fbpx
DCBOOKS
Malayalam News Literature Website

ആ പിറന്നാൾ ………. അന്നു ഞാന്‍ ഒരു മനുഷ്യനെ കൊല്ലാന്‍ നിശ്ചയിച്ചു…

MT-MEMORIES

ഒരു പിറന്നാളിന്റെ ഓര്‍മ്മ

നാളെ എന്റെ പിറന്നാളാണ്!

എനിക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. അവളുടെ കത്തില്‍നിന്നാണതു മനസ്സിലായത്.
അവള്‍ എഴുതിയിരിക്കുന്നു: വരുന്ന വ്യാഴാഴ്ചയാണ് പിറന്നാള്. രാവിലെ കുളിച്ചിട്ടേ വല്ലതും കഴിക്കാവൂ. വ്യാഴാഴ്ച പിറന്നാള് വരുന്നത് നല്ലതാണ്. ഞാന്‍ ശിവന്റമ്പലത്തില് ധാരയും പണപ്പായസവും കഴിക്കുന്നുണ്ട്. അവിടെ അടുത്ത് അമ്പലമില്ലേ? ഉണ്ടെങ്കില്‍ കുളിച്ചുതൊഴണം….’
എന്റെ ന•യ്ക്കു വേണ്ടതെല്ലാം ഭാര്യ ചെയ്തുകൊള്ളും. ആ ഉറച്ച
വിശ്വാസമാണെന്നെ നയിക്കുന്നത്. അവള്‍ വളരെക്കാലമായി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവളുടെ പ്രാര്‍ത്ഥനയ്ക്കു ഫലമുണ്ടാവാനിടയുണ്ട്. ദേവ•ാ രുടെയും ദേവിമാരുടെയും കണ്ണിലുണ്ണിയായി വളര്‍ന്നവളാണ്.
നാളെ എനിക്കൊഴിവാണ്. പിറന്നാളാണെന്നുള്ള വസ്തുത പൂഴ്ത്തിവയ്ക്കുകയാണ് ഭേദം. അറിഞ്ഞാല്‍ കൂട്ടുകാര്‍ ഇരച്ചുകയറും. പാര്‍ട്ടി വേണമെന്നു ശഠിച്ചാല്‍ പേഴ്‌സ് കാലിയാകും. അവരില്‍ പലരുടെയും പിറന്നാളുകള്‍ക്ക് പാര്‍ട്ടിയും ഡിന്നറും കിട്ടിയിട്ടുണ്ട്.

പിറന്നാളിന്റെ സാമീപ്യത്തില്‍ പണ്ടെല്ലാം ആഹ്‌ളാദം തോന്നിയിരുന്നു. ഇപ്പോഴാകട്ടെ, ഒരു നേര്‍ത്ത വേദനയാണ് അനുഭവപ്പെടുന്നത്. ജീവിതത്തിന്റെ വസന്തകാലമെന്നു കവികള്‍ പറയുന്ന ഈ കാലഘട്ടത്തിന്റെ അവസാനമടു
ത്തുതുടങ്ങി…..

നാളത്തെ പരിപാടികള്‍ ആലോചിച്ചു. കാലത്ത് ഒന്‍പതുമണി വരെയുള്ള ഉറക്കത്തിന് മാറ്റമൊന്നുമില്ല. ഒഴിവുദിവസങ്ങളില്‍ അതാണു പതിവ്. പിന്നെ ഒന്നു കുളിക്കാം. അതാണല്ലോ എന്റെ ഭഗവതിയുടെ കല്പന. പിന്നെ ആനന്ദഭവനില്‍നിന്നും വരുത്തിയ പൂരിമസാലയും കാപ്പിയും. എന്നിട്ട് ഒരു രൂപ മേശപ്പുറത്തിട്ട് ഒരു പാക്കറ്റ് സിഗരറ്റിന് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ രാജന്‍ ചോദിക്കും: ‘എന്തെടോ വലിയ ഉഷാര്‍! പെണ്പിറന്നോള് പെറ്റോ?’

‘എന്നാല്‍ ഞാന്‍ വ്യസനിക്കുകയല്ലേ ചെയ്യ്ാ?’ രഹസ്യമായിരിക്കണമെന്ന മുഖവുരയോടുകൂടി പിന്നെ പിറന്നാള്‍കാര്യം പറയും. ഊണിനു ‘കുറുമ’ സ്‌പെഷല്‍ വരുത്താം. പിറന്നാള്‍ദിവസം മാംസം തിന്നുവെന്ന് അവളറിയാന്‍

പാടില്ല. വൈകുന്നേരം ഒരു സിനിമയും. തീര്‍ന്നു പരിപാടി. മാസത്തിന്റെ ആദ്യത്തിലായിരുന്നെങ്കില്‍ ഒരു ഫോട്ടോ കൂടി ബജറ്റിലൊതുക്കാമായിരുന്നു.
രാജന്‍ ഇനിയും വന്നിട്ടില്ല. അയാള്‍ നിത്യവും ഓഫീസ് വിട്ടാല്‍ ക്ലബ്ബില്‍ പോവും. ‘പിങ്‌പോങ്’ കളിച്ചില്ലെങ്കില്‍ അയാള്‍ക്ക് ഉറക്കം വരില്ല.

കൂജയില്‍നിന്നു തണുത്ത വെള്ളമെടുത്തു കുടിച്ച് ഞാന്‍ വരാന്തയിലെ ചാരുകസേരയില്‍ വന്നു കിടന്നു. അയല്ക്കാരന്‍ സേട്ടുവിന്റെ അഞ്ചുവയസ്സ് പ്രായമുള്ള മകന്‍ എതിര്‍വശത്തുള്ള മുറ്റത്തിരുന്നു തീവണ്ടിയോടിക്കുന്നു.

പലതും ഓര്‍ത്തുപോയി. ഒരു കൊച്ചുകുഞ്ഞായിരുന്ന കാലം; കഴിഞ്ഞുപോയ പിറന്നാളുകള്‍. ഇരുപതില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പു കഴിഞ്ഞ ഒരു പിറന്നാള്‍ ഓര്‍മ്മയില്‍ തെളിഞ്ഞുനില്ക്കുന്നു. ആ പിറന്നാളിനു ചുറ്റുമായി വേദനയൂറുന്ന ഓര്‍മ്മകള്‍ നിരവധിയുണ്ട്. മാത്രമല്ല, മറ്റൊരു സംഭവംകൂടിയുണ്ടായി. അന്നു ഞാന്‍ ഒരു മനുഷ്യനെ കൊല്ലാന്‍ നിശ്ചയിച്ചു.

കൊല്ലണമെന്ന ആഗ്രഹം ശക്തിമത്തായുണ്ട്. ഏതുവിധത്തിലും കൊന്നേ തീരൂ. ശാസ്ത്രീയമായ വിധത്തില്‍ കൊല്ലാന്‍ ആറോ ഏഴോ മാത്രം പ്രായംവരുന്ന എനിക്കറിയില്ല. അവസാനം കൊലപാതകത്തിലെ ഒരു പുതിയ സാങ്കേതികമാര്‍ഗ്ഗമാണ് അവലംബിച്ചത്; കുളിച്ച് പ്രാര്‍ത്ഥന.

ആരാണിതെനിക്കു പഠിപ്പിച്ചുതന്നതെന്ന് അറിഞ്ഞുകൂട. കാര്യമിതാണ്; നാട്ടിലെ ദൈവങ്ങളുടെ കൂട്ടത്തില്‍ കൊല്ലലില്‍ പ്രസിദ്ധിനേടിയ ചിലരുണ്ട്. അയ്യപ്പനും ഭഗവതിയുമൊന്നും ഇതില്‍ പെടില്ല. അവരിലും താഴെയുള്ള
കൂട്ടരാണ്. അവരെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ശത്രുവിന്റെ കഥ കഴിഞ്ഞു. ഞാന്‍ പ്രാര്‍ത്ഥിച്ചു. കരളുരുകി പ്രാര്‍ത്ഥിച്ചു. എന്റെ ശത്രു എന്തുകൊണ്ടോ മരിച്ചില്ല. അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിച്ചത് പിറന്നാള്‍ദിവസമാണ്.

ഇപ്പോള്‍ ഞാന്‍ ഓര്‍ത്തുപോവുന്നു. പിറന്നാള്‍ ഒരു പ്രധാന ദിവസമാണെന്ന് അറിയാമായിരുന്നു. ഗംഭീരമായി ആഘോഷിക്കേണ്ടതാണ്. പക്ഷേ, അതു മുതിര്‍ന്ന ആളുകളുടെ കാര്യത്തില്‍ മാത്രമാണെന്നായിരുന്നു ധാരണ.
ഞങ്ങളുടെ സ്‌കൂളില്‍ കൊല്ലത്തിലൊരുദിവസം അവിലും ശര്‍ക്കരവെള്ളവും എല്ലാവര്‍ക്കും കിട്ടാറുണ്ട്. അന്ന് മാനേജരുടെ പിറന്നാളാണത്രേ. മാനേജരുടെ വീട്ടില്‍ ഉച്ചയ്ക്ക് അടപ്രഥമനും വലിയ പപ്പടവും ശര്‍ക്കരയു പ്പേരിയുമുള്ള സദ്യയാണ്. ഞങ്ങളുടെ മാസ്റ്റര്‍മാര്‍ക്ക് അന്നുച്ചയ്ക്ക് മാനേജരുടെ വീട്ടിലാണ് ഊണ്. നമ്പിടിമാസ്റ്റര്‍ മാത്രം പോവില്ല. നമ്പിടിമാഷ് മാനേജരെക്കാളും മുന്തിയ ജാതിയാണത്രേ. അപ്പോള്‍ ചോറുണ്ണാന്‍ പാടില്ലല്ലോ.

ഓണത്തേക്കാള്‍ വലുതാണോ പിറന്നാള്‍ എന്നുകൂടി തോന്നി. എന്റെ വീട്ടില്‍ ഓണത്തിന് സദ്യയുണ്ടാവും. പക്ഷേ, പ്രഥമനുണ്ടാവില്ല.

മാനേജര്‍ക്കു വയസ്സായിരിക്കുന്നു. തല നരച്ചിട്ടുണ്ട്. എന്റെ വല്യമ്മാ
വന്റെയും തല നരച്ചിട്ടുണ്ട്. പക്ഷേ, വല്യമ്മാവന് മുത്തശ്ശിയോളം വയസ്സില്ല. മുത്തശ്ശിയുടെ മകനല്ലേ വല്യമ്മാവന്‍!

വല്യമ്മാവന്റെ പിറന്നാളും പൊടിപൊടിക്കും. അന്നുച്ചയ്ക്ക് ഒരുപാടാളുകള്‍ ഉണ്ണാന്‍ വരും. ഉമ്മറത്തും തെക്കിനിയിലുമെല്ലാം വരി വരിയായി ഇലയിടും.വീട്ടില്‍ സദ്യയുണ്ടാവുന്നത് ഞങ്ങള്‍ക്കിഷ്ടമാണ്.

വലിയവരുടെ പിറന്നാളിനു മാത്രമേ സദ്യയുള്ളുവെന്നായിരുന്നു എന്റെ ധാരണ. സ്‌കൂള്‍ മാനേജരും വല്യമ്മാവനും വയസ്സായവരല്ലേ? വയസ്സായാല്‍ എന്റെ പിറന്നാളും കേമമായി നടത്തണം; നാട്ടിലുള്ളവരെ മുഴുവന്‍ ക്ഷണിക്കണം.

എന്റെ പിറന്നാള്‍ ഒരു സാധാരണദിവസംപോലെത്തന്നെയാണ്. രാവിലെ കുളിക്കുമെന്നതാണ് ഒരു പ്രത്യേകത. അതെനിക്ക് ഇഷ്ടമുണ്ടായിട്ടല്ല; അമ്മയുടെ നിര്‍ബന്ധംകൊണ്ടാണ്. വലിയവരുടെ മാത്രമല്ല, കുട്ടികളുടെ പിറന്നാളിനും സദ്യയുണ്ടാവുമെന്ന് ആദ്യമായി പറഞ്ഞത് ഞങ്ങളുടെ ക്ലാസ്സിലെ മണിയാണ്. മണിയുടെ പിറന്നാളിനു സദ്യയുണ്ടാവുമത്രെ. അവന്റെ മാത്രമല്ല, അവന്റെ അനുജത്തിയുടെയും. എന്തോ, എനിക്കു വിശ്വാസം വരുന്നില്ല. അവന്‍ നുണയേ പറയാറുള്ളൂ. അവന്റെ വീട്ടിലെ പാമ്പിന്‍കാവില്‍ മൂന്നു ചെപ്പുകുടംനിറച്ചു പൊന്ന് കുഴിച്ചിട്ടിട്ടുണ്ടെന്നു പറഞ്ഞ വീരനല്ലേ?

പക്ഷേ, പിറന്നാളിന്റെ കാര്യം മണി പറഞ്ഞതു വാസ്തവമായിരുന്നു. എന്റെ വീട്ടില്‍വെച്ച് ദാമോദരന്റെ പിറന്നാള്‍ ആദ്യമായി ആഘോഷിച്ചു. ദാമോദരന്റെ പിറന്നാളിനു സദ്യയുണ്ടാക്കിയിരിക്കുന്നു! അപ്പോള്‍ കുട്ടികളുടെ പിറന്നാളിനും സദ്യയുണ്ടാക്കാം. അമ്മ ഇത്രനാളും ഇതറിഞ്ഞിരുന്നില്ലേ?

എന്റെ പിറന്നാള്‍ വരട്ടെ… അടുത്ത കര്‍ക്കിടകം വരുന്നതും കാത്ത് ഇരുന്നു. മുത്തശ്ശിക്ക് നാട്ടിലുള്ളവരുടെ മുഴുവന്‍ പിറന്നാളും ശ്രാദ്ധവും അറിയാം. മുത്തശ്ശി ‘നാളക്കം’ വെച്ചതാണത്രേ. കണക്കു കൂട്ടിനോക്കി, നേര്‍ത്തെ മുത്തശ്ശി പറഞ്ഞുതന്നു: ‘വരണ ബുധനാഴ്ചയാടാ. ഇനി അതിനാപ്പോ ആറും അറുപത്തിനാലും.’
ഞാന്‍ മനസ്സില്‍ പിറുപിറുത്തു: ‘മുത്തശ്ശി കണ്ടോള്വോണ്ട്.’

ഞാന്‍ അമ്മയുടെ അടുത്തു നിവേദനം സമര്‍പ്പിച്ചു.
‘എന്റെ പിറന്നാള്‍ദിവസം സദ്യയൊരുക്കണം.’
‘നിനക്കു പ്രാന്താടാ!’
അമ്മ ഇത്ര നിസ്സാരമാക്കുമെന്നു ഞാന്‍ കരുതിയില്ല.
എനിക്കു കരച്ചില്‍ വന്നു.
‘ദാമോദരന്റെ പിറന്നാളിന്…’
‘ആന പിണ്ടിട്ണ് കണ്ട് മുയല് മുക്ക്യാലോ? ദാമോദരനേയ് വല്യമ്മാമടെ മോനാ….’
എനിക്കിതൊന്നും മനസ്സിലാവുന്നില്ല.
അമ്മയ്ക്ക് എന്റെ വേദന കുറേശ്ശ മനസ്സിലാവുന്നുണ്ട്. ‘അയിന മ്മെന്താ ചെയ്യ്ാ? അമ്മാമ്യല്ലേ നെല്ലളന്ന്വേരാന്‍….’
അതു ശരിയാണ്. അമ്മാവനാണ് വീട്ടുചെലവിനു നെല്ലളന്നു കൊടുക്കുക. പത്തായങ്ങളുടെ എല്ലാം താക്കോല്‍ അമ്മാവന്റെ കൈയിലാണ്.

ബുധനാഴ്ചയും പുലര്‍ന്നു. എന്റെ പിറന്നാളാണ്. എനിക്കൊരുത്സാഹവും തോന്നിയില്ല. എന്റെ പിറന്നാളാണെന്ന കഥ ദാമോദരനറിയരുതേ….!

അന്നു നെല്ലളന്നുകൊടുക്കുന്ന ദിവസമാണ്. രാവിലെ പെട്ടിപ്പത്തായം തുറന്നു. അമ്മാവന്‍ അകത്തേക്കു വിളിച്ചു: ‘ആരാ, അവിടെ?’
അമ്മ കൊട്ടയുമെടുത്ത് പത്തായപ്പുരയിലേക്കു ചെന്നു.
ഉമ്മറത്തെ പടിഞ്ഞാറെ അറ്റത്ത് ചിതല്‍ പിടിച്ചുനില്ക്കുന്ന തൂണും ചാരി ഞാനിരിക്കുകയാണ്.
കിളിവാതിലിലൂടെ നോക്കുമ്പോള്‍, അമ്മാവന്‍ നെല്ലളന്നിടുന്നതു കാണാം. മൂന്നു വടിപ്പന്‍ അളന്നശേഷം അമ്മാവന്‍ പത്തായമടയ്ക്കാന്‍ തുടങ്ങുമ്പോള്‍ അമ്മ പതുക്കെ പറഞ്ഞു: ‘ഇന്ന് കുഞ്ഞികൃഷ്ണന്റെ പിറന്നാളാ….’

എന്റെ ഹൃദയം തുടിച്ചു. ഞാന്‍ വിചാരിച്ചപോലെയല്ല. ‘എന്റെ അമ്മ എത്ര നല്ല അമ്മയാണ്…’
‘അതിന്???????’

കഥ തുടർന്ന് വായിക്കാം

Comments are closed.