DCBOOKS
Malayalam News Literature Website

മാധവിക്കുട്ടിയുടെ സുഗന്ധം പേറുന്ന ഓർമ്മക്കൂട്ട്

neermathalam

നീർമാതളം പൂക്കുന്നത് കേവലം ഒരാഴ്ച കാലത്തിനു വേണ്ടിയാണ്. പുതുമഴയുടെ സുഗന്ധം മണ്ണിൽ നിന്ന് ഉയർന്നാൽ നീർമാതളം പൂക്കാറായി എന്ന് വിചാരിക്കാം. പൂക്കൾ വന്നു നിറഞ്ഞാൽ ഇലകൾ കൊഴിയുകയും ചെയ്യും. ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം. മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമ സ്മൃതികളുടെ പൂക്കാലമാണ് ‘നീർമാതളം പൂത്ത കാലം.’ ഓരോ വായനക്കാരിലും സ്വന്തം പൂർവ്വ സ്മൃതികളുടെ സുഗന്ധം പരത്തുന്ന മധുര സ്മരണകളുടെ കുങ്കുമചെപ്പാണ് നീർമാതളം പൂത്തകാലം.

“എനിക്ക് വീണ്ടും ഒരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍
എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ മാത്രം ഉറങ്ങും.
മാന്‍ പേടകളും കുതിരകളും നായ്ക്കുട്ടികളും
മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.
വെയില്‍ പൊള്ളുന്ന നിമിഷം നദിയില്‍ നീന്തുകയും
ഒരു മഞ്ചലെന്നപോലെ കിടക്കുകയും ചെയ്യും .
എന്‍റെ ഭാഷയ്ക്ക് മനുഷ്യരുടെ ഭാഷയോട്
യാതൊരു സാദൃശ്യവും ഉണ്ടാകില്ല .
ഞാന്‍ സുന്ഗന്ധ വാഹികളായ പൂക്കളുടെ ദളങ്ങളും
മാവിന്‍റെ തളിരും വിരിച്ച് ആ ശയ്യയില്‍ കിടക്കും…”

കമല അടിമുടി സൗന്ദര്യമാണ് ‘ പറഞ്ഞത് സുഗതകുമാരിയാണ്. എഴുത്തിലും വിട്ടുനിൽക്കാൻ മടിച്ചു നിന്ന അവരുടെ രൂപ ലാവണ്യവും ഭാവനയുടെയും എഴുത്തിന്റെയും അപൂർവ്വ സൗന്ദര്യവും ഭാഷയിൽ അപൂർവ്വമായി സംഭവിക്കുന്ന വിസ്മയങ്ങളാണ്. ഒരു സ്വപ്നാടകയെപ്പോലെ സഞ്ചരിക്കുകയും താന്‍ കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ മാധവിക്കുട്ടിയുടെ മാത്രം സ്വന്തമാണ്.

bok-1നാലപ്പാട്ട് തറവാടിന്റെ നാട്ടുപാതയിൽ കൂടി നടക്കുമ്പോഴും മാധവിക്കുട്ടിക്ക് അതൊക്കെ പുതുവഴികളായിരുന്നു. അവരതില്‍ നിന്ന് പുതിയ വിഷയങ്ങളും പുതിയ രൂപകങ്ങളും കണ്ടെടുത്തു. സ്വര്‍ണപ്പട്ടുകുടയും വെള്ളാരങ്കല്ലും മഞ്ഞപ്പട്ടുസാരിയും കടത്തുവഞ്ചിയും മേടമാസ സൂര്യനും കാടന്‍ പൂച്ചയും നീര്‍മാതളമരവും നിശാവസ്ത്രവും കുളക്കോഴിയും നരിച്ചീറും കാട്ടുതേനും കുളക്കടവും പൊന്തക്കാടും കറുകപ്പുല്ലും ചന്ദനമരവും എല്ലാം മാധവിക്കുട്ടിയുടെ കൊതിപ്പിക്കുന്ന രൂപകങ്ങളായി മാറുന്ന ജാലവിദ്യ അനുവാചകരെ അവരിലേക്ക് കൂടുതൽ ആകൃഷ്ടരാക്കി. കുട്ടിക്കാലം തൊട്ടേ നീര്‍മാതളത്തിന്റെ സുഗന്ധത്തില്‍ നിന്ന് കിട്ടിയതാണ് മണത്തിന്റെ മാന്ത്രികശക്തി എന്നവര്‍ പറയുന്നുണ്ട്. കാറ്റില്‍ വന്നെത്തുന്ന എത്രയോ നേര്‍ത്ത ഒരു ഗാനശകലം പോലെയായിരുന്നു അവര്‍ക്കാ മണം.

 മിക്ക അവയവങ്ങളും മരണം വരെ ഒളിപ്പിച്ചു വയ്ക്കണമെന്നും മരണത്തിനു ശേഷം അവയെ അപരിചിതർ കഴുകി വൃത്തിയാക്കി കോടിയിൽ പൊതിഞ്ഞു ചിതയിൽ വയ്ക്കുമ്പോൾ സമയം ഒട്ടും പാഴാക്കാതെ അവയെ ആർക്കും കാണാൻ അനുവദിക്കാതെ പരിശുദ്ധമായ അഗ്നി അവയോരോന്നിനേയും ഭക്ഷിക്കുമെന്നും മറ്റുള്ളവർ പറഞ്ഞ് എനിക്കറിയാമായിരുന്നു ശരീരത്തിന് അതിന്റെതായ ഒരു പ്രത്യേക നിഷ്കളങ്കത ഉണ്ടെന്ന് മനസിലാക്കുവാൻ സ്വന്തം ഭർത്താവിന്റെ മസ്സിനെ മാത്രമല്ല ശരീരത്തെയും ആരാധിച്ച കുട്ടിയൊപ്പുവാണ് എന്നെകൗമാരദശയിൽ തന്നെ സഹായിച്ചത്

1934ല്‍ തൃശ്‌ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത്‌ കവിതയിലെ അമ്മ ബാലാമണിയമ്മയുടെയും വി എം നായരുടെയും മകളായി ജനിച്ച ആമി തന്‍െറ ബാല്യം ചെലവഴിച്ചത്‌ പുന്നയൂര്‍ക്കുളത്തെ അക്ഷരമുറ്റത്തും കൊല്‍ക്കത്തയിലുമായിയായിരുന്നു. വിവാഹശേഷവും കമലാ ദാസ്‌ കഥകളെഴുതി. ഇംഗ്‌ളീഷില്‍ കമലാ ദാസ്‌ എന്ന പേരിലും മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും അവര്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. ദരിദ്രനായ വേലക്കാരന്‍െറ ആത്മസംഘര്‍ഷവും വന്‍കിട നഗരത്തിലെ സമ്പന്നയായ സ്‌ത്രീയുടെ ലൈംഗിക തൃഷ്‌ണയും ആ വിരല്‍ത്തുമ്പില്‍ ഒരു പോലെ ഭദ്രമായിരുന്നു. 1999ല്‍ തന്റെ 65 ാം വയസ്‌സില്‍ മാധവിക്കുട്ടി ഇസ്‌ളാം മതം സ്വീകരിച്ചു. അങ്ങനെ മാധവിക്കുട്ടി കമലാ സുരയ്യ ആയി.

പക്ഷിയുടെ മണം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, വണ്ടിക്കാളകള്‍, തണുപ്പ്‌, വര്‍ഷങ്ങള്‍ക്കു മുമ്പ്‌, നെയ്‌പ്പായസം, നഷ്‌ടപ്പെട്ട നീലാംബരി, ചന്ദനമരങ്ങള്‍, നീര്‍മാതളം പൂത്തകാലം എന്നിവയാണ്‌ മാധവിക്കുട്ടിയുടെ പ്രധാനകൃതികള്‍. ആ നീര്‍മാതളം കൊഴിഞ്ഞിട്ട്‌ വർഷങ്ങൾ കടന്നപ്പോഴും ആ സ്നേഹം നമ്മുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‌ക്കുന്നു. ഇനിയും കാലമെത്ര കഴിഞ്ഞാലും പ്രണയം മരിക്കാത്തിടത്തോളം കാലം ആ സ്‌നേഹം അക്ഷരക്കൂട്ടുകള്‍ക്കിടയില്‍ നിറഞ്ഞു നില്‌ക്കും.

മാധവിക്കുട്ടി എന്തുകൊണ്ട് മലയാളത്തിന്റെ വരദാനമായി എന്നതിന്റെ ഉത്തരമാണ് ”നീർമാതളം പൂത്ത കാലം” ‘ആമി’യുടെ സുഗനന്ധം പേറുന്ന ഓർമ്മകൂട്ട് .ഗ്രാമത്തിന്റെ വിശുദ്ധിയും സൗന്ദര്യവും പാകത്തിന് ചേർന്ന ഒരു മധുരസ്മരണ. വായനയുടെ അവസാനത്തിൽ  മനസ്സിൽ നീര്മാതളം പൂക്കും, നഷ്ടപെട്ട ചില ഓർമ്മകൾ നമ്മളെ ഒരിക്കൽ കൂടി തേടി വരും.

മാധവിക്കുട്ടിയുടെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ 

Comments are closed.