DCBOOKS
Malayalam News Literature Website

ഏറ്റുമാനൂര്‍ സോമദാസന്റെ ചരമവാര്‍ഷിക ദിനം

പ്രസിദ്ധ മലയാള കവിയും ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന ഏറ്റുമാനൂര്‍ സോമദാസന്‍ 1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കന്‍ കുന്നേല്‍ തറവാട്ടില്‍ ജനിച്ചു. എസ് മാധവന്‍ പിള്ളയും പാറുക്കുട്ടിയമ്മയുമാണ് മാതാപിതാക്കള്‍. എം. സോമദാസന്‍ പിള്ള എന്നായിരുന്നു ആദ്യകാല നാമം. പിന്നീട് ഏറ്റുമാനൂര്‍ സോമദാസന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

1959 മുതല്‍ 1964 വരെ കമ്പിത്തപാല്‍ വകുപ്പില്‍ ജോലി ചെയ്തു. 1966 മുതല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലും തുടര്‍ന്ന് വിവിധ എന്‍.എസ് .എസ് കോളേജുകളിലും മലയാള അധ്യാപകന്‍ ആയിരുന്നു. 1991ല്‍ പെരുന്ന എന്‍.എസ്.എസ് കോളേജില്‍ നിന്ന് വിരമിച്ചു. 1991 മുതല്‍ 2009 വരെ പെരുന്നയില്‍ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി.

ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. 1958ല്‍ പി.ആര്‍ ചന്ദ്രന്റെ ‘പുകയുന്ന തീമലകള്‍’ എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങള്‍ എഴുതിയത്. 1967 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങള്‍ എഴുതി. അക്കല്‍ദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങള്‍ക്കും സോമശേഖരന്‍ പാട്ടുകള്‍ എഴുതി.

പടവാളില്ലാത്ത കവി (കവിത), സഖി, നീയെന്റെ കരളാ (നോവല്‍), അതിജീവനം (നോവല്‍) എന്നിവയാണ് പ്രധാനകൃതികള്‍. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വാമദേവന്‍ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, മൂലൂര്‍ കവിതാ അവാര്‍ഡ്, ഉള്ളൂര്‍ സ്മാരക പുരസ്‌കാരം, പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2011 നവംബര്‍ 21ന് അദ്ദേഹം അന്തരിച്ചു.

 

Comments are closed.