DCBOOKS
Malayalam News Literature Website

മികച്ച വയോജന സംരക്ഷണം; കേരളം ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

ഏറ്റവും മികച്ച വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ആരോഗ്യസാമൂഹ്യനീതിമന്ത്രി കെ കെ ശൈലജ ഏറ്റുവാങ്ങി. ഡല്‍ഹി വിജ്ഞാന്‍ഭവനിലായിരുന്നു ചടങ്ങ്. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ 2007ല്‍ നിലവില്‍ വന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍ ആക്ട് ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിനാണ് കേരളത്തിന് പുരസ്‌കാരം.

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് 2016ല്‍ ആവിഷ്‌കരിച്ച ‘വളരുന്ന കേരളം, വളര്‍ത്തിയവര്‍ക്ക് ആദരം’ പ്രചാരണപരിപാടിയാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയതെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് വയോജനങ്ങള്‍ക്ക് പകല്‍സമയങ്ങളില്‍ സമയം ചെലവഴിക്കുന്നതിന് അവസരമൊരുക്കുന്നതിനായി 70 പകല്‍വീടുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി നവംബറില്‍ മുഴുവന്‍ നഗരസഭകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യനീതി ഡയറക്ടര്‍ ബിജു പ്രഭാകര്‍ പങ്കെടുത്തു.

Comments are closed.