fbpx
DCBOOKS
Malayalam News Literature Website

ദേവന്മാര്‍പോലുമാചരിക്കുന്ന മഹാനവമീവ്രതം

ആശ്വിനമാസത്തിലെ ശുക്ലപക്ഷ പ്രഥമമുതലുള്ള ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി ആഘോഷിച്ചുപോരുന്നത്. എല്ലാമാസവും നവമീതിഥി ദുര്‍ഗാഭജനത്തിന് വിശേഷമാണെങ്കിലും ആശ്വിനമാസത്തിലെ നവമി മഹാനവമി എന്നറിയപ്പെടുന്നു. മഹാപുണ്യപ്രദായകമായ മഹാനവമിദിവസം മഹാദേവനും മഹാവിഷ്ണുവുമടക്കമുള്ള ദേവന്മാര്‍ പോലും പരാശക്തിയായ ദേവിയെ ഭജിക്കുന്നുവെന്ന് ഗരുഡമഹാപുരാണം രേഖപ്പെടുത്തുന്നു. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി എല്ലാദിവസവും പ്രഭാതസ്‌നാനവും ജപവും ഹോമവും അനുഷ്ഠിക്കണമെന്നാണ് പുരാണങ്ങള്‍ അനുശാസിക്കുന്നത്. പ്രഥമദിനം മുതല്‍ രാവിലെ ദേവിയെ പൂജിക്കുകയും മാര്‍ക്കണ്ഡേയപുരാണത്തിലെ ദേവീചരിതങ്ങള്‍ (ദുര്‍ഗാസപ്തശതി അഥവാ ദേവീമാഹാത്മ്യം) പാരായണം ചെയ്യുകയും വേണമെന്ന് നാരദീയമഹാപുരാണം എടുത്തുപറയുന്നു.

മഹാനവമീ വ്രതം അഷ്ടമിദിവസം ആരംഭിക്കുകയും ദശമീദിവസം പ്രഭാതംവരെ തുടരുകയും വേണം. അഷ്ടമിയില്‍ ദുര്‍ഗാപ്രതിഷ്ഠ -തടിയിലോ വെള്ളിയിലോ സ്വര്‍ണ്ണത്തിലോ തീര്‍ത്ത ദേവീവിഗ്രഹം- നടത്തണം. ദേവിക്കുവേണ്ടി പണിതീര്‍ത്ത മണ്ഡപത്തിലോ ഗൃഹത്തിലോ വിഗ്രഹസ്ഥാനത്ത് ശൂലമോ വാളോ പുസ്തകമോ പട്ടുവസ്ത്രമോ സ്ഥാപിച്ചും അര്‍ച്ചന നടത്താവുന്നതാണ്. തലയോട്, പരിച, മണി, കണ്ണാടി, അമ്പ്, വില്ല്, കൊടി, ഉടുക്ക്, കയര്‍, വേല്‍, ചുറ്റിക, ശൂലം, വജ്രം, വാള്‍, തോട്ടി, കുന്തം, ചക്രം, അഗ്നി എന്നിവയൊക്കെ ധരിച്ച, 16 കൈകളുള്ള സര്‍വ്വാഭരണവിഭൂഷിതയായ ദേവീരൂപത്തെയാണ് ധ്യാനിക്കേണ്ടത്. ദുര്‍ഗാമൂലമന്ത്രംകൊണ്ടും വിവിധ സ്‌തോത്രങ്ങള്‍കൊണ്ടും അര്‍ച്ചനകള്‍ ചെയ്യണം. തുടര്‍ന്ന് വിദ്യാദേവതയായികണ്ട് പുസ്തകത്തിലും ശത്രുനിവാരണം കരുതി ശൂലത്തിലും അര്‍ച്ചന ചെയ്യണം എന്നും ഗരുഡപുരാണം പറയുന്നു.

കേരളത്തില്‍ വിദ്യാദേവതയായ സരസ്വതിയായി ആരാധിക്കുന്ന ഗ്രന്ഥപൂജയായാണ് ആചരിച്ചുകാണുന്നത്. മഹാനവമിക്കു തൊട്ടുമുമ്പ് വരുന്ന അഷ്ടമി സന്ധ്യയില്‍ ഗ്രന്ഥങ്ങളും പണിയായുധങ്ങളും പൂജവയ്ക്കുകയും വിജയദശമിദിവസം പ്രഭാതത്തില്‍ പൂജസമര്‍പ്പണം നടത്തുകയും വിദ്യാരംഭം കുറിക്കുകയും ചെയ്യുന്നു. അന്നേദിവസം ഓരോരുത്തരും ഹരിഃ ശ്രീ എന്നു തുടങ്ങി അക്ഷരങ്ങളും ജീവിതമാര്‍ഗമൊരുക്കുന്ന മറ്റു നൈപുണികളും തേച്ചുമിനുക്കി മൂര്‍ച്ചകൂട്ടുന്നതുപോലെ ഒരിക്കല്‍ക്കൂടി നവീകരിച്ച് പുതിയൊരു തുടക്കംകുറിക്കുകയും ചെയ്യുന്നു. മാത്രമല്ല അന്ന് ഭക്തിയും കാരുണ്യവും മൃദുലമായ മനസ്സും ആചാരനിഷ്ഠയുമുള്ള വിദ്വജ്ജനങ്ങളെക്കൊണ്ട് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിപ്പിക്കുകയും ചെയ്യുന്നു.

നാരദീയപുരാണമനുസരിച്ച് ആശ്വിനമാസത്തിലെ ശുക്ലപക്ഷദശമി ഗൃഹങ്ങളില്‍ ദശരഥനന്ദനന്‍മാരെ പൂജിക്കേണ്ട ദിനവുംകൂടിയാണ്. രാമലക്ഷ്മണന്‍മാരുടെയും ഭരതശത്രുഘ്‌നന്‍മാരുടെയും വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് ഗൃഹനാഥനും ഗൃഹനാഥയും മക്കളും അവരുടെ കുടുംബവും സേവകരും ഒക്കെ ചേര്‍ന്നിരുന്ന് ശ്രീരാമന്റെയും സഹോദരങ്ങളുടെയും പൂജകള്‍ ചെയ്യണം. ഇതാണ് ഉത്തരേന്ത്യയില്‍ നവരാത്രിക്കാലത്ത് ദസറ-രാമലീല ആഘോഷങ്ങള്‍ ആചരിക്കുന്നതിന്റെ അടിസ്ഥാനം.

(അവലംബം ഗരുഡമഹാപുരാണം-പരിഭാഷ ഡോ. വി.എസ്. ഇടയ്ക്കിടത്ത്, നാരദീയമഹാപുരാണം-പരിഭാഷ പ്രൊഫ. ടി.കെ. സരള, മാര്‍ക്കണ്ഡേയപുരാണം-പരിഭാഷ വള്ളത്തോള്‍ നാരായണമേനോന്‍)

Comments are closed.