DCBOOKS
Malayalam News Literature Website

മികച്ച എഴുത്തുകാര്‍ നന്നായി കള്ളം പറയുന്നവരാണ്; മനോജ് കുറൂര്‍

താനറിയുന്ന മികച്ച എഴുത്തുകാര്‍ നന്നായി കള്ളം പറയുന്നവരാണെന്ന് കവിയും നോവലിസ്റ്റുമായ മനോജ് കുറൂര്‍. മോശം എഴുത്തുകാര്‍ പാവങ്ങളാവും. നല്ല സ്വഭാവം. ആരെയും കുറ്റം പറയില്ല. ആത്മവിശ്വാസവും കാണില്ല. അവരവര്‍ക്കുവേണ്ടി മാത്രമെഴുതുന്നതാണെന്ന് അവര്‍ക്കുതന്നെ അറിയാം. മികച്ച എഴുത്തുകാരെ ആരാധിക്കും എന്നതൊഴിച്ചാല്‍ ഇവരെക്കൊണ്ട് മറ്റാര്‍ക്കും ഒരപകടവുമില്ല  മനോജ് കുറൂര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

ഞാനറിയുന്ന മികച്ച എഴുത്തുകാര്‍ നന്നായി കള്ളം പറയുന്നവരാണ്. കള്ളമാണെന്ന് അവര്‍ക്കറിയില്ലെന്നേയുള്ളു. കുശുമ്പിനും കുന്നായ്മയ്ക്കും ഒരു കുറവും കാണില്ല. പക്ഷേ ഒട്ടും ഇഷ്ടമല്ലാത്തയാളുടെയും നല്ലൊരെഴുത്തു കണ്ടാല്‍, ‘ഒന്നാന്തരമായി’ എന്നു പറഞ്ഞ് അവര്‍ ചാടിയെണീക്കും.പണവും മറ്റു സൗകര്യങ്ങളുമില്ലാതെ ഒരേര്‍പ്പാടിനുമില്ല എന്നു പറയും. എന്നാല്‍ എഴുത്തിന്റെ കടയ്ക്കല്‍ത്തൊട്ട് ഒരു കമന്റ് പറഞ്ഞാല്‍ പിന്നെ ഒന്നും നോക്കില്ല; കൂടെപ്പോരും. വിഷം കാണില്ല. എല്ലാ കള്ളത്തരങ്ങളും അറിഞ്ഞാലും നാമവരെ സ്‌നേഹിച്ചുപോവും.
മോശം എഴുത്തുകാര്‍ പാവങ്ങളാവും. നല്ല സ്വഭാവം. ആരെയും കുറ്റം പറയില്ല. ആത്മവിശ്വാസവും കാണില്ല. അവരവര്‍ക്കുവേണ്ടി മാത്രമെഴുതുന്നതാണെന്ന് അവര്‍ക്കുതന്നെ അറിയാം. മികച്ച എഴുത്തുകാരെ ആരാധിക്കും എന്നതൊഴിച്ചാല്‍ ഇവരെക്കൊണ്ട് മറ്റാര്‍ക്കും ഒരപകടവുമില്ല.

ഇടയിലുള്ളവരാണ് അപകടകാരികള്‍. മികച്ചവരോ മോശക്കാരോ അല്ലെന്ന് അവര്‍ക്കുതന്നെ അറിയാം. മറ്റുള്ളവരെ വളരെ ഒബ്ജക്ടീവ് ആയ മട്ടില്‍ വിലയിരുത്തും. ശരിയെന്നു തോന്നിപ്പിക്കും. മറ്റുള്ളവരെഴുതുന്ന മികച്ച എഴുത്തിനെയും വ്യാഖ്യാനിച്ചു വെറും സാധാരണമെന്നാക്കും. തങ്ങളുടെ എഴുത്തിനെ കൗശലത്തോടെ ഇടയില്‍ കടത്തിവിടും. മറ്റൊരാള്‍ക്കു കിട്ടാവുന്ന പ്രശംസകളും അംഗീകാരങ്ങളും എങ്ങനെയും തടയും. മറ്റെഴുത്തുകാരെയും പത്രാധിപന്മാരെയും നിരന്തരം കോണ്ടാക്ട് ചെയ്തുകൊണ്ടിരിക്കും. മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ സഹതപിക്കുന്നു എന്നു തോന്നിച്ചുകൊണ്ട് സന്തോഷിക്കും. വിഷമുള്ള ഇനമാണെങ്കിലും തിരിച്ചറിയാന്‍ പാടാണ്.
ചുമ്മാ പറഞ്ഞതാണ്; ഒരു കൗതുകത്തിന് 😉

Comments are closed.