‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്ഷങ്ങള്’; ഒരു കാലഘട്ടത്തിന്റെ കഥ
ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്ഷങ്ങള് എന്ന നോവലിന് വിനീത് വിശ്വദേവ് എഴുതിയ വായനാനുഭവം
മധ്യതിരുവിതാംകൂറിലേക്ക് വെറുതേ പോയൊരു യാത്രയ്ക്കു വായനക്കാരനെ കൂട്ടികൊണ്ടുപോയതല്ല മാന്തളിരിലെ കഥകൾ കേൾപ്പിക്കുക എന്നതുതന്നെയായിരുന്നു ബെന്യാമിന്റെ ലക്ഷ്യം. മാന്തളിർ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം. സഭയും പാർട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘർഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടിൽ അവതരിപ്പിക്കുകയാണ് ബെന്യാമിൻ.
പന്തളത്ത് പഞ്ചാരമില്ലിൽ രാവിലെ ഏഴേമുക്കാലിന്റെ സൈറനുതുമ്പോഴാണ് മാന്തളിരിലെ കഥകൾ ആരംഭിക്കുന്നത്. അന്നാണ്, ഇരുപത് വർഷത്തെ ഇടവേളയ്ക്കുശേഷം കാരണവർ മത്തായി വല്യപ്പച്ചന്റെ മൂത്തമകൻ കുഞ്ഞൂഞ്ഞ് പട്ടാളത്തിൽനിന്നും മാന്തളിരിൽ തിരിച്ചെത്തുന്നത്. ഒറ്റയ്ക്കല്ല ആ വരവ്. പഞ്ചാബിലെ പാർട്ടിയാഫീസിൽവച്ച് മാലയിട്ട് കല്യാണം കഴിച്ച മന്ദാകിനിയും, പിന്നെ അഞ്ചു കോഴിക്കുഞ്ഞുങ്ങളും തെക്കോട്ട് പോകുന്ന തീവണ്ടിയിൽനിന്നും ചെങ്ങന്നൂരിലെ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കുഞ്ഞൂഞ്ഞിന്റെ കൂടെ ചാടിയിറങ്ങി. ആ മന്ദാകിനി, മാമോദീസ മുങ്ങാതെതന്നെ മാന്തളിരിലെ അന്നമ്മച്ചിയുടെ മാത്രമല്ല വീട്ടുകാരുടെയും നാട്ടുകാരുടേയും മേരിയായി മാറുകയായിരുന്നു. മാന്തളിരിലെ നവോത്ഥാനകാലം ആരംഭിക്കുന്നത് മന്ദാകിനിയുടെ വരവോടെയാണ്. അടുക്കളയ്ക്കു പുറത്ത്, പഞ്ചാബും ദില്ലിയും പാട്യാലയും ലുധിയാനയുമൊക്കെയുണ്ടെന്ന് മാന്തളിരിലെ പെണ്ണുങ്ങൾ മന്ദാകിനിയിലൂടെ മനസ്സിലാക്കി.
കാലിലെ ഞെരമ്പു പിടച്ചിൽ രോഗത്തിന്റെ പേര് “വെരിക്കോസ് വെയ്ൻ” എന്നാണെന്ന് മന്ദാകിനി പഠിപ്പിച്ചെങ്കിലും മാന്തളിർകാർ അതിനെ “മേരിക്കോസ് വെയ്ൻ” എന്നാണ് വിളിച്ചത്. അതുമാത്രമല്ല, വഴക്കാളികളെ വിളിക്കാൻ “ബെവക്കൂഫ്” എന്ന പുതിയ വാക്ക് അവർക്ക് കിട്ടി. അടുക്കളയിലെ വിപ്ലവത്തിൽ മന്ദാകിനി ആലു ചപ്പാത്തി, സമോസ, പുലാവ് അങ്ങനെ പലതും അവതരിച്ചു.
മോഹനും സണ്ണിക്കുഞ്ഞും, പിന്നെ ഒരദൃശ്യ സാന്നിധ്യമായി റൂഹയും നീണ്ട ഇരുപതുവർഷത്തെ ആ നാടിന്റെ കഥകൾ എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. കഥകളിൽ മാന്തളിർ വിശേഷങ്ങൾ മാത്രമായിരുന്നോ എന്നുചോദിച്ചാൽ അല്ലെന്നു പറയേണ്ടിവരും. ആ കഥകളിൽ കേരളവും ഭാരതവും മാത്രമല്ല ലോകത്തിലെ പല സ്ഥലങ്ങളും, ആളുകളും സംഭവങ്ങളും വന്നും പോയുമിരുന്നു.
ബെന്യാമിൻ മാന്തളിരിലൂടെ പറയുന്നത് ഒരു കാലഘട്ടത്തിന്റെ കഥയാണ്. അതിൽ പ്രത്യയശാസ്ത്രവും മതവും പള്ളിയും കടന്നുവരുന്നുണ്ട്. അതിൽ ഒരു ദേശത്തിന്റേയും ഒരുകൂട്ടം മനുഷ്യരുടേയും ജീവിതമുണ്ട്. ഇരുപത് വർഷത്തെ സംഭവങ്ങളുണ്ട്. അടിയന്തിരാവസ്ഥ, സ്കൈലാബ്, മന്നം പഞ്ചസാര മിൽ, മധ്യതിരുവിതാംകൂറിലെ കരിമ്പ്-റബ്ബർ കൃഷി, സഭാ തർക്കങ്ങൾ, കോംഗോയിലെ പ്രശ്നങ്ങൾ, നടൻ ജയന്റെ മരണം, ഇന്ദിരാ ഗാന്ധി-രാജീവ് ഗാന്ധി മരണങ്ങൾ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, നിലയ്ക്കലെ കുരിശ്, ഭോപ്പാൽ വിഷവാതക ദുരന്തം, കുവൈറ്റ് അധിനിവേശം, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം, ഹാലി വാൽനക്ഷത്രം, ഓട്ടോറിക്ഷ എന്ന വാഹനത്തിന്റെ ആഗമനം തുടങ്ങിയവയൊക്കെ അതിൽ ചിലതുമാത്രം. കമ്മ്യൂണിസത്തിന്റെ അല്ലെങ്കിൽ മാർക്സിസത്തിന്റെ അതുമല്ലെങ്കിൽ കമ്മ്യൂണിസ്റ്റ്കാരന്റെയോ പോരായ്മകൾ കുഞ്ഞൂഞ്ഞ് വല്യച്ചായന്റെ ജീവിതത്തിലൂടെ ബെന്യാമിൻ വരച്ചു കാണിക്കുന്നുണ്ട്.
ഒരിക്കലും തടയപ്പെടാത്ത പൊറിയായിരുന്നു മാന്തളിർ കാരണവന്മാരുടെ ആയുസ്സിന്റെ രഹസ്യം. അതിഥികളുടെ മുന്നിലാണെങ്കിലും പള്ളിയിൽ കുർബ്ബാന പടിഞ്ഞാട്ടെടുക്കുമ്പോഴാണെങ്കിലും ചന്തയിലാണെങ്കിലും കാല-സന്ദർഭ-സദാചാര വിചാരമില്ലാതെ അതിനെ സുഗമമായി പോകാൻ മാന്തളിരിലെ വല്യപ്പന്മാർ അനുവദിച്ചിരുന്നത്രെ കല്യാണത്തിനു മിന്നുകെട്ടാൻ നിൽകുമ്പോൾ പഴയ കാരണവർ മാത്തുണ്ണിയപ്പൻ വിട്ട പൊറിശബ്ദം കേട്ട് മാന്തളിർ ദേശം മുഴുവൻ നടുങ്ങിപ്പോയിട്ടുണ്ടത്രെ. അതിയാൻ മരിക്കുന്നത് നൂറ്റിയേഴ് വയസ്സിലായിരുന്നു.
പ്രണയം, ഏകാന്തത, ഒറ്റപ്പെടൽ, ഭീതി, മരണം എന്നിവയ്ക്കൊന്നും മാർക്സിസത്തിൽ ഉത്തരമില്ലെന്ന് നീണ്ടനാളത്തെ കമ്മ്യൂണിസ്റ്റ് ജീവിതശേഷം വല്യച്ചായൻ സണ്ണിക്കുഞ്ഞിനോട് പറയുന്നുണ്ട്. ഇരുപതു വർഷത്തെ കാലം പോലും പലതിനെയും മാറ്റിമറിക്കുമെന്ന് സഖാവ് കുട്ടൻപിള്ള വല്യച്ചായനോട് പറയുന്നുണ്ട്: “നമ്മൾ സഖാവേ എന്ന് മറ്റൊരാളെ വിളിക്കുമ്പോൾ അത് വെറുമൊരു വിളി ആയിരുന്നില്ല. അതിൽ പരസ്പര സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും ധ്വനിയുണ്ടായിരുന്നു. നിനക്കൊരു പ്രശ്നം വരുമ്പോൾ ഞാൻ നിന്റെ കൂടെയുണ്ടാവും എന്നൊരു ധൈര്യപ്പെടുത്തൽ അതിലുണ്ടായിരുന്നു. നിന്റെ ജീവൻ അപകടത്തിലാവുമ്പോൾ എന്റെ ജീവൻ കൊടുത്തും ഞാനതിനെ സംരക്ഷിക്കാമെന്നൊരു ഉറപ്പ് അതിലുണ്ടായിരുന്നു. ഇപ്പൊ അതൊന്നുമില്ലാതെ പരസ്പരം വിശ്വാസം നഷ്ടപ്പെട്ട് ഒരാൾ മറ്റൊരാളെ എപ്പോഴും സംശയത്തോടെ വീക്ഷിക്കുന്ന ഇക്കാലത്ത്, തരം കിട്ടിയാൽ ഒരാൾ മറ്റൊരുത്തന്റെ കുതികാൽ വെട്ടാൻ കാത്തിരിക്കുന്ന ഇക്കാലത്ത്…… സഖാവേ എന്ന വിളി ഒരു അശ്ലീലമാണെടാ…”
പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന പാർട്ടി കാടിനെ കാക്കുന്നു. എന്നാൽ മതം കാട്ടിലെ മരത്തെ കാക്കുന്നു. രണ്ടിനും പരിമിതികളും സാധ്യതകളുമുണ്ടെന്ന് ബെന്യാമിൻ മാന്തളിരിൽ സമർത്ഥിക്കുന്നുണ്ട്. പുറകോട്ടു തിരിഞ്ഞുനോക്കിയാൽ വായനക്കാരനും ചില ഘട്ടങ്ങളിലെങ്കിലും മോഹനനോ സണ്ണിക്കുഞ്ഞോ ഒക്കെ ആയിരുന്നെന്ന് കാണാൻ സാധിക്കും. നിങ്ങൾക്ക് കഥകൾ കേൾക്കാൻ ഇഷ്ടമാണെങ്കിൽ മാന്തളിരിലെ കഥകൾ വായിക്കണം. കണ്ണുകൾ അക്ഷരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മോഹനും സണ്ണിക്കുഞ്ഞും നിങ്ങളുടെ കാതുകളിൽ കഥകൾ പറയും. ബെന്യാമിൻ ലളിതവും സരസവും സരളവുമായ മധ്യതിരുവിതാംകൂർ ഭാഷയിൽ കഥ പറയുന്ന നല്ലൊരാസ്വാദനസുഖം പകരുന്ന കൃതിയാണെന്നു നിസ്സംശയം പറയാം.
പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ
Comments are closed.