DCBOOKS
Malayalam News Literature Website

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യയുടെ ജന്മവാര്‍ഷികദിനം

നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്നു വി.ആര്‍. കൃഷ്ണയ്യര്‍ എന്ന പേരിലറിയപ്പെടുന്ന വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍.1914 നവംബര്‍ 15ന് പാലക്കാട്ടെ വൈദ്യനാഥപുരത്ത് രാമചന്ദ്രയ്യരുടെയും നാരായണി അമ്മാളുടെയും മകനായി ജനിച്ച കൃഷ്ണയ്യര്‍ തന്റെ ബാല്യകാലം ചിലവഴിച്ചത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് രാമചന്ദ്രയ്യര്‍ കൊയിലാണ്ടി, കോഴിക്കോട്, തലശ്ശേരി കോടതികളിലെ തിരക്കേറിയ അഭിഭാഷകനായിരുന്നു. കോതമംഗലം എല്‍. പി സ്‌കൂളിലാണ് കൃഷ്ണയ്യര്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

അണ്ണാമലൈ യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ പഠിച്ച് തുടര്‍ന്ന് അഭിഭാഷകനായ അദ്ദേഹം 1952ല്‍ മദ്രാസ് നിയമസഭാംഗവും 1957ല്‍ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രി സഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 1968ല്‍ ഹൈക്കോടതി ജഡ്ജിയും 1970ല്‍ ലോ കമ്മിഷന്‍ (Law Commission) അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. സര്‍ക്കാരിന്റെ മൂന്ന് ഘടകങ്ങളിലും (നിയമനിര്‍മ്മാണം, കാര്യനിര്‍വ്വഹണം, നീതിന്യായം) പ്രവര്‍ത്തിച്ച ലോകത്തിലെത്തന്നെ ഏക വ്യക്തിയാണ് അദ്ദേഹം. നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യര്‍ രചിച്ച ഗ്രന്ഥങ്ങള്‍ നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു.

വാര്‍ദ്ധക്യസഹജമായ അസുഖം മൂലം 2014 ഡിസംബര്‍ 4ന് തന്റെ 100-ാം വയസ്സില്‍ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ച് അദ്ദേഹം അന്തരിച്ചു.

Comments are closed.