DCBOOKS
Malayalam News Literature Website

ബുദ്ധന് ഏറ്റവും ഭാരമേറിയ കുടയാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും- കല്പറ്റ നാരായണന്‍

njanum

ബുദ്ധന് മലയാളം ഇതേവരെ സമര്‍പ്പിച്ചതില്‍ ഏറ്റവും ഭാരമേറിയ കുടയാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും ‘ എന്ന നോവലെന്ന്  കല്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് അളകാപുരി ഹോട്ടലില്‍ ‘ ‘ഞാനും ബുദ്ധനും ‘ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധനെക്കുറിച്ചുവന്ന എണ്ണമറ്റ ആഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഉറ്റവരും ഉടയവരുമടങ്ങിയ പുറംലോകത്തെ ബുദ്ധന്‍ എങ്ങനെയാണ് പരിഗണിച്ചത് എന്നു പരിശോധിക്കുകയാണ് ഈ നോവല്‍. ഉപേക്ഷിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ നിറഞ്ഞ ഈ നോവല്‍ ഭാഷ കൊണ്ടും ആഖ്യാനം കൊണ്ടും വായനക്കാരെ വിസ്മയിപ്പിക്കുന്നു. പരിചയിച്ച അനേകം ബുദ്ധ ചിത്രങ്ങള്‍ക്കിടയില്‍ രാജേന്ദ്രന്റെ ബുദ്ധചിത്രം ഉള്ളു പിടയുന്ന അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം ജയചന്ദ്രന്‍  പുസ്തകം ഏറ്റുവാങ്ങി. ശക്തമായ കഥ പറയുമ്പോഴും വാക്കുകളില്‍ സംഗീതം നിറച്ച എഴുത്താണ് പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ചടങ്ങില്‍ എ കെ അബ്ദുള്‍ ഹക്കിം അധ്യക്ഷത വഹിച്ചു. പ്രസിദ്ധീകരണത്തിനു മുമ്പുതന്നെ സൗഹൃദക്കൂട്ടായ്മകളില്‍ തരംഗമായി മാറിയ ഞാനും ബുദ്ധനും മലയാളത്തിലെ മഹത്തായ നോവലുകളിലൊന്നായി സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

വി. അബ്ദുള്‍ ലത്തീഫ് പുസ്തകം പരിചയപ്പെടുത്തി. മലയാളം കടന്ന് ലോക ഭാഷകളിലേക്കു വളരുന്ന പുസ്തകമായിരിക്കും ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സി പി അബൂബക്കര്‍ , വീരാന്‍കുട്ടി,, ആര്‍ വി എം ദിവാകരന്‍, സംഗീത നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. രാജേന്ദ്രന്‍ എടത്തുംകര മറുപടി പ്രസംഗം നടത്തി. എ വി ശ്രീകുമാര്‍ സ്വാഗതവും കെ വി ശശി നന്ദിയും പറഞ്ഞു.

Comments are closed.