DCBOOKS
Malayalam News Literature Website

‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍’ എന്ന നോവലിനെക്കുറിച്ച് പ്രിയ എ എസ് എഴുതുന്നു..

രണ്ടുമൂന്നു കൊല്ലമായി ഞാനീ കല്ലുരുട്ടാന്‍ തുടങ്ങിയിട്ട്. പലപ്പോഴും പേടി തോന്നിയിട്ടുണ്ട്. ഇതൊടുക്കമെന്തായിത്തീരുമെന്നോര്‍ത്ത്. എന്തൊരു ഭാരം എന്നു തളര്‍ന്നിട്ടുണ്ട് പലതവണ. പക്ഷേ, വേണ്ടെന്നുവയ്ക്കാം എന്നു തോന്നിയിട്ടില്ല ഒരിക്കലും. അതൊരു വാശിയായിരുന്നു. പല തരത്തില്‍പ്പെട്ടവര്‍ തന്ന വാശി. രണ്ടു തരത്തില്‍ വാശി പിടിപ്പിച്ചവരെക്കുറിച്ചു മാത്രം പറയാം.

തര്‍ജ്ജമയ്ക്കു വഴങ്ങാത്ത പുസ്തകം എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തിയവര്‍, അവരെ എനിക്കു മനസ്സിലാകും.പക്ഷേ, ‘അയ്യേ, ആ വൃത്തികെട്ട പുസ്തകമേ കണ്ടൊള്ളോ തര്‍ജ്ജമ ചെയ്യാന്‍’ എന്നു രോഷാകുലരായി എന്റെ വിയര്‍ത്തൊലിക്കലിനെ നേരിട്ടവര്‍, അവരെ എനിക്കു തീരെയും മനസ്സിലാകില്ല. അവരുടെ സദാചാരസംഹിതകളും എനിക്കു മനസ്സിലാവില്ല.എനിക്കിതു സങ്കടങ്ങളുടെ പുസ്തകമാണ്. സങ്കടങ്ങളുടെ ഈ പുസ്തകം മലയാളിക്കു മനസ്സിലാക്കിക്കൊടുത്തേ പറ്റൂ എന്ന എന്റെ വാശിയാണ് എന്നെക്കൊണ്ടീ കല്ല് ഉരുട്ടിച്ചത്. എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കാവുന്നവരുടെ ആഴംകാണാ സങ്കടങ്ങളുടെ ഒരു പുസ്തകം. എന്നെ സംബന്ധിച്ചിടത്തോളം ഇതിന്റെ ഓരോ അടരിലും സങ്കടമാണ്. പരിസ്ഥിതി, സമൂഹം, പാര്‍ട്ടി, വിപ്ലവം, മതം, ജാതി അതെല്ലാം ഇതിലെ സങ്കടങ്ങളിലെ ഓരോരോ ചേരുവകള്‍ മാത്രമാണ്.
വിധവകളും വിവാഹമോചിതകളും വെള്ളചുറ്റി കുഞ്ഞുങ്ങളെ വളര്‍ത്തി ഒച്ചയില്ലാത്ത നദിപോലെ ഒഴുകിപ്പോകുന്നതാണ് ശരി എന്നു പറഞ്ഞും പറയിപ്പിച്ചും കേട്ടും കേള്‍പ്പിച്ചും ഇന്നും നമ്മള്‍.ഞാനായിരുന്നു എന്റെ അമ്മയുടെ സ്ഥാനത്തെങ്കില്‍, ഞാനെന്തായിത്തീരുമായിരുന്നോ അതാണ് ഈ നോവലിലെ അമ്മു എന്ന് എവിടെയോ അരുന്ധതി.
ശരീരത്തെ കുഞ്ഞുങ്ങളെക്കൊണ്ടു മൂടിവയ്പിക്കുന്ന നമ്മള്‍. ശരീരവും സങ്കടവും ചേര്‍ന്ന് ചിലപ്പോഴൊക്കെ പ്രണയവും രതിയും മാറുക എന്ന വായന മലയാളിക്കിപ്പോഴും അസാദ്ധ്യം. അമ്മുവിന്റെ രതി മലയാളിക്ക് ദഹിക്കാത്തത് അതുകൊണ്ടാണ്. അതാവാം ഇതിനെ ചീത്തപുസ്തകമാക്കുന്ന ഒന്നാം കാര്യം. എസ്തയുടെയും റാഹേലിന്റെയും ഒരുമിക്കല്‍, ഇതാവാം ഇതിനെ ചീത്തപുസ്തകമാക്കുന്ന രണ്ടാം കാര്യം. ഒരു തീവണ്ടി അടര്‍ത്തിമാറ്റിയ രണ്ടുപേരുടെ വീണ്ടുമൊത്തുചേരലിലെ നിലയ്ക്കാത്ത കരച്ചിലാണ് റാഹേലിനത്, എന്നെന്നേക്കുമായി നഷ്ടപ്പെട്ട അമ്മയെ പരതലാണ് എസ്തയ്ക്കത്. അമര്‍ത്തിയൊതുക്കിപ്പിടിച്ചിട്ടും, ഒട്ടകപ്പക്ഷിയുടെ മുട്ടപോലെ സങ്കടം അവരുടെ തൊണ്ടകളില്‍ക്കൂടി നിശ്ശബ്ദമായി മുഴച്ചിറങ്ങുന്നത് കാണാതെ പോയ മലയാളി. മലയാളിയെക്കൊണ്ട് ഈ പുസ്തകം ഇഷ്ടപ്പെടുത്തുക എന്ന സാഹസത്തിന് ഒരുങ്ങിയതില്‍നിന്ന് പിന്‍മാറാതിരുന്നതിനു കാരണങ്ങളിങ്ങനെയൊക്കെ.

പലപ്പോഴും ഞാനിതു നോവലായി വായിക്കുകയല്ല, സിനിമയായി കാണുകയാണു ചെയ്തത് ‘എസ്ത മുഖവും കൈയും, കൈയും മുഖവും കഴുകി. അവന്റെ കണ്‍പീലികള്‍ നനഞ്ഞ്, തമ്മിലൊട്ടിനിന്നു.’ഓറഞ്ച്പാനീയനാരങ്ങാപ്പാനീയക്കാരന്‍ പച്ചമിഠായിക്കടലാസ് മടക്കി, മടക്കിലൂടെ തന്റെ നെയില്‍പോളിഷിട്ട തള്ളവിരലോടിച്ചു. പിന്നെ ചുരുട്ടിയ ഒരു മാസികകൊണ്ട് ഒരു ഈച്ചയെ അടിച്ചു. എന്നിട്ടതിനെ മെല്ലെ തോണ്ടി കൗണ്ടറിന്റെ വക്കത്തുനിന്ന് താഴെനിലത്തേക്കിട്ടു. അതു മലര്‍ന്നുവീണ് നേര്‍ത്ത കാലിട്ടടിച്ചു.’

ഓരോനിരപ്പുസ്തകങ്ങളുടെയും പുറകിലൊക്കെ തപ്പിത്തിരഞ്ഞ്, ഒളിഞ്ഞിരുന്ന ഓരോരോ വസ്തുക്കളെ പുറത്തുകൊണ്ടുവന്നു റാഹേല്‍. രണ്ട് കടല്‍ക്കക്കകള്‍, ഒന്നു മിനുസമുള്ളതും മറ്റൊന്നു കൂര്‍ത്തതും. കോണ്ടാക്റ്റ് ലെന്‍സ് സൂക്ഷിക്കുന്ന ഒരു പ്ലാസ്റ്റിക് കെയ്‌സ്. ഒരു ഓറഞ്ച് നിറ പിപ്പറ്റ്. ഒരു മുത്തുമാലയില്‍ ഒരു വെള്ളിക്കുരിശ്. ബേബിക്കൊച്ചമ്മയുടെ കൊന്ത.അവളതു വെളിച്ചത്തിനു നേരേ ഉയര്‍ത്തിപ്പിടിച്ചു.അപ്പോഴോരോ മുത്തും അതിന്റെ വിഹിതം വെയിലിനെ ആര്‍ത്തിയോടെ വിഴുങ്ങി. മുറിയുടെ നിലത്തു രൂപപ്പെട്ട ദീര്‍ഘചതുരാകൃതിയിലെ സൂര്യവെളിച്ചത്തുണ്ടില്‍ പെട്ടെന്ന് ഒരു നിഴല്‍ വീണു. അവള്‍ തന്റെ കൈയിലെ വെളിച്ചത്തിന്റെ മാലയുമായി വാതിലിനുനേരേ തിരിഞ്ഞു.
”വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ? ദാ, ഇതിപ്പോഴും ഉണ്ട് ഇവിടെത്തന്നെ. ഞാനതു കട്ടതാ, നിന്നെ അവര് തിരികെയയച്ചശേഷം.”
പലപ്പോഴും ഇങ്ങനെ സിനിമയെയാണ് വിവര്‍ത്തനം ചെയ്യേണ്ടി വന്നത്. അപ്പോഴൊക്കെ എനിക്കെന്റെ മലയാളം പോരാ എന്നുതന്നെ തോന്നി.
പിന്നെ സംഭാഷണങ്ങളില്‍ വരുത്തിയിട്ടുള്ള കോട്ടയം മലയാളം, അത് എന്റെ ഒരു കുസൃതിയാണ്. രവി ഡി സി യും അരുന്ധതിയും തനി കോട്ടയം ക്രിസ്ത്യന്‍ മലയാളത്തില്‍ സംസാരിക്കുന്നതു കേട്ടിരുന്നപ്പോള്‍ മനസ്സില്‍ കയറിപ്പറ്റിയ ഒരു കുസൃതി. ‘വിത് ലവ് ആന്റ് ഹോപ്പിങ് ഫോര്‍ എ ബ്യൂട്ടിഫുള്‍ ട്രാന്‍സലേഷന്‍’ എന്ന് അരുന്ധതി ഒപ്പിട്ടുതന്ന ‘The Shape of the Beast’ എന്ന പുസ്തകം എന്റെ മുന്നില്‍. പക്ഷേ, എനിക്ക് അവകാശവാദങ്ങളൊന്നുമില്ല.
എനിക്കിത്ര മലയാളമേ അറിയൂ, ഇത്ര ഇംഗ്‌ളിഷേ അറിയൂ എന്ന് ഒരേറ്റുപറച്ചില്‍ ആദ്യമേതന്നെ. പക്ഷേ, ചില ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍, അവ എന്റെ കണ്ണീരുപ്പുവീണ് നനഞ്ഞിട്ടുണ്ട്. മദ്രാസ്‌മെയില്‍ എസ്തയെ കൊണ്ടുപോകുമ്പോള്‍, അമ്മു മരിക്കുമ്പോള്‍, അമ്മു ചാരമാകുമ്പോള്‍, കര്‍ണ്ണന്‍ കരയുമ്പോള്‍ ഒക്കെ ഞാന്‍ ഒച്ചയില്ലാതെ കരയുകയായിരുന്നു. എസ്തയും റാഹേലും എന്നെ എപ്പോഴൊക്കെയോ അമ്മുവാക്കി.
കര്‍മ്മംകൊണ്ടും വാക്കുകൊണ്ടും നോക്കുകൊണ്ടും എന്റെയീ കല്ലുരുട്ടലിന് തുണ നിന്ന ഒരാളേയുള്ളൂ. സോഫിമോള്‍ മരിച്ചതറിഞ്ഞ് വിറയ്ക്കുന്ന താടിയോടെ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പിന്നെ തേങ്ങിക്കരച്ചിലായ എന്റെ കുഞ്ഞുമകന്‍. അവരുടെ തുപ്പല്‍ക്കുമിള ലോകം, തോണിചുമക്കല്‍ അതൊക്കെ പറഞ്ഞ് ഞാനവനെ രസിപ്പിച്ചിട്ടുണ്ടെങ്കിലും അവനായുള്ള എന്റെ സമയത്തിന്റെ ഒരുപാടുഭാഗം ഈ വിവര്‍ത്തനത്താളുകള്‍ ക്രൂരമായി അപഹരിച്ചിട്ടുണ്ട്. എന്റെ കല്ലുരുട്ടലിനിടയ്ക്ക് ഒരുപാടു ചീളുകള്‍ ആ കുഞ്ഞുദേഹത്ത് വീണിട്ടുമുണ്ട്. അവന്‍ പറയുന്നത്, സോഫിമോള്‍ മരിച്ചിട്ടില്ല, അരുന്ധതിയമ്മ അങ്ങനൊക്കെ കഥയിലെഴുതിയെന്നേയുള്ളൂ, സോഫിമോളിപ്പോ ഒരു വലിയ വക്കീലാണ് ദൂരെ ഒരിടത്ത് എന്നാണ്. എസ്തയും റാഹേലും കണ്ടുപിടിച്ചതുപോലെ ഒരു ഉറുമ്പന്‍കഥ! അവനെനിക്ക് എസ്തയുടെയും റാഹേലിന്റെയും പടം വരച്ചു തന്നു. വിവര്‍ത്തനലോകത്തുനിന്ന് ഞാന്‍ മാറിപ്പോകുമ്പോള്‍, വെളുത്ത ഇക്കിളിയിട്ട കഥ പറയമ്മേ, എസ്ത കൊച്ചുമറിയയെ കളിയാക്കി കിടക്കേലേക്കു വീഴണത് പറയമ്മേ എന്നെല്ലാം പറഞ്ഞ് വീണ്ടുമീ പുസ്തകത്തിലേക്കു പിടിച്ചിട്ടു. എന്റെ കുഞ്ഞുണ്ണിയുറുമ്പിനു ഞാനീ പുസ്തകം സമര്‍പ്പിക്കുന്നു.
ദൈവം പറഞ്ഞുവിട്ടതുപോലെ വന്ന് ഈ പുസ്തകം തിരുത്തിയും മിനുക്കിയും തന്ന ഐ. ഷണ്മുഖദാസ്‌സാറിന് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല. ഈ പുസ്തകത്തെ ഇങ്ങനെ സ്‌നേഹിക്കുന്ന ഒരാള്‍ ഈ ഭൂമി മലയാളത്തിലില്ല എന്നു തീര്‍ച്ച. സാറിനോടു നന്ദി പറയാന്‍ തക്ക നന്ദി നിറഞ്ഞ ഒറ്റവാക്കും എന്റെയീ കൊച്ചുമലയാളത്തിലില്ല. സ്വയംമറന്ന്, മറ്റുള്ളവരെ സഹായിക്കാന്‍ പാകത്തില്‍ നടപ്പായ ഒരാളുടെ ഹൃദയമിടിപ്പ് കേള്‍ക്കാനായതിന്റെ ആശ്വാസം ഞാന്‍ എല്ലാക്കാലത്തേക്കുമായി ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്നു.
ഥിങ്‌സ് ക്യാന്‍ ചെയ്ഞ്ച് ഇന്‍ വണ്‍ ഡേ എന്നു പണ്ടേക്കുപണ്ടേ അറിയുന്ന ആപ്തവാക്യം മനസ്സില്‍ വീണ്ടും വീണ്ടും അതിന്റെ എല്ലാ അര്‍ത്ഥവ്യാപ്തിയോടെയും ഉറപ്പിച്ചുതന്നതിന്, ജീവിതം അടര്‍ന്നുവീഴുമ്പോളും എഴുേന്നറ്റുനില്ക്കാന്‍ ഇത്തരം ചില വാചകങ്ങളിലൂടെ ത്രാണി തരുന്നതിന് അരുന്ധതിക്കും എന്റെ നന്ദി.
എന്റെ എല്ലാക്കാലത്തെയും തണല്‍പ്പച്ചയായ അച്ഛനും അമ്മയും, അവര്‍ കിളിര്‍പ്പിച്ചു തന്നതാണ് എന്റെ മലയാളമത്രയും എന്നു പറഞ്ഞുകൊണ്ട്, ഭാരത് മാതാ കോളേജിലെ ഒരിംഗ്‌ളിഷ് ക്ലാസില്‍ വച്ച് എന്നെ കണ്ടെടുത്തതിന് ഫാദര്‍ തനയനെയും നിറയെ പ്രോത്സാഹനം തന്ന ലീലാവതിടീച്ചറിനെയും ജയശ്രീസുകുമാരന്‍മിസ്സിനെയും മധുകര്‍ റാവു സാറിനെയും പ്രണമിച്ചുകൊണ്ട്
എന്റെ പ്രിയമലയാളത്തിന് ഈ പുസ്തകസാഹസം. ഇംഗ്‌ളിഷില്‍ എഴുതിയാല്‍ മുന്നോട്ടും പിന്നോട്ടും ഒരേപോലെ വായിക്കാവുന്ന മലയാളത്തിന് (MALAYALAM)സ്‌നേഹപൂര്‍വ്വം ഞാനീ പുസ്തകം വച്ചുനീട്ടുന്നത്, ഈ പുസ്തകം മുന്നോട്ടും പിന്നെ എസ്തയും റാഹേലും ചെയ്യുന്നപോലെ പിന്നോട്ടും വായിക്കണം എന്ന ഒരപേക്ഷയോടെയാണ്. ഒരുപക്ഷേ ഒരുപാടുതവണ വായിക്കേണ്ടി വന്നേക്കാം. പക്ഷേ, ഒരിക്കലും ഒരേ ലോകമല്ല കിട്ടുക എന്നു ഞാനുറപ്പു പറയാം. സങ്കടങ്ങളുടെ പുസ്തകമാണിത് എന്ന് അപ്പോള്‍ മനസ്സിലാകും. സങ്കടങ്ങളില്‍ത്തന്നെ എന്തുമാത്രം വൈവിദ്ധ്യമുണ്ടെന്നും.

 

Comments are closed.