DCBOOKS
Malayalam News Literature Website

പിണറായി കുറ്റവിമുക്തന്‍

pinarayi-1

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതിയുടെ ഉത്തരവ് ചീഫ് ജസ്റ്റീസ് പി. ഉബൈദ് അധ്യക്ഷനായ ബഞ്ച് ശരിവയ്ക്കുകയായിരുന്നു.

പിണറായി ലാവ്‌ലിന്‍ ഇടപാടില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി സിബിഐയുടെ റിവിഷന്‍ ഹര്‍ജി തള്ളുകയായിരുന്നു. സിബിഐ പിണറായിയെ കുടുക്കാന്‍ ശ്രമിച്ചുവെന്നും കെഎസ്ഇബി ലാവ്‌ലിന് ഇളവുകള്‍ നല്‍കിയത് മന:പൂര്‍വമായല്ലെന്നും കോടതി വിലയിരുത്തി. ലാവ്‌ലിന്‍ കേസ് നിലനില്‍ക്കും. കേസില്‍ മൂന്ന് പ്രതികള്‍ വിചാരണ നേരിടുമെന്നും സിബിഐ കോടതി വിചാരണ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് പിണറായിക്ക് വേണ്ടി ഹാജരായത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു വിമര്‍ശനം.

Comments are closed.