DCBOOKS
Malayalam News Literature Website

‘നിരീശ്വരൻ’; അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും ചോദ്യം ചെയ്യുന്ന കൃതി

വി ജെ ജയിംസിന്റെ ‘നിരീശ്വരന്‍’ എന്ന കൃതിക്ക് വിനീത് വിശ്വദേവ് എഴുതിയ വായനാനുഭവം

മനുഷ്യ കുലത്തിന്റെ കൂടപ്പിറപ്പായ അന്ധവിശ്വാസങ്ങളേയും, അനാചാരങ്ങളെയും ചോദ്യം ചെയ്യുകയാണ് ‘നിരീശ്വരൻ’ എന്ന കൃതിയിലൂടെ വി ജെ ജെയിംസ് ചെയ്യുന്നത്. അന്ധവിശ്വാസങ്ങളിൽ നിന്നും മോചനം തേടാനുള്ള ശ്രമങ്ങൾ പോലും എത്ര മാത്രം പ്രശ്നങ്ങളിലാണ് ചെന്നവസാനിക്കുന്നത് എന്ന് കൃത്യമായി വരച്ചിടുന്നു എന്നത് തന്നെയാണ് ഈ പുസ്തകത്തെ ഉൽകൃഷ്ടമാക്കുന്നത്. വിശ്വാസങ്ങളെ പരിഹസിക്കാനായി സ്ഥാപിച്ച ഒരു വിമത ദൈവം, എല്ലാത്തിനേക്കാളും വളർന്നു മഹാശക്തിയായി മാറുന്നന കാഴ്ച്ചയൊരുക്കുന്ന നോവൽ. അടിയുറച്ചുപോയ പല വിശ്വാസങ്ങളെയും ഒന്നിളക്കാൻ ഈ കൃതിക്കു സാധിക്കുന്നുണ്ടെന്നു ഞാൻ കരുതുന്നു. Textമലയാളികളുടെ വിശ്വാസബോധത്തെ യുക്തിപൂർവ്വം പരിഹസിക്കുന്നു. ഇടക്കൊന്നു കണ്ണ് തുറപ്പിക്കുകയും മനസ്സുതുറന്ന് വായിക്കേണ്ടതുമായ സൃഷ്ടി തന്നെ.

ആഭാസരെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആന്റണിയിലൂടെയും ഭാസ്ക്കരനിലൂടെയും സഹീറിലൂടെയുമാണ് നോവൽ വികസിക്കുന്നത്. പുതിയൊരു ദൈവത്തെ സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങളും, അതേ തുടർന്ന് നാട്ടിലുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് നോവലിന്റെ ആകെത്തുക. മറ്റു ദൈവങ്ങൾക്ക് ബദലായി ആഭാസ സംഘം പ്രതിഷ്ഠിക്കുന്ന നിരീശ്വരൻ കൈവരുന്ന പ്രാമുഖ്യം ഒരേ സമയം വായനക്കാരനെ ചിന്തിപ്പിക്കുന്നതും ദൈവീകതയെ തന്നെ ഇഴകീറി പരിശോധിക്കാൻ സഹായിക്കുന്നതുമാണ്.

ഏറിയും കുറഞ്ഞും ഇഷ്ടം പിടിച്ചു പറ്റുന്ന കഥാപാത്രങ്ങളുടെ കടന്നു വരവാണ് വായനയെ മടുപ്പിക്കാത്ത വിധം മുന്നോട്ടു കൊണ്ടു പോകുന്നത്. ഗന്ധ ഗവേഷകനായ റോബോർട്ടോയും, വേശ്യയായ ജാനകിയും, ദീർഘ നാളത്തെ അബോധവസ്ഥയിൽ നിന്നുമുണരുന്ന ഇന്ദ്രജിത്തെന്ന കഥാപാത്രവുമൊക്കെ നോവലിനെ ഏറെ മനോഹരമാക്കി തീർക്കുന്നുണ്ടെന്ന് നിസംശയം പറയാം.

ഒരു കല്ലിൽ ഒരാൾ പോയി തോട്ട് തൊഴുതാൽ അത് കാണുന്ന എല്ലാരും അയാളെ അനുകരിക്കും, ഒടുവിൽ ആ കല്ലു ഒരു പ്രതിഷ്ഠയാകും. ഇത് കെട്ടുകഥ അല്ല. നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യം ആണ്. കണ്ടു വളർന്ന സംഭവങ്ങളുടെ ഓർമ്മയിൽ ഈ കഥ വായിക്കുമ്പോൾ ഞാൻ ഇതിൽ കണ്ടതു എന്റെ നാടിന്റെ നേർക്കാഴ്ച തന്നെയാണ്. നിരീശ്വരവാദിയായ മൂന്നു സുഹൃത്തുക്കൾ ചേർന്ന് ഒരു മര ചോട്ടിൽ ഒരു ശിൽപം കൊണ്ട് വെക്കുന്നു. അമ്പലത്തിൽ നിന്ന് പിരിച്ചുവിട്ട പൂജാരി അതിൽ പൂജ ചെയ്യുന്നു. അവിടെ പുതിയ ഒരു ഈശ്വരൻ പിറക്കുന്നു. നിരീശ്വരൻ ഒരു അത്ഭുതവും പിന്നീട് ആ നാടിന്റെ ദൈവവും ആകുന്നു. പിന്നീട് നാട്ടിൽ നടക്കുന്ന കാര്യങ്ങൾ വളരെ മനോഹരമായ ഇതിൽ വിവരിച്ചിരിക്കുന്നു.

വയലാർ രാമവർമ്മ എഴുതിയ അനശ്വരഗാനം നിരീശ്വരനെ വായിക്കുമ്പോൾ ഓർമ്മവന്നു – “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി, മണ്ണു പങ്കുവച്ചു.. മനസ്സ് പങ്കുവച്ചു..” അങ്ങനെ വയലാറിൻറെ വരികളെ ഓർമിപ്പിച്ചുകൊണ്ട് ദൈവവും മനുഷ്യൻറെ സൃഷ്ടിയാണെന്നു തെളിയിക്കുവാൻ ആൻറണിയും ഭാസ്കരനും സഹീറും ചേർന്ന ‘ആഭാസത്രയം’ ഒരു ശാസ്ത്രഗവേഷക ഭാവമുള്ള പരീക്ഷണത്തിനു മുതിരുകയാണ്.

വിശ്വസിക്കാനും പ്രതീക്ഷയർപ്പിക്കാനും മനുഷ്യർക്ക് ഒരു ബിംബമെങ്കിലും നിർബന്ധമാണ് അവനവനിൽ പൂർണ്ണമായി വിശ്വാസമർപ്പിക്കുവാൻ നമുക്കാർക്കും സാധ്യമല്ല. അതിനാൽ ജീവനുള്ള മനുഷ്യർ ജീവനില്ലാത്ത കല്ലുകളെ കാലങ്ങളായി വിശ്വസിച്ചുപോരുന്നു. ഇവിടെ ഒരു ഗ്രാമത്തിൻറെ നിഷ്കളങ്കത ആ വിശ്വാസസമർപ്പണത്തിനു പരിശുദ്ധപരിവേഷം ചാർത്തുന്നു. നാഗരികരും കേട്ടപാടേ അവിടെ ഓടിയെത്തുന്നു. പൂർണ്ണമായും അവിശ്വസിക്കാത്തവർ, അപ്രകാരം ഒരത്ഭുതം സ്വജീവിതത്തിലും സംഭവിച്ചാൽ ലാഭമല്ലേയുള്ളൂവെന്നോർത്തു പ്രായോഗികരാകുന്നു. കല്ലിനു ദൈവീകതയിലേക്കുയരുവാൻ യാദൃശ്ചികതകളുടെ അബദ്ധസാന്നിദ്ധ്യമേ വേണ്ടൂ.

മതവും നാസ്തികതയും സമാന്തരമായി വളരുന്ന കാലഘട്ടത്തിൽ രണ്ട് ചിന്താധാരകളെയും ചോദ്യം ചെയ്യുന്ന ഒരു സാങ്കേേതിക പദമാണ് നിരീശ്വരൻ എന്നത്. ഈശ്വരൻ ഇല്ലായ്മയും എന്നാൽ ആരാധിക്കത്തക്ക ഒന്ന് ഉള്ളതുമായ സങ്കല്പമാണ് നിരീശ്വരൻ. നിരീശ്വരവാദവും നിരീശ്വര സങ്കല്പവും വ്യത്യസ്തമാണ്. നിരീശ്വര സങ്കല്പത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുകയാണ് ഇവിടെ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്.

ഉപ കഥകളുടെ ധാരാളിത്തം നോവൽ ആരെ കേന്ദ്രമാക്കുന്നു എന്ന സംശയം ഉണ്ടാക്കുന്നു പലപ്പോഴും നിരീശ്വരനേയും ആഭാസസംഘത്തെയും വിട്ട് റോബർട്ടിന്റെയും ജാനാകിയുടെയും ഘോഷയാത്ര അന്നമ്മയുടെയും ബാർബർ മണിയും ഇന്ദ്രജിത്തിന്റെയും സുധയുടെയും പിറകെ വായനക്കാർ നടന്നെന്നുവരും. ഇത് അധ്യായങ്ങളുടെ അടിയൊഴുക്ക് ശക്തമല്ല എന്ന് തോന്നിക്കുന്നു. മലയാള സാഹിത്യം വായിച്ച് ശീലിച്ചിട്ടില്ലാത്ത വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അരാഷ്ട്രീയതയുടെ രാഷ്ട്രീയം പോലെ നിരീശ്വരനിലെ ഈശ്വരനെ വരച്ചിടുമ്പോൾ ഫിക്ഷനോട് ചേർന്നു നിൽക്കുന്ന യാഥാർത്ഥ്യങ്ങളാണ് നോവലിന്റെ ആകർഷണീയത. ആസ്വാദകന് വായിച്ചു തീർക്കാൻ ഉള്ളയിടം ഒഴിച്ചിട്ടാണ് നോവൽ അവസാനിക്കുന്നത്. ആശയ ധാരകളെ സമീപിക്കുമ്പോൾ നാം കാട്ടേണ്ട കരുതലിനെ നോവൽ ഓർമ്മിപ്പിക്കുന്നു.

മികച്ച ആഖ്യാന രീതിയും, ഒരു പിടി നല്ല കഥാപാത്രങ്ങളുമൊക്കെയായി വായനക്കാരന്റെ മനസ്സിലും സ്ഥിര പ്രതിഷ്ഠ നേടിയെടുക്കാൻ കഴിവുള്ള നോവലാണ് വി ജെ ജെയിംസിന്റെ നിരീശ്വരൻ. മികച്ചൊരു വായനനാനുഭവം ഈ കൃതിയിലൂടെ നിങ്ങൾക്കും സാധിക്കട്ടെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.