DCBOOKS
Malayalam News Literature Website

നാദാപുരം ഗവ കോളജ് മാഗസിന്‍ സമവായത്തിലൂടെ പ്രസിദ്ധീകരിക്കാന്‍ ശ്രമം

കോഴിക്കോട്: വിവാദ പരാമര്‍ശങ്ങളും ഉള്ളടക്കങ്ങളും ഉണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രസിദ്ധീകരണം മുടങ്ങിയ നാദാപുരം ഗവ കോളജ് മാഗസിന്‍ സമവായത്തിലൂടെ പ്രസിദ്ധീകരിക്കാന്‍ ശ്രമമാരംഭിച്ചതായി റിപ്പോർട്ട്. നാദാപുരത്തെ ലീഗ് നേതൃത്വം ഇടപെട്ട് സമവായത്തിലൂടെ മാഗസിന്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കോളജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച ആദ്യ മാഗസിന് സ്റ്റാഫ് എഡിറ്ററും പ്രിന്‍സിപ്പലും അനുമതി നിഷേധിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാഗസിനിൽ രാഷ്ട്രീയം പറയുന്ന പതിനെട്ട് പേജുകള്‍ വെട്ടി മാറ്റണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബീഫിനു പകരം ഭക്ഷണം ദളിതന് പകരം ‘സഹോദരന്‍’ എന്നീ വാക്കുകകള്‍ ഉപയോഗിക്കാനും ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് ലീഗ് നേതൃത്വം ഇടപെട്ട് സമവായത്തിലൂടെ മാഗസിന്‍ പ്രസിദ്ധീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം നാദാപുരത്ത് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. കോളജ് അധികൃതരുമായും ഇത് സംബന്ധിച്ച്‌ സംസാരിച്ചു. ഇരു പക്ഷത്തിനും സ്വീകാര്യമായ അവതരണ രീതി കണ്ടെത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. എന്നാൽ, വിദ്യാര്‍ത്ഥികളെ വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചെങ്കിലും ഇതുവരെ ഇക്കാര്യം സംബന്ധിച്ച്‌ യാതൊരു അറിയിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല.

Comments are closed.