DCBOOKS
Malayalam News Literature Website

എം.കെ.കെ. നായര്‍, ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഐ.എ. എസ് ഓഫീസര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

എറണാകുളം: എഫ്.എ.സി.ടിയുടെ ആദ്യ മാനേജിംഗ് ഡയറക്ടർ എം.കെ.കെ. നായരുടെ ജന്മശതാബ്ദി അഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനം മാത്രമല്ല ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഐ.എ. എസ് ഓഫീസർ കൂടിയാണ് എം.കെ.കെ. നായരെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നെഹ്റുവിൻ്റെ കണ്ടെത്തൽ കൂടിയാണ് എം.കെ.കെ. നായർ എന്നത് അദ്ദേഹത്തിൻ്റെ വ്യക്തിത്വ മികവ് മനസിലാക്കാൻ കഴിയുന്നതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രഗത്ഭനായ മാനേജിംഗ് ഡയറക്ടർ, വിദ്യാഭ്യാസ വിചക്ഷകൻ , കലാ സ്നേഹി ,സാംസ്കാരിക നായകൻ തുടങ്ങിയ ബഹുമുഖ രംഗങ്ങളിൽ അദ്ദേഹത്തിൻ്റെ വ്യക്തിത്വം ശോഭിച്ചിട്ടുണ്ട്. വ്യവസായ രംഗത്ത് ലോകം വളർന്നു കൊണ്ടിരിക്കുമ്പോൾ കേരളത്തിനകത്ത് അത് ഏട്ടിലെ പശു ആയിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് എം.കെ.കെ. നായർ ഫാക്ടിൻ്റെ ചുമതല ഏറ്റെടുക്കുന്നത്. അതു വരെ നിരങ്ങി നീങ്ങിയിരുന്ന എഫ് എ സി ടി ദേശീയ തലത്തിൽ മാത്രമല്ല അന്തർദ്ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമായി ഉയർന്നു വരുന്നതിൽ എം.കെ.കെ. നായർ നിർണായകമായ പങ്കാണ് വഹിച്ചത്.

ഭിലായ് സ്റ്റീൽ പ്ലാറ്റിലടക്കം നിർമ്മാണമേഖലയിലുണ്ടായ അനുഭവ ജ്ഞാനം അദ്ദേഹത്തിന് എഫ് എ സി ടി നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ട  വൈജ്ഞാനിക മൂലധനമായി. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ ഒന്നാം നമ്പർ എക്സിക്യൂട്ടീവുകളിൽ ഒരാളായി എം.കെ.കെ. മാറി. വ്യവസായത്തിലൂടെ അല്ലാതെ മോചനമില്ലാന്ന് ഉറച്ചു വിശ്വസിക്കുകയും ആ വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു എല്ലാ കാലത്തും അദ്ദേഹം. കേരളത്തിൻ്റെ സമഗ്രമായ വികസനത്തെ സംബന്ധിച്ച് മൗലികമായ കാഴ്ചപ്പാട് അദ്ദേഹം പുലർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം അതിവേഗത്തിൽ സ്വകാര്യവത്കരിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ നാടിൻ്റെ വികസനത്തിൻ്റെ ജീവനാഡിയായി കരുതിയ എം.കെ.കെ. നായരുടെ കാഴ്ചപ്പാട് സവിശേഷമാണ്. ദീർഘകാലം എഫ്.എ.സി.ടിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന അദ്ദേഹം തൻ്റെ പുതുമയാർന്ന ആശയങ്ങളുടെ നടപ്പാക്കലിലൂടെ എഫ് എ.സി ടി യെ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായി ഉയർത്തി. ആസൂത്രണ കമീഷണുമായി ബന്ധപ്പെട്ട ദൗത്യം ഏറ്റെടുത്ത് നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹം കാരണക്കാരനായി. വലിയ കലാ സ്നേഹി കൂടിയായിരുന്നു അദ്ദേഹം.

വള്ളത്തോളിനു ശേഷം കഥകളിക്ക് ഇത്രയേറെ പ്രാധാന്യം നൽകിയ മറ്റൊരാളില്ല എന്നു പറയുന്നതിൽ അതിശയോക്തിയില്ല. ഒരു കാലാകാരനെന്ന പദവി കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ആരോടും പരിഭവമില്ലാതെ എന്ന ആത്മകഥയിൽ അദ്ദേഹം തനിക്ക് കടന്നു പോകേണ്ടി വന്ന പരീക്ഷണങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആരോടും പരിഭവമില്ലാതെ തന്നെ അക്കാര്യം അത് വിശദീകരിച്ചിട്ടുമുണ്ട്. ആരോടും പരിഭവമില്ലാതെ ആരേയും കുറ്റപ്പെടുത്താതെ ജീവിതത്തിൽ അനുഭവിച്ച സംഭവങ്ങൾ വിശദീകരിക്കാൻ കഴിയുന്നു എന്നതിൽ തന്നെ അദ്ദേഹത്തിൻ്റെ വ്യക്തിത്വം കാണാൻ കഴിയും. ഫാക്ടിനെ ഉയർത്തുന്നതിലും വളർത്തുന്നതിലും അദ്ദേഗം വഹിച്ചിരുന്ന പങ്ക് ചരിത്രത്തിനും കേരളത്തിനും വിസ്മരിക്കാവുന്നതല്ല. എഫ്.എ.സി.ടി 2019 -20 വർഷങ്ങളിൽ പ്രവർത്തന ലാഭം നേടിയത്  അഭിമാനകരമായ കാര്യമാണ്. കർഷകർക്ക് വളം ന്യായവിലക്ക് നൽകുകയെന്നത് ഭക്ഷ്യ സുരക്ഷക്ക് അനുകൂലമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫാക്ട് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫാക്ട് ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ കിഷോർ രുംഗ്ത, ഹൈബി ഈഡൻ എം.പി , ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എ ഡി സുജിൽ, സേവ് ഫാക്ട് ആക്ഷൻ കമ്മിറ്റി കൺവീനർ കെ.ചന്ദ്രൻ പിള്ള, ഫാക്‌ട് മാർക്കറ്റിംഗ് ഡയറക്ടർ അനുപം മിശ്ര എന്നിവർ പങ്കെടുത്തു.

Comments are closed.