DCBOOKS
Malayalam News Literature Website

പ്രൊഫ ജോസഫ് മറ്റത്തിന്റെ ചരമവാര്‍ഷികദിനം

കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ മറ്റത്തില്‍ അബ്രാഹമിന്റെയും അന്നമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് 1954ല്‍ ഒന്നാം ക്ലാസ്സോടെ ബിഎ പാസ്സായി. ഒരു വര്‍ഷത്തെ അധ്യാപകവൃത്തിക്കുശേഷം ദീപിക ദിനപത്രത്തില്‍ സബ് എഡിറ്ററയി പ്രവര്‍ത്തിച്ചു. 1967ല്‍ ചങ്ങനാശ്ശേരി എസ്ബി കോളജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷം പാലാ സെന്റ് തോമസ് കോളജില്‍ അധ്യാപകനായി.

നെയ്‌വിളക്ക്, പന്നഗംതോട്, ഭൂമിയുടെ ഉപ്പ്, വിളവെടുത്ത് തനിയെ, ഇലകൊഴിയുംകാലം, പാപികളുടെ കൂടാരം, ലോകം പിശാച് ശരീരം, അപ്പംകൊണ്ട് മാത്രം, പ്രണയപരവശേശുഭം, ഓടിട്ട വീട്, കറുത്തപൊന്ന് തുടങ്ങിയ നോവലുകള്‍ പ്രസിദ്ധമാണ്. ഷെര്‍ലക് ഹോംസ് കൃതികള്‍ക്കുപുറമെ അഗതാ ക്രിസ്റ്റി, മിഖായേല്‍ ഷോളഖോവ്, ഫുള്‍ട്ടന്‍ ഓസലര്‍, റോബിന്‍സണ്‍, ഗുസ്താവ്, ഫേഌബേര്‍, കാതറിന്‍ ഹ്യൂ, കസാന്‍ദസാക്കീസ്, ലൂയി സ്റ്റിവന്‍സണ്‍ തുടങ്ങിയ വിശ്വസാഹിത്യപ്രതിഭകളുടെ 50 ഓളം കൃതികള്‍ വിവര്‍ത്തനംചെയ്തു. വിശുദ്ധ അല്‍ഫോന്‍സാമ്മയെക്കുറിച്ച് എഴുതിയ കിഴക്ക് ഒരു അഗ്‌നിനക്ഷത്രം, ക്രിസ്തുവിന്റെ ജീവിതം ആസ്പദമാക്കിയെഴുതിയ ‘അത്രമേല്‍ സ്‌നേഹിക്കയാല്‍’ എന്നിവ ശ്രദ്ധേയമായ ക്രൈസ്തവദര്‍ശനകൃതികളാണ്.

2010ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും കസാന്‍ദസാക്കീസിന്റെ ഫ്രാന്‍സിസ് അസീസിയെക്കുറിച്ചുള്ള കൃതിക്ക് ഏറ്റവും നല്ല വിവര്‍ത്തനത്തിനുള്ള രാമവര്‍മ അപ്പന്‍ തമ്പുരാന്‍ അവാര്‍ഡും ലഭിച്ചു. ഷെവലിയാര്‍ കെ സി ചാക്കോ അവാര്‍ഡ്, കുടുംബദീപം അവാര്‍ഡ്, സിസ്റ്റര്‍ മേരി ബനീഞ്ഞാ അവാര്‍ഡ്, ചാവറ, കെസിബിസി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും പ്രൊഫ ജോസഫ് മറ്റത്തെ തേടിയെത്തിരുന്നു. 2013 നവംബര്‍ 5ന് 83 ാം വയസ്സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.

Comments are closed.