DCBOOKS
Malayalam News Literature Website

നോര്‍വീജിയന്‍ വുഡ് എന്ന നോവലിനെക്കുറിച്ച് വിവര്‍ത്തക ഗീതാഞ്ജലി എഴുതുന്നു

നോര്‍വീജിയന്‍ വുഡ് എന്ന നോവല്‍ മുറകാമിയുടെ വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്; എല്ലാവരും വായിച്ചിരിക്കേണ്ട കൃതി എന്ന് അതിനെ വിശേഷിപ്പിക്കുന്നവര്‍ നിരവധിയുണ്ടണ്ട്. ജപ്പാനില്‍ ഇത് എല്ലാവരും വായിച്ചിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെടുന്നു. പ്രമേയങ്ങള്‍ മാത്രമല്ല, ആഖ്യാനഭാഷയുടെ സൗന്ദര്യവും നോവലിന്റെ ജനസമ്മിതിക്ക് കാരണമായിട്ടുണ്ടണ്ട്. മുറകാമി 1987-ല്‍ ഈ നോവല്‍ എഴുതിയപ്പോള്‍ അതിന്റെ ശീര്‍ഷകവും ജാപ്പനീസിലായിരുന്നു. എന്നാല്‍, 2000-ല്‍ ഇംഗ്ലിഷ് തര്‍ജ്ജമ പ്രസിദ്ധീകരിച്ചപ്പോള്‍ ഇത് നോര്‍വീജിയന്‍വുഡ്  എന്നായി മാറി. മലയാളത്തിലും അതുതന്നെ നിലനിര്‍ത്തുന്നു. ബീറ്റ്ല്‍സ് 1965-ല്‍ പുറത്തിറക്കിയ ഒരു പാട്ടാണ് ‘നോര്‍വീജിയന്‍ വുഡ് ‘. അറുപതുകളിലെ റോക് സംഗീതത്തിന്റെ ഭാവങ്ങള്‍ നിര്‍ണ്ണയിക്കുന്നതിലും അന്തരീക്ഷം സൃഷ്ടിക്കുന്നതിലും പ്രധാനമായ ഒരു പങ്ക് ഈ പാട്ടിനുണ്ടായിരുന്നു. മുറകാമിയുടെ നോവലിലും സമാനമായ ഒരു സ്ഥാനമാണ് ഇതിനുള്ളത്.

മുപ്പത്തിയേഴാം വയസ്സില്‍ ഹാംബര്‍ഗ്ഗില്‍ വിമാനമിറങ്ങുമ്പോള്‍ ടോറു വാട്ടാനബെ എന്ന കഥാനായകന്‍ ‘നോര്‍വീജിയന്‍ വുഡി’ന്റെ ഒരു ഓര്‍ക്കസ്റ്റ്രല്‍ ‘കവര്‍’ രൂപം കേള്‍ക്കാനിടയാകുന്നു.മുന്‍പു പലപ്പോഴും തന്നെ ഉലച്ചിട്ടുള്ള ഈ പാട്ടിന്റെ സമ്മര്‍ദ്ദത്തില്‍, അറുപതുകളിലെ തന്റെ വിദ്യാര്‍ത്ഥി ജീവിതത്തിന്റെയും സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും ലൈംഗികതയുടെയും നഷ്ടലോകത്തേക്ക് അയാള്‍ തിരിച്ചുപോകുന്നതാണ് നോവലിന്റെ ഉള്ളടക്കം. ലക്ഷ്യബോധമോ താത്പര്യമോ കൂടാതെ നാടകപഠനവുമായി ടോറു ടോകിയോയില്‍ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്; ഇതേ നിസ്സംഗതയാണ് അപ്പോള്‍ കൊടുമ്പിരിക്കൊണ്ടുവന്നിരുന്ന ഒരു വിദ്യാര്‍ത്ഥിപ്രക്ഷോഭത്തോടും അയാള്‍ക്കുണ്ടായിരുന്നത്. കൂടെ പഠിക്കുന്ന ഉല്ലാസവതിയായ കൂട്ടുകാരിയോട് അടുപ്പമുണ്ടെങ്കിലും അത് ഒരു നല്ല പ്രണയബന്ധമായി മാറുന്നില്ല; ഇതിനു തടസ്സമായി പറയുന്ന മറ്റൊരു പെണ്‍കുട്ടിയെ അവളുടെ തകര്‍ന്ന മാനസികനിലയില്‍ നിന്ന് പുറത്തുകൊണ്ടുവരികയെന്നതും സംഭവിക്കുന്നില്ല. നഷ്ടബോധത്തോടൊപ്പംതന്നെ, നിസ്സംഗതയും അതിനോടു ബന്ധപ്പെട്ട ഇത്തരം സന്ദിഗ്ധതകളും ചേര്‍ന്നാണ് നോവലിന്റെ കേന്ദ്രാനുഭവം സൃഷ്ടിക്കുന്നത്. കഥയുടെ ഒരു ഭാഗം നടക്കുന്നത് ക്യോട്ടോവിനടുത്തുള്ള മലനിരകളിലുള്ള ഒരു സാനറ്റോറിയത്തിലാണ്. ടോകിയോയുടെ നഗരപശ്ചാത്തലത്തില്‍നിന്ന് മഞ്ഞുമലകളുടെ ശാന്തതയിലേക്ക് മാറുമ്പോള്‍ ടോറുവിന്റെ ആഖ്യാനത്തിന്റെ പ്രകൃതത്തിലും വ്യത്യാസം വരുന്നു. ആ ഘട്ടത്തില്‍ അയാള്‍ വായിക്കുന്ന പുസ്തകങ്ങളും ഈ ഭാവമാറ്റത്തെ സഹായിക്കുന്നുണ്ട്.

റോക്‌സംഗീതത്തിന്റെയും നാടോടി സംഗീതത്തിന്റെയും ഈണങ്ങളില്‍ ലയിക്കുന്ന അയാളുടെ ലൈംഗികതയ്ക്കും പരിണതിയുണ്ടാകുന്നു. ഇളം നിറത്തിലുള്ള ഒരു ജലഛായാചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന, ഘനമുള്ള പദപ്രയോഗങ്ങള്‍ ഒഴിവാക്കിയ രചനാരീതിയാണിവിടെ; ഓരോ വാക്കിനും ഒരു നിറവും ഭാവവുമുണ്ട്. ജാപ്പനീസ് സംഗീതംപോലെ അലിവുള്ള ശൈലി. ഇവയൊന്നും വാക്കുകളുടെയും നിറങ്ങളുടെയും ശൈലീഭേദങ്ങളുടെയും സ്വകീയഭാവങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ഈ വിവര്‍ത്തനത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്.

Comments are closed.