DCBOOKS
Malayalam News Literature Website

എംടിക്ക് ആദരവുമായി വിദ്യാർഥികൾ

mt-1

ശതാഭിഷിക്തനായ എംടിക്ക് ആദരവുമായി ജന്മനാട്ടില്‍നിന്ന് ഇളംതലമുറയെത്തി. എംടി പഠിച്ച കൂടല്ലൂര്‍ ജിഎച്ച്എസ്എസിലെ കുട്ടികള്‍ തുഞ്ചന്‍പറമ്പിലെത്തിയാണ് പ്രിയ എഴുത്തുകാരന് ആദരമര്‍പ്പിച്ചത്. എംടിക്കൊപ്പം കുട്ടികളും അധ്യാപകരും കുറച്ചുസമയം ചെലവിട്ടു. കുട്ടികള്‍ക്കുമുന്നില്‍ എംടി പഴയ നാട്ടുകാരനായി.

കുട്ടികള്‍ പ്രകൃതിയുടെയും സമൂഹത്തിന്റെയും കാവല്‍ക്കാരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം ടി എന്ന എഴുത്തുകാരന്‍ തന്റെ ജന്മനാട്ടില്‍നിന്ന് അകന്ന് പോകുന്നുവോ എന്ന ചോദ്യത്തിന് നിളയെ ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. എന്തുകൊണ്ടാണ് രണ്ടാമൂഴത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടില്‍ ഭീമനെ അവതരിപ്പിച്ചത് എന്ന ചോദ്യത്തിന് തന്റെ നിലപാടുകളിലൂന്നി മഹാഭാരതത്തിന്റെ പുനര്‍വായനയ്ക്ക് സ്വാതന്ത്യ്രമുണ്ടെന്നായിരുന്നു പ്രതികരണം. ഭീമന്‍ മഹാഭാരതത്തിലെ ശ്രേഷ്ഠനും കഴിവുറ്റവനുമായ കഥാപാത്രമാണ്. കുരുക്ഷേത്രയുദ്ധത്തില്‍ കൌരവരെ പരാജയപ്പെടുത്തുന്നതും ഭീമനാണ്. രാജാധികാരത്തിന് അര്‍ഹതയും ഭീമനുതന്നെ. അവഗണിക്കപ്പെടുന്ന സാമൂഹ്യജീവികളുടെ പ്രതിനിധിയായും അവഗണന സൃഷ്ടിക്കുന്ന സംവിധാനത്തിന്റെ പ്രതിരൂപമായും ഭീമന്‍ മാറ്റപ്പെട്ടത് ഇപ്രകാരമെന്ന് നോവലിസ്റ്റ് വിശദീകരിച്ചു.

നിള നിറഞ്ഞൊഴുകുന്ന, കുന്നുകള്‍ പച്ചപുതയ്ക്കുന്ന, വരുംകാലത്തിനുവേണ്ടി പുതുതലമുറ പ്രതിജ്ഞാബദ്ധമാകണമെന്ന് അഭ്യര്‍ഥിച്ചാണ് എഴുത്തുകാരന്‍ കൂട്ടിക്കൂട്ടത്തെ യാത്രയാക്കിയത്. കൂടല്ലൂര്‍ക്കൂട്ടം സ്കൂള്‍ ലൈബ്രറിയില്‍ ഒരുക്കിയ എം ടി ഗ്യാലറിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം സന്തോഷവും നന്ദിയും അറിയിച്ചു.

Comments are closed.