരിച്ചു. 2003ല്‍ രാജ്യം പത്മശ്രീയും നല്‍കി. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 2013 മാര്‍ച്ച് 26ന് അവര്‍ അന്തരിച്ചു.

 

 

Comments are closed.