DCBOOKS
Malayalam News Literature Website

ഹറുകി മുറകാമിയുടെ നോവല്‍ മലയാളത്തില്‍

വിശ്വസാഹിത്യത്തിലെ ജനകീയ എഴുത്തുകാരനും എക്‌സ്പിരിമെന്റല്‍ നോവലിസ്റ്റുമാണ് ഹറുകി മുറകാമി. റിയലിസത്തിനും സങ്കല്‍പകഥകള്‍ക്കുമിടയില്‍ സചേതനമായൊരിടം കണ്ടെത്തുന്നുതാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. അപസര്‍പ്പക കഥകളും സയന്‍സ് ഫിക്ഷനുകളുമാണ് ഇവയില്‍ പ്രധാനം. എന്നാല്‍ മുറകാമി റിയലിസത്തിന്റെ കൂട്ടുപിടിച്ച് എഴുതിയ നോവലാണ് നൊര്‍വീജിയന്‍ വുഡ് (Norwegian Wood).

ടോറു വാട്ടനാബേ എന്ന ചെറുപ്പക്കാരന്റെയും അയാളുടെ ജീവിതത്തെ സ്വാധീനിച്ച നയോക്കോ, മിഡോരി എന്നീ യുവതികളുടെയും ജീവിതത്തിലൂടെ കടന്നുപകുന്ന നോവലാണ് ഹറുകി മുറകാമിയുടെ നോര്‍വീജീയന്‍ വുഡ്. തന്റെ പ്രിയസുഹൃത്ത് കിസൂക്കിയുടെ ആത്മഹത്യയോടെ വാട്ടനാബേയുടെയും കിസൂക്കിയുടെ കാമുകി നയോക്കോയുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അവര്‍ തമ്മിലുടലെടുക്കുന്ന സ്‌നേഹബന്ധത്തിന്റെ ഒരു ഘട്ടത്തില്‍വച്ച് നയോക്കോ അയാളെ ഉപേക്ഷിച്ച് പോകുകയാണ്. ആത്മസംഘര്‍ഷങ്ങളുടെ ഇടയില്‍പ്പെട്ട് കഴിയുന്ന വാട്ടനാബേയുടെ ജീവിതത്തിലേക്കാണ് മിഡോരി എന്ന പെണ്‍കുട്ടി കടന്നുവരുന്നത്. ഈ രണ്ടുപെണ്‍കുട്ടികളോടുമുള്ള സ്‌നേഹത്തിന്റെ, അഭിനിവേശത്തിന്റെ ഇടയില്‍പ്പെട്ട് സംഘര്‍ഷമനുഭവിക്കുന്ന വാട്ടനാബേയുടെ ജീവിതത്തോടൊപ്പംതന്നെ 1960 കളില്‍ ജപ്പാനില്‍ നടന്ന വിദ്യാര്‍ത്ഥിരപ്രക്ഷോഭങ്ങളും പശ്ചാത്തലമാകുന്ന നോവലാണ് നോര്‍വീജിയന്‍ വുഡ്.

ഭാവനാത്മകമായ എഴുത്തില്‍ കൂടുതല്‍ താല്പര്യംകാട്ടുന്ന മുറകാമി പക്ഷേ, നോര്‍വീജിയില്‍ ഹുഡ് (Norwegian Wood) എന്ന കൃതി പൂര്‍ണമായും റിയലിസ്റ്റിക്കായി എഴുതിയിട്ടുള്ളതാണ്. 1987 ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ ഇറങ്ങിയത് 2000 ലാണ്. ഇപ്പോഴിതാ ഈ കൃതിയുടെ മലയാളം പരിഭാഷയും പുറത്തിറങ്ങി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഗീതാഞ്ജലിയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

 

Comments are closed.