DCBOOKS
Malayalam News Literature Website

യൂത്ത് ഐക്കണിന് ലേഡിസൂപ്പര്‍ സ്റ്റാര്‍ നായിക

PRITHVI

യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെ നായികയായി ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ എത്തുന്നു. ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിലാണ് മഞ്ജു പൃഥ്വിയുടെ നായികയാകുന്നത്. ഇരുവരും നായികാനായകന്മാരായി ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്.

എഴുത്തുകാരി കമല സുരയ്യയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ആമിയില്‍ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമി ഒരുക്കുന്നത് കമലാണ്. മാര്‍ത്താണ്ഡന്‍ ഒരുക്കിയ പൃഥ്വിരാജ് ചിത്രമായ പാവാടയില്‍ മഞ്ജു അതിഥിതാരമായി എത്തിയിരുന്നു.

മമ്മൂട്ടി നായകനായ മുന്നറിയിപ്പാണ് വേണുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ഫഹദിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് വേണു. അതിനു ശേഷം മാത്രമേ ഗബ്രിയേലും മാലാഖമാരും ആരംഭിക്കുകയുള്ളൂ. വേണുവിന്റെ ആദ്യ സംവിധാന സംരംഭമായ ദയയില്‍ മഞ്ജുവാര്യരായിരുന്നു നായിക. മഞ്ജു ആദ്യമായി ആണ്‍വേഷം കെട്ടി അഭിനയിച്ച ചിത്രമായിരുന്നു ദയ.

സാജിദ് യഹിയ ഒരുക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായും മഞ്ജു അഭിനയിക്കുന്നുണ്ട്. ആമി, ഗബ്രിയേലും മാലാഖമാരും, മോഹന്‍ലാല്‍, ഉദാഹരണം സുജാത എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ആദം ജോണ്‍, പ്രദീപ് നായരുടെ വിമാനം എന്നിവയാണ് പൃഥ്വിയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

Comments are closed.