DCBOOKS
Malayalam News Literature Website

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു; മാധവന്‍ നായകന്‍

ചാരക്കേസില്‍ അറസ്റ്റിലായി വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനായ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ഹിന്ദിയില്‍ സിനിമയാകുന്നു. ഹിന്ദി-തമിഴ് നടന്‍ ആര്‍.മാധവനാണ് നമ്പിനാരായണന്റെ വേഷത്തിലെത്തുന്നത്. വന്‍ ബജറ്റില്‍ പ്രമുഖ കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുക.  ചിത്രത്തെകുറിച്ചുള്ള മറ്റു കാര്യങ്ങള്‍ തീരുമാനിക്കാന്‍ ചര്‍ച്ച നടന്നുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കഴിഞ്ഞ ദിവസം നമ്പി നാരായണനും നടന്‍ മാധവനും പങ്കെടുത്തിരുന്നു. ഓര്‍മളുടെ ഭ്രമണ പഥം എന്ന നമ്പി നാരായണന്റെ ജീവ ചരിത്രം എം.ടി.വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്തത്.  ഈ പുസ്തകം അടിസ്ഥാനമാക്കിയായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. കൂടുതല്‍ വിവരങ്ങള്‍ വലിയൊരു ചടങ്ങിലൂടെ ഉടന്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. തന്റെ ശ്രദ്ധേയമായ ഹിന്ദി ചിത്രം രംഗ് ദേ ബസന്തിയുമായി ബന്ധപ്പെട്ട് ദ് ഷൂട്ടിങ് സ്‌ക്രിപ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മാധവനെത്തിയത്. സംവിധായകന്‍ ഓം പ്രകാശ് മെഹ്‌റയും സംബന്ധിച്ചു.

ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസായിരുന്നു മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനുമായി ഉണ്ടായിരുന്നത്. ഉദ്വേഗജനകമായ ഒട്ടേറെ സന്ദര്‍ഭങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ടുണ്ടായത്.

ചാരക്കേസില്‍ പുതിയൊരു അന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ ഏജന്‍സികളും ഉള്‍പെട്ട സമഗ്ര അന്വേഷണമാണ് ആവശ്യം. റിപ്പോര്‍ട്ട് വരുമ്പോള്‍ പല സത്യങ്ങളും പുറത്തുവരും. കള്ളക്കേസാണെന്നും കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.