DCBOOKS
Malayalam News Literature Website

‘നാട്ടുവഴി’ എന്ന പുസ്തകത്തിന് രാജേഷ് എസ് വള്ളിക്കോട് എഴുതിയ ആസ്വാദനക്കുറിപ്പ്

ഭയത്തോടെയും ഭക്തിയോടെയും നോക്കികണ്ടിരുന്ന ഒരു കാവ്. ഒരിക്കലെങ്കിലും ചാടിത്തിമിര്‍ത്ത ഒരു കുളം, ഉത്സവപ്പറമ്പില്‍ ഉറക്കമിളച്ചിരുന്നുകേട്ട ഒരു കഥാപ്രസംഗം. ‘ഇവിടെ രാഷ്ട്രീയം പാടില്ല’ എന്ന ബോര്‍ഡിനു ചുവട്ടിലിരുന്ന് രാഷ്ട്രീയ സംവാദത്തിലേര്‍പ്പെട്ട ഒരു ചായക്കട. ചെറിയചെറിയ കച്ചവടാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി കാത്തിരുന്ന ആഴ്ചചന്തകള്‍. ഇത് മലയാളികളുടെ വിശാലമായ പൂര്‍വകാല ജീവിതാനുഭവ സമ്പത്തുകള്‍. ഒരുകാലത്ത് നമുക്കു ചുറ്റും, നമുക്കൊപ്പം നിരന്നുനിന്നിരുന്ന കാഴ്ചകള്‍. നമുക്ക് എന്ന് പൂര്‍ണ്ണമായി പറയുവാന്‍ കഴിയില്ല. ഏതാനും ദശകങ്ങള്‍ക്കു മുന്‍പ് ജീവിച്ചുതുടങ്ങിയ മലയാളിയുടെ ജീവിതക്കാഴ്ചകള്‍! ഒരുപക്ഷേ, ഇവയെല്ലാം പുതിയ തലമുറയ്ക്ക് മുത്തശ്ശിക്കഥകളാവാം. അവരുടെദൃഷ്ടിയില്‍ കെട്ടുകഥകളെന്ന് തോന്നാവുന്ന കാര്യങ്ങള്‍. കമ്പോളങ്ങള്‍ ഇറങ്ങിനടന്നു മേയുന്ന കാലത്ത് പഴമയുടെ നാട്ടുവഴികളിലേക്ക് നടത്തുന്ന പുസ്തകമാണ് കേരളീയ ഗ്രാമീണതയുടെ ഗൃഹാതുരത്വമോതുന്ന ‘നാട്ടുവഴി.’ കവിയും അധ്യാപികയുമായ വി.എസ്.ബിന്ദുവാണ് പൊയ്‌പോയ നാട്ടുനന്മകളെ അടയാളപ്പെടുത്തുന്നത്.

നാട്ടുവഴി

പുസ്തകമൊരുക്കുന്ന ഗ്രാമീണക്കാഴ്ചകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭൂതകാല ജീവിതത്തിന്റെ തുടിപ്പുകളെ, ഹൃദയതാളങ്ങളെ ഓര്‍ത്തെടുക്കുവാന്‍ സഹായിക്കും. കാവിന്റയും കുളത്തിന്റെയും മലയാളിജീവിതത്തിലെ സാന്നിധ്യം വിവരിക്കുമ്പോള്‍ വായനക്കാരന് ചുറ്റും സ്വന്തം ജീവിതവഴികളില്‍ കണ്ടുമറഞ്ഞ കാവും കുളവമാണുണ്ടണ്ടാവുക. പ്രാദേശികമായ തനിമയില്‍ രൂപംകൊണ്ട് വ്യത്യസ്തങ്ങളായ പേരുകളുമായി കാവുകള്‍ വിശുദ്ധ വനങ്ങളില്‍ നിലനിന്നിരുന്ന നാളുകള്‍. അകലെ സര്‍പ്പത്തെയും വൃക്ഷത്തെയും ആരാധിക്കുകയും കാവുമുടിഞ്ഞാല്‍ കുലം മുടിയുമെന്ന് ഓര്‍മ്മിപ്പിച്ച തലമുറ ആ കാലത്തിന്റെ പരിസ്ഥിതികാവബോധത്തിന്റെ കെടാവിളക്കായിരുന്നു. കാവിന്റെ ഭാഗമായി നിലനിന്നിരുന്ന ആഘോഷങ്ങള്‍ക്ക് പ്രാദേശിക ഭേദങ്ങളുണ്ടായിരുന്നുവെങ്കിലും അവയെല്ലാം കൂട്ടായ്മയുടെ അര്‍ത്ഥവത്തായ സംഗീതമാണ് ഒരുക്കിയിരുന്നത്.

കടുത്ത വേനലിലും വറ്റാതെഗ്രാമത്തിന്റെ കുടിവെള്ളത്തിന് കാവല്‍നിന്ന കുളങ്ങള്‍. എണ്ണപൊത്തി തോര്‍ത്തും തോളിലിട്ടെത്തുന്നവരുടെ ചങ്ങാതിമാരായിരുന്നു. നിലയില്ലാത്ത വെള്ളത്തില്‍ നീന്തിത്തുടിക്കുന്നവര്‍ക്ക് ഒരു ജലസംഭരണിയും അക്കാലത്ത് മരണക്കുരുക്ക് ഒരുക്കിയിരുന്നില്ല. ‘കുളം തോണ്ടാനും, കുളമാക്കാനും, കളഞ്ഞുകുളിക്കാനും’ കുളത്തില്‍ മുങ്ങി കിണറ്റില്‍ പൊങ്ങുന്ന മലയാളിയെ പഠിപ്പിച്ചത് കുളമാണ്.

ലോകത്തെവിടേയും എത്തിച്ചേരാനുംഅവിടങ്ങളില്‍ ശിരസ്സുയര്‍ത്തി നില്‍ക്കാനും മലയാളിയെ പ്രാപ്തനാക്കിയത് അവന്റെ പള്ളിക്കുടങ്ങളാണ്. ഗോതമ്പ് ഉപ്പുമാവും ഉച്ചക്കഞ്ഞിയുംകൊണ്ട് അറിവ് നിര്‍മ്മിച്ചിരുന്ന ഒരു പള്ളിക്കുടകാലം മലയാളിക്ക് മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ തകര്‍ക്കുന്നതിനുള്ള പ്രായോഗിക പാഠശാലകളായിരുന്നു. ‘പഠനം’ ഇന്നത്തെപ്പോലെ വലിയ സംഭവമല്ലാതിരുന്ന കാലം, അവിടങ്ങളില്‍നിന്ന് പഠിക്കാതെ പഠിച്ച പാഠങ്ങളാണ് മലയാളിയെ മനുഷ്യനാക്കിയത്. ഈ പള്ളിക്കൂടങ്ങളെ പടുത്തുയര്‍ത്തിയത് ജനങ്ങളുടെ കൂട്ടായ്മകളായിരുന്നു.പൂര്‍വ്വകാലത്തെ പള്ളിക്കൂടാനുഭവങ്ങളെ രുചിപ്പിക്കുന്നതിനും മണപ്പിക്കുന്നതിനും നാട്ടുവഴികളിലെ വിവരണങ്ങള്‍ വഴിയൊരുക്കുന്നു.

മഷിത്തണ്ട് ചെടിക്കും ഒരു തുള്ളി മഷിക്കും നാരാങ്ങാമിഠായ്ക്കും മൂല്യമേറെയുണ്ടായിരുന്ന നാളുകള്‍ ഏറെ ജീവിതമൂല്യങ്ങളും പറഞ്ഞു തന്നു. ‘ബാര്‍ട്ടര്‍ സമ്പ്രദായം’ എന്തെന്നറിയുന്നതിന് എത്രയോ മുന്‍പ്,അതിന്റെ പ്രയോഗികത വിജയകരമായി നടപ്പിലാക്കിയ കുട്ടിക്കാലത്തിന് പള്ളിക്കുടങ്ങള്‍ സാക്ഷി! ഒരുവട്ടംകൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തേക്ക് വായനക്കാരെ പുസ്തകം പ്രദാനം ചെയ്യുന്ന സ്‌നേഹാര്‍ദ്രത കൂട്ടിക്കൊണ്ട്‌പോകും.ഓര്‍മ്മകളില്‍ ശോഭ നഷ്ടപ്പെടാത്ത ഒരു ഉത്സവകാലം മലയാളിക്കുണ്ട്. ഇന്നും ആ ഉത്സവങ്ങളുണ്ടാവുമെങ്കിലും അന്നതനുഭവപ്പെട്ടതിന്റെ ആനന്ദം ഇന്ന് ലഭ്യമല്ല. ഉത്സവത്തിന്റെ കമ്പക്കാലമെന്ന പുസ്തകത്തിലെ അധ്യായം ജാതിമത ഭേദമന്യേ നിലനിന്നിരുന്ന നാട്ടുത്സവ ഒത്തുചേരലുകളെ ഓര്‍മ്മിപ്പിക്കുന്നു. ഉത്സവപ്പറമ്പുകളിലെ കാക്കിരിശ്ശിയും കഥാപ്രസംഗവും നാടകവുമൊക്കെ അക്കാലത്തിന്റെ ജനകീയ റിലായിറ്റി ഷോകളായിരുന്നു. ‘അടുത്ത ബെല്ലോടുകൂടി നാടകമാരംഭിക്കും’ എന്ന ഉച്ചഭാഷിണിയുടെ സ്വരത്തിന് കാതോര്‍ത്തിരുന്നവര്‍ ഇന്നത്തെപ്പോലെ ഒഴിഞ്ഞ ഉത്സവപറമ്പുകളായിരുന്നില്ല. കഥാപ്രസംഗമെന്നാല്‍ മലയാളിക്ക് വി. സാംബശിവന്‍തന്നെയായിരുന്നു. കംപ്യൂട്ടര്‍ ഗെയിമുകളിലും മൊബൈല്‍ ഫോണിന്റെ വിനോദങ്ങളിലും ഒതുങ്ങിക്കഴിയുന്ന ഇന്നത്തെ കുട്ടികള്‍ക്ക് മണ്ണില്‍ ചവുട്ടിനിന്ന് കളിക്കാവുന്ന എത്രയെത്ര നാടന്‍ കളികളാണ് നഷ്ടമാവുന്നത്. ദാഹിച്ചു വലയുന്ന യാത്രക്കാരന് പ്രതിഫലമൊന്നും ആഗ്രഹിക്കാതെ കുടിവെള്ളത്തിന് സൗകര്യമൊരുക്കിയ തണ്ണീര്‍പ്പന്തുകള്‍, ആല്‍ത്തറകളില്‍ രൂപം കൊണ്ട കൂട്ടായ്മകള്‍ എന്നിവയെല്ലാം ചെറുതെങ്കിലും വായനക്കാരനെ തൊടുന്ന വിവരണം കൊണ്ട് സന്തോഷം നല്‍കുന്നു.

വിലസഹായം തേടി ആഴ്ചചന്തകളിലേക്കു പോകുന്നവര്‍ ഇന്നത്രപേരുണ്ട്. ഷോപ്പിംഗ് മാളുകളില്‍ എല്ലാം ഒന്നിച്ച് ലഭിക്കുവാന്‍ തിരയുന്നവര്‍ക്കറിയുമോ പ്രാദേശിക ഉത്പന്നങ്ങള്‍ വിറ്റുതീര്‍ന്ന ചന്തകളെ തിരികെപിടിക്കുക എന്ന് ഒരു പ്രതിരോധമാണെന്ന്! ആഗോളീകരണം ജീവിതത്തിന്റെ അരുകിലേക്ക് വലിച്ചെറിയുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ജീവിതം നല്‍കലാണ് ആ പ്രതിരോധമുയര്‍ത്തുന്ന ഫലം. കൂട്ടുകുടുംബത്തിന്റെ കനിവുകളും കല്യാണസൊറകളുടെ സന്തോഷവും ഏതു മലയാളിക്കും നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന നിളയും അപ്രത്യക്ഷമായ ഹാഫ്‌സാരിയും ഓണവും പൊതിച്ചോറുമൊക്കെ ‘നാട്ടുവഴി’ കളിലുണ്ട്. നാമറിയാതെ തിരിച്ചുപിടിക്കേണ്ട പ്രതിരോധായുധമാക്കേണ്ട നന്മകളിലേക്ക് നമ്മെ നയിക്കുവാന്‍ പരത്തിപ്പറയാതെയും അടുക്കുംചിട്ടയും തെറ്റിച്ചും വി.എസ്. ബിന്ദുടീച്ചര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കഴിയുന്നുണ്ട്.

Comments are closed.