DCBOOKS
Malayalam News Literature Website

‘ഗൗരി ലങ്കേഷിനെ തീര്‍ത്തതുപോലെ തീര്‍ക്കും’;ബോല്‍ നാ ആണ്ടി ഓ ക്യാ’ ഗാനത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി

song

‘ബോല്‍ നാ ആണ്ടി ഓ ക്യാ’ എന്ന ഗാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി.ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും ദ ക്വിന്റിലെ മാധ്യമപ്രവര്‍ത്തകയ്ക്കാണ് ഭീഷണികള്‍ ലഭിച്ചത്. യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലും ‘ബോല്‍ നാ ആണ്ടി ഔ ക്യാ’ എന്ന ഗാനം ഹിറ്റായിരുന്നു. ഓം പ്രകാശ് മിശ്ര തയ്യാറാക്കിയ ഈ ഗാനം സെക്‌സിയസ്റ്റും അവഹേളനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഭീഷണി നേരിടേണ്ടിവന്നത്.

ഭീഷണിയെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ‘ ഈ വിഷയം സൈബര്‍ സെല്‍ അന്വേഷിക്കും’ പരാതി പരിശോധിച്ച നോയിഡ സിറ്റി പൊലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ സിങ് പറഞ്ഞു. എന്നാല്‍, ഈ വീഡിയോ യൂട്യൂബില്‍ നിന്നും പിന്‍വലിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചിരുന്നു. ക്വിന്റ് വെബ്‌സൈറ്റിന് ഗാനം യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചതില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. പ്രധാനമന്ത്രിയെയും, ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്നവരെ ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചതുപോലെ അവസാനിപ്പിക്കും’ എന്നാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് ലഭിച്ച ഒരു ഭീഷണി സന്ദേശം.

‘ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആ ഗാനം കോപ്പി റൈറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നീക്കം ചെയ്തത്. ക്വിന്റ് റിപ്പോര്‍ട്ടിന് അതില്‍ യാതൊരു പങ്കുമില്ല.’ ക്വിന്റിലെ മാധ്യമപ്രവര്‍ത്തക പറയുന്നു.

അതേസമയം, ഗാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഈ ഗാനം ക്വിന്റിന്റെ നോയിഡയിലെ ഓഫീസിനു മുമ്പില്‍ പാടി വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഹ്വാനം നടത്തുന്നുണ്ട്. ‘മീംമന്ദിര്‍’ എന്ന ഫേസ്ബുക്ക് പേജുവഴിയാണ് ഇത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം നടത്തുന്നത്. കൂടാതെ, ക്വിന്റിനെ തകര്‍ക്കാന്‍ അവരുടെ വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും ഹാക്ക് ചെയ്യാനും ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

Comments are closed.