DCBOOKS
Malayalam News Literature Website

ശരിയായ അന്വേഷണം നടത്താതെയാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്: എന്‍.എസ്. മാധവന്‍

സോളാര്‍ കേസന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ രംഗത്ത്. ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപത്രപ്രവര്‍ത്തനം പഠിക്കുകയാണോയെന്ന് മാധവന്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു മുന്‍ക്രിമിനല്‍ കേസ് പ്രതി നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തില്‍ ഫോണ്‍ സെക്‌സ് സംഭാഷണങ്ങളും അവര്‍ പറഞ്ഞ കാര്യങ്ങളും കേട്ടെഴുതി റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് നല്‍കുന്നത് ഒരു നല്ല കാഴ്ചയല്ല. മുന്‍മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തികളുടേയും പൊതുജനങ്ങളുടേയും സ്വത്ത് സംഘടിതമായി കൊള്ളയടിച്ച ഗുരുതരമായ വിഷയത്തെ ലഘൂകരിക്കാനെ ഇത്തരം കാര്യങ്ങള്‍ ഉപകരിക്കൂ എന്നും മറ്റൊരു ട്വീറ്റില്‍ എന്‍.എസ്. മാധവന്‍ കുറിക്കുന്നു

രണ്ട് ട്വീറ്റുകളിലൂടെയായിരുന്നു എന്‍.എസിന്റെ പ്രതികരണം. ‘സോളാര്‍ കേസില്‍ അഴിമതി നടന്നിരിക്കാം പക്ഷേ ലൈംഗീകപീഡനം നടന്നുവോ…? സരിതയുടെ കത്തുകള്‍ സര്‍ക്കാരിന് നല്‍കി അതില്‍ അന്വേഷണം നടത്തുവാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ജ.ശിവരാജന്‍.’ ‘പ്രമുഖ വ്യക്തികള്‍ക്ക് നേരെ സരിത നടത്തിയ വിളിച്ചു പറയലുകള്‍ നേരാവണ്ണം അന്വേഷിക്കാതെയാണ് അദ്ദേഹം ഇങ്ങനെ ചെയ്തിരിക്കുന്നത്. മഞ്ഞമാധ്യമപ്രവര്‍ത്തനം പഠിക്കുകയാണോ ജസ്റ്റിസ് ശിവരാജന്‍’ എന്‍.എസ്. മാധവന്‍ ചോദിച്ചു.

ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം നിയമസഭയുടെ വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്കും ലഭ്യമായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ തന്നെ പീഡിപ്പിച്ചെന്ന സരിതയുടെ പരാതിയും കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇതിനെതിരെയാണ് എന്‍.എസ്. മാധവന്റെ വിമര്‍ശനങ്ങള്‍.

Comments are closed.