DCBOOKS
Malayalam News Literature Website

കുഞ്ഞുണ്ണി മാഷിന് സ്മരണാഞ്ജലിയുമായി കുരുന്നുകള്‍

KUNJUNNI

കുഞ്ഞുണ്ണി മാഷിന് സ്മരണാഞ്ജലി അര്‍പ്പിച്ചു കൊണ്ട് കുട്ടികള്‍ അവതരിച്ച ‘കണ്ണുകള്‍ രണ്ട് കാഴ്ച ഒന്ന് ‘ എന്ന കുട്ടിക്കവിതകളുടെ സായാഹ്നം ശ്രദ്ധേയമായി. ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയുടെ ഭാഷാ സാഹിത്യ വേദിയായ അക്ഷരമുറ്റത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇത് സംഘടിപ്പിച്ചത്. അന്‍പതോളം കുട്ടികള്‍ നുറ്റിയൊന്ന് കുഞ്ഞുണ്ണിക്കവിതകള്‍ അവതരിപ്പിച്ചു.

മാതൃഭാഷാ പഠനത്തോടൊപ്പം കുട്ടികളുടെ ഭാഷ സാഹിത്യ അഭിരുചികള്‍ കണ്ടെത്തി അവയെ വികസിപ്പിക്കുന്നതിനുള്ള മലയാള പാഠശാലയുടെ പ്രതിമാസ വേദിയാണ് അക്ഷരമുറ്റം. അക്ഷരമുറ്റത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും അദ്ധ്യാപകനു മായ ചിക്കുസ് ശിവന്‍ നിര്‍വഹിച്ചു.

പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. ഉദ്ഘാടനത്തിന്റെ ഭാഗമായി ‘ചെറിയ കവിതകളുടെ വലിയ തമ്ബുരാന്‍ ‘ എന്ന വിഷയത്തില്‍ അധ്യാപികയായ ഗീത ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തി.

പത്രപാരായണം, പുസ്തക അവലോകനം, വ്യക്തിപരിചയം, സ്ഥലനാമ ചരിത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അടുത്ത മാസങ്ങളില്‍ നടത്തുന്ന അക്ഷരമുറ്റത്തില്‍ പാഠശാല വിദ്യാത്ഥികളോടൊപ്പം മറ്റ് കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.

Comments are closed.