fbpx
DCBOOKS
Malayalam News Literature Website

എന്‍ എസ് മാധവന്‍ എഡിറ്റ്‌ചെയ്ത ‘മലയാളകഥ’യെക്കുറിച്ച് താഹ മാടായി എഴുതിയ ലേഖനം

thaha-madayi

കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാളകഥ – 60 എന്ന പുസ്തകത്തെക്കുറിച്ച് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ താഹ മാടായി എഴുതിയ ലേഖനം; ‘നല്ല കഥയായി’.

ഒരു തരം ആയിത്തീരലാണ്, കഥ. ജീവിതമോ സ്വപ്നമോ കാലമോ രാഷ്ട്രീയമോ ആയ എന്തും ഭാഷയുടെ അന്തര്‍വാഹിനിയിലൂടെ കടന്നുപോയി കഥയായി പ്രത്യക്ഷപ്പെടുന്നു.ഭാഷയില്‍ പ്രത്യക്ഷപ്പെടുന്ന അത്ഭുതത്തെ,കാലാകാലങ്ങളായി മനുഷ്യര്‍ ‘കഥ’എന്ന് വിളിക്കുന്നു. മനുഷ്യര്‍ നേടിയതിന്റെയും നഷ്ടപ്പെടുത്തിയതിന്റെയും ദീര്‍ഘചരിത്രമാണ് കഥയിലൂടെ ചുരുള്‍ നിവരുന്നത്. എഴുത്തുകാര്‍ അനേകം കഥാചുരുളുകളായി ചുരുട്ടി വെച്ചിരിക്കുകയാണ് മനുഷ്യോല്‍പ്പത്തി മുതല്‍ ഇന്നേവരെയുള്ള ചരിത്രത്തെ. അതുകൊണ്ടാണ് ചരിത്രകൃതികള്‍ വായിക്കുന്നതേക്കാള്‍ ആളുകള്‍ കഥകള്‍ വായിക്കുന്നത്. ചരിത്രം ഭൂതകാലത്തില്‍ തളം കെട്ടി നില്‍ക്കുമ്പോള്‍, കഥാകാരന്മാര്‍ ഭാവിയുടെ ചരിത്രം കൂടി പറയുന്നു. എന്‍ .എസ് മാധവന്‍ തിരഞ്ഞെടുത്ത അറുപതു മലയാള കഥകള്‍,കേരള സംസ്ഥാനം രൂപീകൃതമായിട്ട് നാം എവിടെ എത്തി നില്‍ക്കുന്നു എന്ന

മലയാള കഥ
മലയാള കഥ

അന്വേഷണത്തിന്റെ ഭാഗമായി ഡി. സി ബുക്‌സ് പുറത്തിറക്കുന്ന പുസ്തക പരമ്പരയില്‍ ഏറ്റവും കനപ്പെട്ട ഒരു സാഹിത്യോപഹാരമാണ്. അതായത്, കഥയെ സ്‌നേഹിക്കുന്ന ആര്‍ക്കും വാങ്ങി ചങ്ങാതിക്ക് സമ്മാനമായി നല്‍കാവുന്ന പുസ്തകം.

ഒന്നാമത്, ഇതിന്റെഏറ്റവും സാഹിത്യപ്രധാനമായമൂല്യം, കഥകള്‍ തിരഞ്ഞെടുത്തത് എന്‍. എസ്. മാധവനാണ് എന്നതാണ്. മലയാള കഥയെ ഇടയ്ക്കിടെ നവീകരിക്കുന്ന എഴുത്തുകാരനാണ് എന്‍. എസ്. മാധവന്‍. കഥയില്‍ അപ്രതീക്ഷിതമായ ചില അട്ടിമറികള്‍ എന്‍.എസ് മാധവന്‍ കൊണ്ട്‌വരുന്നു. അതുകൊണ്ടുതന്നെ ഒരു വലിയ കഥാകാരന്‍ എവ്വിധമുള്ള കഥാത്മക ബോധത്തിലാണ് ഇത് തിരഞ്ഞെടുത്തത് എന്നറിയാനുള്ള ആകാംക്ഷ വായനയുടെ മുന്നില്‍ നില്‍ക്കുന്ന ഒരു ഘടകമാണ്.’കേരള കഥയ്‌ക്കൊരു ആമുഖം ‘എന്ന പേരില്‍ മാധവനെഴുതിയ ലേഖനം മലയാള കഥാസാഹിത്യത്തെക്കുറിച്ചുള്ള ഒരു ഒരനൗപചാരിക പഠനമാണ്.

ഔപചാരികമായ കഥാപഠനവാര്‍പ്പുമാതൃകയില്‍ എഴുതപ്പെട്ട ഒന്നല്ല അത്. സാഹിത്യ പഠനമായിട്ടല്ല,ഒരു കഥാകാരന്റെ മനസ്സിന്റെ തോന്നലുകളായി അത് വായിക്കണം. തോന്നലിന്റെ സ്വാഭാവികമായ ജൈവലാളിത്യം ആ പഠനത്തിനുണ്ട്. എങ്ങനെയുള്ള കഥകളാണിതില്‍ എന്ന് ചോദിക്കുമ്പോള്‍, ജയദേവന്‍ എന്ന കഥാകാരനെ ഈ സമാഹാരം വീണ്ടെടുക്കുന്നു. ദേഹ്‌ലി എന്ന കഥ അസുലഭമായ ഒരു കണ്ടെത്തലായി മാധവന്‍ ആമുഖത്തില്‍ രേഖപ്പെടുത്തുന്നുമുണ്ട്.

പട്ടത്തുവിളയെ നാമിതില്‍ ഒന്ന് കൂടി ഏറ്റവും പുതിയകഥ പോലെയുള്ള അത്ഭുതത്തോടെ വായിക്കുന്നു. കാരൂര്‍ മുതല്‍ ധന്യ എം. ഡി വരെയുള്ള അറുപതു പേരെഴുതുന്നത് മലയാളി കടന്നുപോയ സഞ്ചാരപഥങ്ങളാണ്. അതില്‍ കാലവും മനസ്സും അതിലെ സംഭവബഹുലമായ ഇടര്‍ച്ചകളും തുടര്‍ച്ചകളും ഉണ്ട്. സോഷ്യല്‍ മീഡിയ കാലത്ത് ഓരോ ചെറു ചലനവും കഥയായി മാറുകയാണ്.എന്നാല്‍, ഒരു കഥ, അതിലെ ഔപചാരികമായ എഴുത്ത് രീതിയില്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍,അത് ഒരുതുരങ്കം വെട്ടിയുണ്ടാക്കുന്നത് പോലെ കഠിനതരം ആയിരിക്കും. ‘എഴുത്ത്’ എന്ന കഠിന പരീക്ഷ കഴിഞ്ഞുവന്നവര്‍ വായനക്കാരുടെ മുന്നില്‍ വെക്കുന്ന പലവിധത്തിലുള്ള ആശയ സംഹിതയാണ് ഈ പുസ്തകം.

ടി. ആര്‍. അല്ലെങ്കില്‍ വികട് ര്‍ ലീനസ് ഇവരുടെ കഥകള്‍ വായിക്കുമ്പോള്‍, ഈ എഴുത്തുകാര്‍ എഴുതാതെ പോയ കഥകളെക്കുറിച്ച് കൂടി നാം
ആലോചിച്ചു പോകും. കൂടുതല്‍ കാലം ജീവിച്ച് കുറെ കഥകള്‍ കൂടി പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും. പക്ഷെ, ഇത്തരം ആഗ്രഹ
ചിന്തകള്‍ക്ക് പ്രസക്തിയില്ല. കഥ അങ്ങനെയുമാണ്. വസ്തുതകള്‍ യുക്തിസഹമായി നമുക്ക് പരിശോധിക്കാനാവില്ല.’വിട’ എഴുതി വികട്ര്‍ലീനസ് വിട പറയുന്നത് തന്നെ ദൈവം എഴുതിയ ഒരു കഥയല്ലേ? അല്ലെങ്കില്‍, ഇതില്‍ എന്‍. എസ്. മാധവന്റെ ‘ഹിഗ്വിറ്റ’ ഇല്ല. എന്‍. എസ്. മാധവന്‍ ഉണ്ട്. എഡിറ്ററായി. അകത്തും പുറത്തും പേരുമുണ്ട്. പക്ഷെ, മാധവന്റെ ഒരു കഥയും ഇതിലില്ല. ഇതുതന്നെ ഒരു കഥയല്ലേ? ഇങ്ങനെ ഈ കഥ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് നമുക്കോരോരുത്തര്‍ക്കും തോന്നാവുന്ന ആയിരത്തൊന്നു കഥകള്‍ വേറെയുമുണ്ടാകും.പക്ഷെ, കേരളത്തിന് അറുപതു വര്‍ഷം. ആ ട്രാക്കിലൂടെ ഓടുമ്പോള്‍, ഉസൈന്‍ ബോള്‍ട് ആയാലും ഇത്രയൊക്കെ കഴിയൂ. ട്രാക്ക് പ്രധാനമാണ്.ഫൗള്‍ വരാതെ നോക്കുകയും വേണം. എന്‍. എസ്. മാധവന്‍ അറുപതു കഥകളുമായി ഓടി വരികയാണ്. ഫൗള്‍ ഇല്ല.

Comments are closed.